കൊറോണ: യുഎസില്‍ മരണം ഫെബ്രുവരി 9ന് തുടങ്ങി; ഇറ്റലിയില്‍ മരണം 25000 കടന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നതിലും മൂന്നാഴ്ച മുമ്പേ ആദ്യ കോവിഡ് മരണം സംഭവിച്ചതായി വെളിപ്പെടുത്തല്‍. ഡിസംബര്‍ മുതല്‍ തന്നെ അമേരിക്കയില്‍ കോവിഡ് ഉണ്ടായിരുന്നതായും കൗണ്ടി അധികൃതര്‍ സംശയം പ്രകടിപ്പിച്ചു.

അമേരിക്കയില്‍ പകര്‍ച്ചപ്പനിയുടെ കാലമായിരുന്നതിനാലും രണ്ടിന്റെയും ലക്ഷണങ്ങള്‍ സമാനമായതിനാലും ശ്രദ്ധിക്കപ്പെടാതെപോയതാണെന്ന് വിദഗ്ധര്‍ പറയുന്നു.

സിലിക്കണ്‍വാലിയിലെ സാന്റാക്ലാര കൗണ്ടിയില്‍ ഫെബ്രുവരി ആറിനും 17നും മാര്‍ച്ച് ആറിനും ഓരോരുത്തര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ഡോക്ടര്‍ കൂടിയായ കൗണ്ടി സര്‍ക്കാരിന്റെ ചീഫ് എക്സിക്യൂട്ടീവ് ജെഫ് സ്മിത്ത് അറിയിച്ചു. ഫെബ്രുവരി 29ന് വാഷിങ്ടണിലാണ് അമേരിക്കയിലെ ആദ്യ കോവിഡ് മരണം എന്നായിരുന്നു ഇതുവരെ റിപ്പോര്‍ട്ട്.

സിലിക്കണ്‍വാലിയില്‍ മാര്‍ച്ച് ഒമ്പതിനാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതിനു മുമ്പ് കുറഞ്ഞത് മൂന്നുപേരെങ്കിലും കോവിഡ് ബാധിച്ച് വീടുകളില്‍ മരിച്ചതായി സാന്റാക്ലാര കൗണ്ടി മെഡിക്കല്‍ എക്സാമിനര്‍ വെളിപ്പെടുത്തി. പരിശോധനാസൗകര്യം പരിമിതമായിരുന്നതിനാലാണ് അറിയാതെ പോയതെന്ന് ഡോ. സ്മിത്ത് പറഞ്ഞു. അമേരിക്കയില്‍ മരണസംഖ്യ ഔദ്യോഗികമായി നാല്‍പ്പത്തേഴായിരത്തോളമായി.

മരണത്തില്‍ രണ്ടാമതുള്ള ഇറ്റലിയില്‍ സംഖ്യ കാല്‍ലക്ഷം കടന്നു. സ്പെയിനിലും രണ്ട് ദിവസമായി മരണസംഖ്യയില്‍ വീണ്ടും ചെറിയ വര്‍ധനയുണ്ട്. 435 പേര്‍കൂടി മരിച്ചതോടെ ആകെ 21717 ആയി. ബ്രിട്ടനില്‍ 763 പേര്‍കൂടി മരിച്ചപ്പോള്‍ മരണസംഖ്യ 18100 ആയി.

ഫ്രാന്‍സിലും മരണസംഖ്യ 21000 കടന്നു. ജര്‍മനിയില്‍ മരണസംഖ്യ അയ്യായിരം കടന്നു. 4632 പേര്‍ മരിച്ച ചൈനയില്‍ ബുധനാഴ്ചയും പുതിയ മരണമില്ല. ഇറാനില്‍ 94 പേര്‍കൂടി മരിച്ചപ്പോള്‍ ആകെ 5391 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News