10 ശതമാനം ജിയോ ഓഹരി സ്വന്തമാക്കി ഫെയ്സ്ബുക്ക്; സാങ്കേതിക മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശനിക്ഷേപം

ഇന്ത്യന്‍ മൊബൈല്‍ സേവനദാതാവായ ജിയോയില്‍ 10 ശതമാനം ഓഹരി സ്വന്തമാക്കി ഫെയ്സ്ബുക്ക്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡില്‍ 570 കോടി ഡോളര്‍ (43,574 കോടി രൂപ) നിക്ഷേപം നടത്തിയതായി ഫെയ്സ്ബുക്ക് അറിയിച്ചു.

നിക്ഷേപം 9.99 ശതമാനം ഓഹരിയായി മാറുമെന്ന് റിലയന്‍സും വ്യക്തമാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പൂര്‍ണനിയന്ത്രണത്തിലുള്ള ഡിജിറ്റല്‍ കമ്പനിയാണ് ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ്.

രാജ്യത്തെ സാങ്കേതിക മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശനിക്ഷേപമാണ് (എഫ്ഡിഐ) ഇത്. ലോകത്ത് ഒരു ടെക്നോളജി കമ്പനി ന്യൂനപക്ഷ ഓഹരിക്കായി ഇത്രയുംവലിയ തുക മുടക്കുന്നത് ആദ്യമാണെന്ന് റിലയന്‍സ് അവകാശപ്പെട്ടു.

ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന് 4.6 ലക്ഷം കോടിയുടെ റെക്കോഡ് മൂല്യം മതിച്ചാണ് ഫെയ്സ്ബുക്ക് നിക്ഷേപം. വാര്‍ത്ത വന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിവിപണിയില്‍ 10 ശതമാനം നേട്ടമുണ്ടാക്കി.

‘ജിയോ മാര്‍ട്ട്’ വാട്സാപ്പിലൂടെ പ്രോത്സാഹിപ്പിക്കും

റിലയന്‍സ് റീട്ടെയില്‍സിന്റെ പുതിയ സംരംഭമായ ‘ജിയോ മാര്‍ട്ട്’ വാട്സാപ്പിലൂടെ പ്രോത്സാഹിപ്പിക്കുന്ന കരാറിലും ഒപ്പുവച്ചു. രാജ്യത്തെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ‘ജിയോ മാര്‍ട്ട്’.

മൂന്നുകോടിയിലധികം വ്യാപാരികള്‍ ഇതിന്റെ ഭാഗമാകും. വമ്പിച്ച കടഭാരം ലഘൂകരിക്കാന്‍ ഫെയ്സ്ബുക്കുമായുള്ള ചങ്ങാത്തം സഹായകമാകുമെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കണക്കുകൂട്ടല്‍.

8 കോടി ഉപയോക്താക്കളുള്ള ജിയോയില്‍ ഫെയ്സ്ബുക്ക് ഓഹരി സ്വന്തമാക്കുമ്പോള്‍ ഡാറ്റാ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരു കമ്പനികളും എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യം സവിശേഷശ്രദ്ധ അര്‍ഹിക്കുന്നതായി വിദഗ്ധര്‍ പറഞ്ഞു.

ഇപ്പോള്‍ത്തന്നെ വലിയ പ്രതിസന്ധിയിലായ രാജ്യത്തെ മറ്റ് ടെലികോം കമ്പനികള്‍ക്ക് ഫെയ്സ്ബുക്കും ജിയോയുമായുള്ള ചങ്ങാത്ത കരാര്‍ തിരിച്ചടിയായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News