കണ്ണൂരിലെ ട്രിപ്പിൾ ലോക്ക്; നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾക്ക് മുന്നിൽ പോലീസ് പെട്രോളിംഗ്

കോവിഡ്‌ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിൽ ട്രിപ്പിൾ ലോക്ക് സുരക്ഷ. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾക്ക് മുന്നിൽ പോലീസ് പെട്രോളിംഗ് ഏർപ്പെടുത്തി.

ഹോട്ട് സ്പോട്ടുകൾ പൂർണമായും അടച്ചിട്ടു.പോലീസ് നടപടികൾക്ക് നേതൃത്വം നൽകാൻ ഐ ജി വിജയ് സാഖറെയും കണ്ണൂരിൽ എത്തി. കണ്ണൂരിൽ കോവിഡ്‌ പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് ട്രിപ്പിൾ ലോക്ക് പ്രഖ്യാപിച്ചത്.

ഇതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കർശനമാക്കി.ഹോട്ട് സ്പോട്ടുകൾ പൂർണമായും അടച്ചിട്ടു.അത്യാവശ്യ കാര്യങ്ങൾക്ക് ഒഴികെ ആർക്കും വീടിന് പുറത്തിറങ്ങാൻ അനുമതി ഇല്ല.മെഡിക്കൽ സ്റ്റോറുകൾക്ക് മാത്രം തുറന്ന് പ്രവർത്തിക്കാം.

അവശ്യ സാധനങ്ങളും മരുന്നുകളും കാൾ സെന്റർ വഴി തദ്ദേശ സ്ഥാപനങ്ങളും പോലീസും വീടുകളിൽ എത്തിക്കും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾക്ക് മുന്നിൽ പട്രോളിംഗ് ഏർപ്പെടുത്തിയതായി കണ്ണൂരിന്റെ ചുമതലയുള്ള ഐ ജി അശോക് യാദവ് പറഞ്ഞു.

എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും ഒരു എൻട്രി പോയിന്റ്,ഒരു എക്സിറ്റ് പോയിന്റ് എന്ന രീതിയിൽ ഗതാഗതം ക്രമീകരിച്ചു.

ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും വൈറസ് വ്യാപനം തടയാനുള്ള തീവ്ര പരിശ്രമത്തിലാണ്. മാർച്ച് 12 ന് ശേഷം ജില്ലയിൽ എത്തിയ മുഴുവൻ പ്രവാസികളുടെയും സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെയും സ്രവം പരിശോധനയ്ക്ക് അയക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here