ദൈവങ്ങളെന്നും മാലാഖമാരെന്നുമുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറത്ത് അവശേഷിക്കുന്നത് കല്ലുകളും വടികളും വേദനയുമാണ്; ഡോ. സൈമണിന്റെ മൃതശരീരം നേരിട്ട അപമാനം

തിരുവനന്തപുരം: കൊറോണ ബാധിച്ച് മരിച്ച ഡോ. സൈമണിന്റെ മൃതശരീരത്തിന് നേരിട്ട അപമാനത്തെ കുറിച്ച് ഡോ. സുനില്‍ പി.കെ.

ഡോ. സൈമണ്‍ അദ്ദേഹത്തിന്റെ ജീവിതകാലത്ത് നൂറു കണക്കിന് മനുഷ്യരെയാണ് ചികിത്സിക്കുകയും സഹായിക്കുകയും ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ മനുഷ്യത്വത്തെ ഒപ്പമുണ്ടായിരുന്ന മനുഷ്യര്‍ എടുത്ത് പറയുന്നു. പക്ഷെ മരണത്തിന് ശേഷം ഡോ. സൈമണിന്റെ ആ ആത്മാഭിമാനം നിഷേധിച്ചതാവട്ടെ അദ്ദേഹം സേവന പ്രവര്‍ത്തനം നടത്തിയ നഗരത്തിലെ മനുഷ്യര്‍ തന്നെ. അദ്ദേഹത്തിന്റെ മൃതശരീരം സംസ്‌കരിച്ചാല്‍ കൊവിഡ് ബാധിക്കുമെന്ന ഭയത്താല്‍ ശ്മശാനങ്ങളില്‍ അടക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് ജനക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു.

സുനില്‍ പി.കെയുടെ കുറിപ്പ് വായിക്കാം:

അത്ര ദൂരെയൊന്നുമല്ല.
നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ് നാട്ടില്‍ ..
ഇന്നലെ നടന്നത്!

കോവിഡ് ബാധ മൂലം മരണമടഞ്ഞ 55 കാരനായ ന്യൂറോ സര്‍ജന്‍ ഡോ.സൈമണിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി ചെന്നൈ കോര്‍പ്പറേഷന്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോയതാണ്.

അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരുമടക്കം കുറച്ച് പേര്‍ മാത്രമേ മൃതദേഹത്തെ അനുഗമിച്ചിരുന്നുള്ളൂ. അവിടെ ചെന്നപ്പോഴേക്കും കഥ മാറി. പരിസരവാസികളടക്കം ഇരുനൂറോളം പേര്‍ സംഘടിച്ചെത്തി. പോലിസ് സ്ഥലത്തുണ്ടായിരുന്നിട്ടും പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് അണ്ണാനഗറിലെ ശ്മശാനത്തിലേക്ക് പോകേണ്ടി വന്നു.

അവിടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമായിരുന്നു..
പ്രതിഷേധക്കാര്‍ 50 – 60 പേര്‍ മാത്രം. പക്ഷേ അവരെല്ലാം ചേര്‍ന്ന് കല്ലെറിഞ്ഞും വടിയെടുത്ത് ആക്രമിച്ചും ആശുപത്രി സ്റ്റാഫ് അടക്കമുള്ളവരെ ആക്രമിച്ചു. ആംബുലന്‍സ് ഡ്രൈവന്മാര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സിന്റെ വിന്‍ഡ് ഗ്ലാസുകള്‍ തകര്‍ന്നു.

ജീവനും കൊണ്ടോടി അവര്‍ അവിടെ നിന്നും. സമയം രാത്രി പതിനൊന്നര. പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് മുഖത്ത് മൂന്നാല് തുന്നല്‍ വീതം ഇടേണ്ടി വന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസ് ബന്തവസില്‍ മൃതദേഹം സംസ്‌കരിക്കാന്‍ ഏര്‍പ്പാടാക്കിയപ്പോള്‍ ഓടിക്കാന്‍ ആംബുലന്‍സ് ഡ്രൈവറില്ല. പരിക്ക് പറ്റാത്ത, ഓടിക്കാന്‍ ശേഷിയുള്ള ഒരാള്‍ വേണമല്ലോ!

