ഇന്ന് 10 പേര്‍ക്ക് കൊറോണ: 8 പേര്‍ രോഗമുക്തരായി; സാമൂഹ്യവ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി; നാലു ജില്ലകള്‍ റെഡ് സോണില്‍ തുടരും; മറ്റ് ജില്ലകള്‍ ഓറഞ്ച് സോണില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇടുക്കിയില്‍ നാലു പേര്‍ക്കും കോഴിക്കോട്, കോട്ടയം ജില്ലകളില്‍ രണ്ടു പേര്‍ വീതവും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച 10 പേരില്‍ നാലുപേര്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. രണ്ടുപേര്‍ വിദേശത്തു നിന്നെത്തിയവരാണ്. നാലുപേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

എട്ടു പേര്‍ ഇന്ന് രോഗമുക്തരായെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസര്‍ഗോഡ് ആറു, മലപ്പുറം, കണ്ണൂര്‍ ഒന്ന് വീതം കേസുകളാണ് നെഗറ്റീവായത്.

129 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 23,976 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 23,439 പേര്‍ വീടുകളിലും 437 ആശുപത്രികളിലുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കണ്ണൂരില്‍ 2,592 പേര്‍ നിരീക്ഷണത്തിലുണ്ട്. കാസര്‍ഗോഡ് 3,126 പേരും കോഴിക്കോട് 2,770 പേരും മലപ്പുറത്ത് 2,465 പേരും നിരീക്ഷണത്തിലുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ് സോണില്‍ തുടരും. മറ്റ് ജില്ലകള്‍ ഓറഞ്ച് സോണിലാവും. റെഡ് സോണായി കണക്കാക്കുന്ന നാല് ജില്ലകളിലും നിലവിലെ നിയന്ത്രണങ്ങള്‍ തുടരും.

നേരത്തെ പോസിറ്റീവ് കേസില്ലാതിരുന്നതിനാല്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇളവ് നല്‍കിയിരുന്നു. ഇന്ന് ഈ രണ്ട് ജില്ലകളിലും പോസിറ്റീവ് കേസുകള്‍ വന്നു. അതിനാല്‍ ഇവയെ ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ചിലേക്ക് മാറ്റും.

ഓറഞ്ച് മേഖലയിലെ പത്ത് ജില്ലകളില്‍ ഹോട്ട്‌സ്‌പോട്ടുകളായ പഞ്ചായത്തുകളെ ഒരു യൂണിറ്റായി എടുക്കും. ഇവ അടച്ചിടും. മുനിസിപ്പല്‍ അതിര്‍ത്തിയില്‍ വാര്‍ഡുകളാണ് യൂണിറ്റ്. കോര്‍പ്പറേഷനുകളില്‍ ഡിവിഷനുകളാണ് യൂണിറ്റ്. ആ വാര്‍ഡുകളും ഡിവിഷനുകളുമാണ് മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ അതിര്‍ത്തികളില്‍ അടച്ചിടുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വൈറസിന്റെ സാമൂഹ്യവ്യാപനമില്ലെന്നും എന്നാല്‍ ആശങ്ക മാറിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരില്‍ പരിയാരം മെഡിക്കല്‍ കോളേജിലെയും, കോട്ടയം മെഡിക്കല്‍ കോളേജിലെയും കൊവിഡ് 19 ലാബിന് ഐസിഎംആര്‍ അംഗീകാരം ലഭിച്ചു. കണ്ണൂരില്‍ നാളെ മുതല്‍ കൊവിഡ് പരിശോധന ആരംഭിക്കും. ഇവിടെ നാല് റിയല്‍ ടൈം പിസിആര്‍ മെഷീനുകള്‍ സജ്ജമാക്കി. ആദ്യ ഘട്ടത്തില്‍ 15 ഉം പിന്നീട് 60 വരെയും പരിശോധന ദിവസം നടത്താനാവും. ഇതോടെ കേരളത്തില്‍ 14 സര്‍ക്കാര്‍ ലാബുകളില്‍ കൊവിഡ് 19 പരിശോധന നടത്തുവാന്‍ അനുമതിയായെന്ന് മുഖ്യമന്ത്രി അറിയിച്ചു. രോഗം ബാധിതര്‍ കൂടുന്നതിനാല്‍ 10 പിസിആര്‍ മെഷീന്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് നിന്ന് കേരളത്തില്‍ പ്രവേശിച്ച ഡോക്ടര്‍ക്കെതിരെയും ഭര്‍ത്താവായ ഡോക്ടര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടില്‍ അധ്യാപിക കര്‍ണാടകത്തില്‍ പോയ സംഭവത്തില്‍ വൈത്തിരി പോലീസ് അന്വേഷണം ആരംഭിച്ചു. കര്‍ണാടകത്തില്‍ പണം വാങ്ങി കേരളത്തിലേക്ക് ആളുകളെ എത്തിക്കുന്ന ഏജന്റുമാരെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനം ആവാം. അഞ്ച് പേരുള്‍പ്പെട്ട ടീമിന് പ്രവര്‍ത്തിക്കാം. എന്നാല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ മെയ് 3 വരെ തൊഴിലുറപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കണം. മറ്റുള്ളവര്‍ സുരക്ഷാ മാനദണ്ഡം പാലിച്ച് ജോലി ചെയ്യണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തേക്ക് ചരക്ക് നീക്കത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2,254 ട്രക്കുകള്‍ ഇന്നലെ വന്നു. പഴം, പച്ചക്കറി ഇനങ്ങളില്‍ വരവില്‍ പ്രശ്‌നങ്ങളില്ലെന്നും എല്ലാ ഇനത്തിന്റെയും സ്റ്റോക്ക് പരിശോധിച്ച് സാധനങ്ങള്‍ സംഭരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

മൂന്നാറില്‍ ഭിന്നശേഷിക്കാര്‍ക്ക് റേഷന്‍ നിഷേധിക്കുന്നെന്ന വാര്‍ത്ത പ്രത്യേകം പരിശോധിക്കും. തെറ്റ് ചെയ്‌തെങ്കില്‍ കര്‍ക്കശമായ നടപടിയുണ്ടാകും. വ്യാജമദ്യ നിര്‍മ്മാണവും ഉപഭോഗവും കൂടുന്നുണ്ട്. അത് അപകടമാണ്. എക്‌സൈസ് വകുപ്പ് ശക്തമായി ഇടപെടുന്നുണ്ട്. പല സാമൂഹിക പ്രശ്‌നങ്ങളും ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാജമദ്യത്തിന്റെ വ്യാപനം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദില്ലി തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മുഴുവന്‍ പേരെയും കണ്ടെത്തി പരിശോധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ വ്യാജ പ്രചാരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, ഹോം ഡെലിവറി നടത്തുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്കിടയില്‍ സാമൂഹ്യ വ്യാപനം ഇല്ലെന്ന് ഉറപ്പാക്കാന്‍ റാന്‍ഡം ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News