‘യുഡിഎഫ്-ബിജെപി നിലപാടുകള്‍ കേരള താല്‍പ്പര്യം സംരക്ഷിക്കുന്നതല്ല, പ്രതിപക്ഷ ആരോപണം അസംബന്ധ നാടകം’; രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷ നിലപാടിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരു മരിച്ചാലും സര്‍ക്കാരിന്റെ കണ്ണീരുകണ്ടാല്‍ മതിയെന്ന ദുഷ്ടലാക്കാണ് യുഡിഎഫിനും ബിജെപിക്കും.

കോവിഡ് 19 നേക്കാള്‍ മാരകമായ ചിന്താഗതി സ്വീകരിക്കുന്ന ഇത്തരക്കാരെ കേരളം കൈയ്യൊഴിയും. അവരുടെ നിലപാടുകള്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്നതല്ല. സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നതാണ് അവരെ അസ്വസ്ഥരാക്കുന്നതെന്നും കാനം ജനയുഗത്തിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നിലപാടുകളില്‍ ഘടകക്ഷിയായ സിപിഐയ്ക്ക് വിയോജിപ്പുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് അവയെല്ലാം വസ്തുതാവിരുദ്ധമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയത്. സി പി ഐ മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തില്‍ അദ്ദേഹം പ്രതിപക്ഷ നിലപാടുകളെ ശക്തമായി വിമര്‍ശിക്കുന്നു.

ദുരിതവും ദുരന്തവും ചുറ്റിലും നിറയുമ്പോള്‍ വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും സാന്ത്വനവും ശക്തിയും പകര്‍ന്നു നല്‍കുന്ന ഭരണകൂടത്തെയാണ് ജനങ്ങള്‍ക്കു വേണ്ടത്. അത്തരമൊരു പ്രവര്‍ത്തനം കേരള സര്‍ക്കാര്‍ കാഴ്ചവെക്കുമ്പോള്‍ യുഡിഎഫിനും ബിജെപിക്കും ഉറക്കം നഷ്ടപ്പെടുക സ്വാഭാവികം മാത്രമാണെന്ന് കാനം പറയുന്നു. എതിര്‍പ്പുകളുമായി രംഗത്തിറങ്ങാനാണ് ഈ മഹാമാരിക്കാലത്തെല്ലാം പ്രതിപക്ഷനേതാവടക്കമുള്ളവരും ബിജെപി നേതാക്കന്‍മാരും പരിശ്രമിച്ചത്.

ദുരന്തസമയത്ത് ഫ്രലപ്രദമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്നാല്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നാണ്. അതാണ് കേരളത്തിനുവേണ്ടത് എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. പക്ഷേ ആരു മരിച്ചാലും സര്‍ക്കാരിന്റെ കണ്ണീരുകണ്ടാല്‍ മതിയെന്ന ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനും ബിജെപിക്കുമുള്ളത്. കോവിഡ് 19 നേക്കാള്‍ മാരകമായ ചിന്താഗതി സ്വീകരിക്കുന്ന ഇത്തരക്കാരെ കൈയ്യൊഴിയാന്‍ കേരളം തയ്യാറാവുക തന്നെ ചെയ്യും.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുമ്പോള്‍ അത് രാഷ്ട്രീയമായി തങ്ങള്‍ക്ക് ക്ഷീണമുണ്ടാക്കുന്നുവെന്നും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥമായി സഹകരിക്കാന്‍ തയ്യാറാവാത്തതിനാല്‍ ജനം കൈയ്യൊഴിയുമെന്ന ബോധ്യമാണ്, ദുരന്ത കാലത്ത് സര്‍ക്കാരിനെതിരെ നിലപാടെടുക്കാന്‍ പ്രതിപക്ഷത്തേയും ബിജെപിയേയും പ്രേരിപ്പിക്കുന്നത്.

ഈ മഹാമാരിക്കാലത്തെങ്കിലും ഇത്തരം അസംബന്ധ നാടകങ്ങള്‍ നടത്തി അപഹാസ്യരാകാതിരിക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കാനേ നമുക്ക് കഴിയൂ. ഒരിക്കലും നന്മ ലഭിക്കാത്ത നസ്രേത്താണ് തങ്ങളെന്ന് യുഡിഎഫും ബിജെപിയും വീണ്ടും തെളിയിക്കുകയാണ്. അവരുടെ നിലപാടുകള്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്നതല്ല.

ലോകമെമ്പാടും മരണത്തിന്റെ താണ്ഡവനൃത്തം നടക്കുമ്പോള്‍ നമ്മുടെ സംസ്ഥാനം ആശ്വാസത്തിന്റെ തുരുത്തായി മാറി. ഫലപ്രദമായ ഇടപെടലുകള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം അപ്പാടെ വിശ്രമരഹിതമായി പ്രവര്‍ത്തിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള സംവിധാനങ്ങള്‍ പിഴവുകളേയില്ലാതെ പ്രവര്‍ത്തിച്ചപ്പോള്‍ കേരളം ഇന്ത്യക്കും ലോകത്തിനും വീണ്ടും മാതൃകയായെന്നും കാനം ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News