കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്മാര്‍ക്ക് കൊറോണ: പത്തനംതിട്ടയില്‍ 62കാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: പത്തനംതിട്ടയില്‍ 45 ദിവസമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 62 കാരിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്.

കഴിഞ്ഞ ഇരുപതിന് നടത്തിയ സാമ്പിള്‍ പരിശോധനയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. 20ാമത്തെ തവണ നടത്തിയ ടെസ്റ്റിലാണ് ഫലം നെഗറ്റീവായത്. ഒരു പരിശോധനാ ഫലം കൂടി പുറത്തുവരാനുണ്ട്. അത് നെഗറ്റീവാണെങ്കില്‍ മാത്രമേ ഡിസ്ചാര്‍ജ് ചെയ്യാനാകുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

മാര്‍ച്ച് എട്ടിനാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

10ന് എടുത്ത സാമ്പിള്‍ 13ന് പോസ്റ്റീവായി വന്നു. പിന്നീട് ഒന്നിടവിട്ട ദിവസങ്ങളില്‍ സാമ്പിളുകള്‍ അയച്ചെങ്കിലും ഏപ്രില്‍ 2ന് വന്ന റിസള്‍ട്ട് മാത്രമാണ് നെഗറ്റീവായി വന്നത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത ഇവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഐസൊലേഷന്‍ മുറിയില്‍ കഴിയുകയാണ്.

അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

മാര്‍ച്ചില്‍ ഡല്‍ഹിയിലേക്ക് വിനോദയാത്രക്ക് പോയ ഇവര്‍ തിരിച്ചു വന്നത് നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായിരുന്ന ട്രെയിനിലാണ്. ഇവരുടെ പരിശോധന നടത്തിയ ആറ് മെഡിക്കല്‍ അധ്യാപകരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു.

പത്തംഗ സംഘമാണ് ദില്ലിയില്‍ വിനോദയാത്ര പോയത്. തിരിച്ചെത്തിയവരില്‍ ഒന്‍പതുപേര്‍ മെഡിക്കല്‍ കോളേജിന് സമീപമുള്ള ഒരു വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയായ സമയത്ത് നടത്തിയ പരിശോധനയിലാണ് ഒന്‍പത് പേരില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News