കൊറോണ വൈറസ് സ്ഥിതിഗതികൾ മനസിലാക്കാനും സംസ്ഥാനത്തെ ലോക്ക്ഡൗൺ പ്രക്രിയ നിരീക്ഷിക്കാനുമായി ഉന്നത ഉദ്യോഗസ്ഥരുടെ കേന്ദ്ര സംഘം മുംബൈയിലെത്തി. 5,219 പോസിറ്റീവ് കേസുകളുള്ള രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് -19 കേസുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.
ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള സംഘം കോവിഡ് 19 ടെസ്റ്റിംഗ് സംവിധാനങ്ങൾ, ലോക് ഡൌൺ കൈകാര്യം ചെയ്യൽ, സപ്ലൈ ചെയിൻ പ്രശ്നങ്ങൾ തുടങ്ങിയവ നിരീക്ഷിക്കുന്നതിനായാണ് ന്യൂഡൽഹിയിൽ നിന്നെത്തിയത്.
കേന്ദ്ര സംഘം പുണെയിലെത്തിയും സ്ഥിതിഗതികൾ വിലയിരുത്തും. കോവിഡ് -19 സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നത് തുടങ്ങിയ കാര്യങ്ങളായിരിക്കും പ്രധാനമായും സംഘം വിലയിരുത്തുക.
നാഷണൽ കോവിഡ് ആക്ഷൻ പ്ലാൻ, ടെസ്റ്റിംഗ് സ്ട്രാറ്റജി, വലിയ പകർച്ചവ്യാധികൾക്കുള്ള നിയന്ത്രണ മാനദണ്ഡങ്ങൾ എന്നിവ അനുസരിച്ചായിരിക്കും റിപ്പോർട്ട് തയ്യാറാക്കി തന്ത്രങ്ങൾ നടപ്പിലാക്കുക.
മുംബൈയിലും പുണെയിലും പ്രാദേശിക ഭരണകൂടത്തിന്റെ ചുമതല കൂടാതെ ആശുപത്രിവൽക്കരണ സൗകര്യം, ലഭ്യമായ കിടക്കകൾ, കോവിഡ് -19 മാനേജ്മെന്റിനായി സമർപ്പിച്ചിരിക്കുന്ന ആശുപത്രികളുടെയും പരിചരണ കേന്ദ്രങ്ങളുടെയും എണ്ണം വർദ്ധിപ്പിക്കുക എന്നിവ കൂടി നിരീക്ഷണ പരിധിയിൽ ഉൾപ്പെടും.
മുംബൈയിലെ ഉദ്യോഗസ്ഥരെ ഏറ്റവും കൂടുതൽ ആശങ്കയിലാക്കുന്നത് വരുവാനിരിക്കുന്ന ജൂൺ മാസത്തിലെ മഴക്കാലമാണ്. ഇതിന് മുൻപ് തന്നെ രോഗത്തെ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ വെല്ലുവിളിയായിരിക്കും ആരോഗ്യ മേഖലയും കോർപ്പറേഷനും നേരിടുക.
മുംബൈയിലെ പ്രമുഖ ആശുപത്രികളടക്കം ചെറുതും വലുതുമായ നിരവധി ആശുപത്രികൾ അടച്ചുപൂട്ടുന്നതും സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം മറ്റൊരു ആശങ്കയാണ്. കൂടാതെ നഗരത്തിലെ 150 ഓളം ആരോഗ്യ പ്രവർത്തകരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.
Get real time update about this post categories directly on your device, subscribe now.