കൊറോണ രോഗികളുടെ രക്തത്തില്‍ അസാധാരണമായ മാറ്റങ്ങള്‍; വിവിധ അവയവങ്ങളില്‍ രക്തം കട്ടപിടിക്കുന്നത് വെല്ലുവിളി; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

ന്യൂയോര്‍ക്ക്: കൊറോണ രോഗികളുടെ വൃക്കയിലും ശ്വാസകോശത്തിലും തലച്ചോറിലും രക്തം കട്ടപിടിക്കുന്നത് ഏറെ വെല്ലുവിളിയാണെന്നും രോഗികളുടെ രക്തത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ കണ്ടുവരുന്നതായും കണ്ടെത്തി അമേരിക്കയിലെ ഡോക്ടര്‍മാര്‍.

രക്തത്തിലെ ഈ അസാധാരണമായ മാറ്റം ആരോഗ്യനില വഷളാകാന്‍ കാരണമാകുന്നുണ്ട്. ഇതുമൂലം ആരോഗ്യമുളള യുവാക്കള്‍ക്ക് പോലും ചെറുത്തുനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന ആശങ്കയും ഡോക്ടര്‍മാര്‍ പങ്കുവെച്ചു.

ചില രോഗികളില്‍ രക്തം കട്ടപിടിക്കുന്നത് കാരണം ഡയാലിസിസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. രക്തം കട്ടപിടിക്കുന്നത് മൂലം ഡയാലിസിസ് കത്തീറ്ററുകള്‍ ബ്ലോക്കാവുന്നത് രോഗികള്‍ക്ക് വെല്ലുവിളിയാണെന്ന് വൃക്കരോഗ വിദഗ്ധര്‍ പറയുന്നു.

സമാനമായ കാരണങ്ങളാല്‍ ചില രോഗികളുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗത്ത് ഒറ്റപ്പെട്ട സമയങ്ങളില്‍ രക്തയോട്ടം നിലച്ചതായും കണ്ടെത്തിയിട്ടുണ്ട്. ചിലസമയങ്ങളില്‍ കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച ചെറുപ്പക്കാരില്‍ കുറഞ്ഞപക്ഷം പകുതിയിലധികം പേരിലും സ്ട്രോക്ക് കണ്ടുവരുന്നതായി ന്യൂറോസര്‍ജന്‍മാര്‍ പറയുന്നു.

കൊറോണ വൈറസ് മറ്റു രോഗങ്ങള്‍ക്കും കാരണമാകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. രോഗലക്ഷണമായി സ്ട്രോക്ക് കണ്ടുവരുന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. ഇതോടെ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനുളള മരുന്നും രോഗികള്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതമായെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

മാര്‍ച്ച് പകുതി മുതലുളള മൂന്നാഴ്ച കാലയളവില്‍ 32 കോവിഡ് രോഗികളിലാണ് സ്ട്രോക്ക് കണ്ടെത്തിയത്. എല്ലാവരും 49 വയസ്സില്‍ താഴെയാണ്. ഇവര്‍ക്ക് ആര്‍ക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News