സന്ദേശങ്ങളും നടപടികളും മിന്നല്‍ വേഗത്തില്‍; രാത്രി വെളുത്തപ്പോള്‍ നിരീക്ഷണത്തിലായത് 17 പേര്‍

പാലക്കാട് ജില്ലയില്‍ ഏപ്രില്‍ 21ന് കോവിഡ്-19 സ്ഥിരീകരിച്ചയാളിനൊപ്പം യാത്ര ചെയ്ത യുവാവ് കോട്ടയത്ത് എത്തിയെന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ചത് അതിവേഗത്തില്‍.

തമിഴ്നാട്ടിലെ ഡിണ്ടിവനത്തുനിന്നും തണ്ണിമത്തനുമായി വന്ന ലോറിയിലുണ്ടായിരുന്ന രണ്ടു പേരില്‍ ഒരാള്‍ പാലക്കാട്ട് ഇറങ്ങുകയായിരുന്നു. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഒപ്പമുണ്ടായിരുന്ന യുവാവിനെ കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ചത്.

ഇന്നലെ(ഏപ്രില്‍ 21) കോട്ടയം മാര്‍ക്കറ്റിലെ കടയില്‍ ലോഡിറക്കിയശേഷം പാലക്കാട്ടേക്ക് പുറപ്പെട്ട ഇയാളെ യാത്രാ മധ്യേ രാത്രി 1.30ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് സാമ്പിളെടുത്തു. തുടര്‍ന്ന് ആംബുലന്‍സില്‍ പാലക്കാട് ജനറല്‍ ആശുപത്രിയിലേക്കയച്ച് ഐസോലേഷന്‍ വിഭാഗത്തിലാക്കി.

ലോഡ് എത്തിച്ച കോട്ടയം മാര്‍ക്കറ്റിലെ കടയില്‍ ഉടമയും ജീവനക്കാരും ലോഡിംഗ് തൊഴിലാളികളം ഉള്‍പ്പെടെ 17 പേരുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയതായി ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തി.

ഇന്നു രാവിലെ കടയുടമയെയും ലോഡിംഗ് തൊഴിലാളികളില്‍ ഒരാളെയും കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിച്ച് സാമ്പിളെടുത്തു. കട അടപ്പിക്കുകയും 17 പേർക്കും ഹോം ക്വാറന്‍റയിനില്‍ പോകാൻ നിര്‍ദേശം നല്‍കുകയും ചെയ്തു.

ഇവരില്‍ ആര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങളില്ല. സാമ്പിള്‍ പരിശോധനാ ഫലം നാളെ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News