‘നമുക്ക് വേണ്ടത് ശാസ്ത്രീയബോധത്തിന്റെ കേരള മോഡല്‍; വര്‍ഗീയതയുടെ ഗുജറാത്ത് മോഡലല്ല’; രാമചന്ദ്ര ഗുഹ

കോവിഡ് 19 പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളും സ്വീകരിച്ച മാര്‍ഗങ്ങളും വീണ്ടും ചര്‍ച്ചയാകുകയാണ്. ശാസ്ത്രീയബോധത്തിന്റെ കേരള മാതൃകയാണ് നമുക്ക് വേണ്ടതെന്നും അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പോലും വിശദീകരിക്കാന്‍ കഴിയാത്ത ഗുജറാത്ത് മോഡലല്ലെന്നുമായ വാദവുമായാണ് വിഖ്യാത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ രംഗത്തെത്തിയിരിക്കുന്നത്.

കേരള മോഡല്‍ എന്ന പ്രയോഗവും ഗുജറാത്ത് മോഡലും ഏത് ഘട്ടത്തിലാണ് ഉണ്ടായതെന്ന് സംബന്ധിച്ച് വിശദീകരിച്ചുകൊണ്ടാണ് എന്തുകൊണ്ട് കേരള മോഡല്‍ എന്ന നിഗമനത്തിലേക്ക് അദ്ദേഹം എത്തുന്നത്. എന്‍ഡിടിവിയുടെ വെബ്സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്.

വര്‍ഗീയതയിലും അന്ധവിശ്വാസത്തിലും അധികാര കേന്ദ്രീകരണത്തിലുമാണ് ഗുജറാത്ത് മാതൃക നിലനില്‍ക്കുന്നതെന്നും കേരള മാതൃകയാവട്ടെ ശാസ്ത്രീയ ബോധത്തിലും സുതാര്യതയിലും സാമൂഹ്യ സമത്വത്തിലും, വികേന്ദ്രീകരണത്തിലുമാണെന്നും ഗുഹ ചൂണ്ടിക്കാട്ടുന്നു.

1970 കളില്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സറ്റഡീസിലെ സാമ്പത്തിക വിദഗ്ദരാണ് കേരള മാതൃകയെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ നടത്തിയതെങ്കില്‍ കഴിഞ്ഞ ദശ്ബാദത്തിന്റെ ഒടുവില്‍ നരേന്ദ്രമോഡിയാണ് ഗുജറാത്ത് മോഡലിനെക്കുറിച്ച് സംസാരിച്ചതെന്ന് ഗുഹ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അതെന്താണെന്ന് സംബന്ധിച്ച കൃത്യമായ നിര്‍വചനം നരേന്ദ്രമോഡിക്ക് നല്‍കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജനസംഖ്യാ സൂചികകളിലും സ്ത്രീകകള്‍ ഉള്‍പ്പെടെയുളളവരുടെ വിദ്യാഭ്യാസ രംഗത്തും ഉണ്ടാക്കിയ നേട്ടമാണ് കേരള മോഡലിന്റെ സവിശേഷത. സ്വകാര്യ മൂലധനത്തിന് കിട്ടിയ പ്രാമുഖ്യമാണ് ഗുജറാത്ത് മോഡലിന്റെ പ്രത്യേകതയായി പറയുന്നത്. ഇതുവഴിയാണ് വന്‍കിട വ്യവസായികളുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ കഴിഞ്ഞതെന്നും ഗുഹ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മതന്യൂനപക്ഷങ്ങള്‍ ഗുജറാത്ത് മോഡലില്‍നിന്ന് മാറ്റി നിര്‍ത്തപ്പെട്ട കാര്യം മോദി ഉള്‍പ്പെടെയുള്ളവര്‍ പറയാത്തതാണെന്നും ഗുഹ തന്റെ ലേഖനത്തില്‍ വിശദീകരിക്കുന്നു. രാഷ്ട്രീയത്തിന്റെ വര്‍ഗീയ വല്‍ക്കരണവും ഇതിന്റെ പ്രത്യേകതയാണ്.

വിദ്യഭ്യാസ മേഖലയിലും സാമൂഹ്യ മേഖലയിലും കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് കേരളത്തിന് കോവിഡിനെ നേരിടാന്‍ കഴിഞ്ഞത്. കേരളത്തിന്റെ രാഷ്ട്രീയ സംസ്‌ക്കാരവും ഇതിന് പ്രയോജനം ചെയ്തുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

പല പരിമിതികളുമുണ്ടെങ്കിലും കേരളത്തിന് നിരവധി കാര്യങ്ങളില്‍ മറ്റുള്ളവരെ പഠിപ്പിക്കാനുണ്ട്. അവരുടെ നേട്ടങ്ങളെക്കുറിച്ച് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ചര്‍ച്ച ഉണ്ടായില്ല. ഇപ്പോള്‍ അത് രാജ്യത്തെ ആവേശം കൊള്ളിക്കുന്നു. ശാസ്ത്രീയ ബോധം, സുതാര്യത, വികേന്ദ്രീകരണം,

സാമുഹ്യ സമത്വം എന്നിവയില്‍ അധിഷ്ഠിതമാണ് കേരള മാതൃക. എന്നാല്‍ ഗുജറാത്ത് മാതൃകയാവട്ടെ, അന്ധവിശ്വാസത്തിലും രഹസ്യാത്മതകയിലും കേന്ദ്രീകരണത്തിലും വര്‍ഗീയതയിലും അധിഷ്ഠിതമാണ്. ഞങ്ങള്‍ക്ക് കേരള മാതൃക തരൂ എന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News