പാലക്കാട് ജില്ലയിൽ അഞ്ചു പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7 ആയി. കഴിഞ്ഞ ദിവസം രോഗബാധ കണ്ടെത്തിയ പാലക്കാട് ജില്ലക്കാരായ മൂന്ന് പേരും മലപ്പുറം ഒതുക്കുങ്ങൽ സ്വദേശിയും ഉത്തർപ്രദേശ് സ്വദേശിയും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ജില്ലയിൽ ഇതുവരെ 13 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഒരാഴ്ചത്തെ ഇടവേളക്കു ശേഷമാണ് പാലക്കാട് ജില്ലയിൽ വീണ്ടും കൊവിഡ് – 19 രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്.
എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ വിളയൂർ സ്വദേശി, സേലത്ത് ലോറി ഡ്രൈവറായ കുഴൽമന്ദം സ്വദേശി, കാവിൽപ്പാട് സ്വദേശി, കഞ്ചിക്കോട് ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശി, ചെന്നൈയിൽ നിന്ന് പാലക്കാടെത്തിയ മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി എന്നിവർക്കാണ് കൊവിഡ് – 19 സ്ഥിരീകരിച്ചത്.
അഞ്ചു പേരും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വിളയൂർ സ്വദേശിയായ വിദ്യാർത്ഥിയെ പനിയെ തുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശ്രവം പരിശോധനയ്ക്കയക്കുകയായിരുന്നു.
കഴിഞ്ഞദിവസം ന്യൂമോണിയ ബാധയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ വച്ച് ഇയാളുടെ അമ്മ മരിച്ചിരുന്നു. എന്നാൽ ഇവരുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവാണ്. കുഴൽമന്ദം സ്വദേശി സേലത്ത് നിന്ന് പാലക്കാടേക്ക് സാധനങ്ങൾ കയറ്റി വരുന്ന ലോറിയിലെ ഡ്രൈവറാണ്.
പനിയും ശരീരവേദനയുമുൾപ്പെടെ രോഗ ലക്ഷണങ്ങളുള്ളതിനെ തുടർന്നാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷാർജയിൽ നിന്നും മാർച്ച് 15ന് നാട്ടിലെത്തിയതാണ് 42 വയസ്സുകാരനായ കാവിൽപ്പാട് സ്വദേശി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
നിരീക്ഷണ കാലയളവ് കഴിഞ്ഞ് വയറിളക്കവും പനിയുമുള്ളതിനാൽ ഞായറാഴ്ച ജില്ലാ ആശുപത്രിയിലെത്തിച്ച് സാമ്പിൾ പരിശോധനക്കയക്കുകയായിരുന്നു. കഞ്ചിക്കോട് ഒരു ഹാർഡ് വെയർ യൂണിറ്റിൽ പ്രവർത്തിക്കുന്ന 18 കാരനായ ഉത്തർപ്രദേശ് സ്വദേശി ഫെബ്രുവരി 21 നാണു നാട്ടിൽ നിന്നുമെത്തിയത്.
രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ദിവസം മുമ്പ് ജില്ലാ ആശുപത്രിലെത്തിച്ചു. ഇയാളുടെ കൂടെയുള്ള 5 ഉത്തർപ്രദേശ് സ്വദേശികളുടെ സാമ്പിൾ പരിശോധനക്കയക്കും.
ചെന്നൈയിൽ നിന്ന് വിവിധ വാഹനങ്ങളിൽ കയറി മലപ്പുറത്ത് പോവാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ മാസം 18 നാണ് ഒതുക്കുങ്ങൽ സ്വദേശിയെ പോലീസ് പിടികൂടി മാങ്ങോട് കൊവിഡ് കെയർ സെൻ്ററിലെത്തിക്കുകയായിരുന്നു.
ഇവരുടെ സഞ്ചാര പാതയും സമ്പർക്ക പട്ടികയും തയ്യാറാക്കി തുടർ നടപടികൾ സ്വീകരിക്കും. മാർച്ച് 25 ന് രോഗം സ്ഥിരീകരിച്ച കോട്ടോപ്പാടം സ്വദേശിയുടെയും, ഈ മാസം 13ന് രോഗം സ്ഥിരീകരിച്ച ചാലിശ്ശേരി സ്വദേശിയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയിൽ ആദ്യമായാണ് ഇത്രയും പേർക്ക് ഒരു ദിവസം രോഗബാധ സ്ഥിരീകരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.