വണ്ടി ഓടിക്കാനറിഞ്ഞാല്‍ മാത്രം പോര. വ്യക്തിഗത സുരക്ഷാ ഉപാധികള്‍ ശരിയായി ഉപയോഗിക്കാനും അറിയുന്ന ആളാവണം.
ഒടുവില്‍ ആംബുലന്‍സ് ഓടിച്ചത് മരിച്ച സൈമണ്‍ ഡോക്ടറിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഡോ.പ്രദീപ് കുമാര്‍. അദ്ദേഹം അതേ ആശുപത്രിയിലെ ആര്‍ത്രോസ്‌കോപിക് സര്‍ജനാണ്. ഒടുവില്‍ രാത്രി ഒന്നരയോടെ മൃതദേഹം സംസ്‌കരിച്ചു.

മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററും ആത്മരക്ഷാര്‍ത്ഥം ഓടിപ്പോയതുകൊണ്ട് കയ്യില്‍ കിട്ടിയ മണ്‍വെട്ടിയെടുത്ത് സഹപ്രവര്‍ത്തകന്റെ അന്ത്യവിശ്രമത്തിനായി കുഴിയെടുത്തതും ഡോ.പ്രദീപ് കുമാറും ആശുപത്രിയിലെ ഒരു അറ്റന്ററും ചേര്‍ന്നാണ്. ഹൃദയം തകര്‍ന്ന് ഡോ.പ്രദീപ് കുമാര്‍ എഴുതിയ വരികള്‍ വായിക്കുമ്പോഴും ഇതു സംബന്ധിച്ച ഹിന്ദു വാര്‍ത്ത വായിക്കുമ്പോഴും പറഞ്ഞറിയിക്കാനാവാത്ത വേദനയും നിരാശയുമുണ്ട്.

ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കുന്ന ഒരു കോവിഡ് രോഗിയുടെ മൃതദേഹം രോഗം പരത്താന്‍ ഏറ്റവും സാധ്യത കുറഞ്ഞ ഒന്നാണ്.
വേണ്ടത്ര സുരക്ഷാ ഉപാധികളില്ലാതെ പേരിന് ഒരു ടൂ ലയര്‍ മാസ്‌ക് മാത്രം ധരിച്ച്, കോവിഡാണോ അല്ലയോ എന്നൊന്നും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത എത്രയെത്ര രോഗികളെ കാണേണ്ടി വരുന്നു ഡോക്ടര്‍മാരും നേഴ്‌സുമാരും അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്.

എന്നിട്ടും ഒടുക്കം അവര്‍ക്ക് ബാക്കിയാവുന്നതെന്താണ് ?
ദൈവങ്ങളെന്നും മാലാഖമാരെന്നുമുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറത്ത് അവശേഷിക്കുന്നത് ഈ കല്ലുകളും വടികളും വേദനയുമാണ്.

തീയിലേക്ക് പറന്നു വീണ് എരിഞ്ഞടങ്ങുന്ന ഈയാംപാറ്റകളെപ്പോലെ കോവിഡ് എന്ന മഹാമാരിയിലേക്ക് വീണൊടുങ്ങാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും പൊരുതാനിറങ്ങുകയാണ് ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍.
കൊറോണ വൈറസിനെതിരെ അവര്‍ പലപ്പോഴും നിരായുധരുമാണ്.

അവര്‍ക്ക് എതിരെ കൂര്‍ത്ത വാക്കുകളും ആയുധങ്ങളും പ്രയോഗിക്കാതിരിക്കാനുള്ള മനുഷ്യത്വമെങ്കിലും ഈ സമൂഹം ബാക്കി വെക്കേണ്ടതുണ്ട്.

ഡോ.സുനില്‍. പി.കെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News