ലോക്ഡൗണ്‍: എറണാകുളം ജില്ലയില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങളോടുകൂടിയ ഇളവ്

കൊച്ചി: കൊറോണ ഭീഷണി കുറഞ്ഞ എറണാകുളം ജില്ലയില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങളോട് കൂടി ലോക് ഡൗണില്‍ ഇളവുകള്‍ നല്‍കും. മൂന്നാഴ്ചയോളമായി പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് മുന്‍പ് നിശ്ചയിച്ച പ്രകാരം ഇളവുകള്‍ നല്‍കുന്നത്. അതെസമയം ജില്ലയിലെ രണ്ടു ഹോട്‌സ്‌പോട്ടുകളായ ചുള്ളിക്കല്‍, കതൃക്കടവ് എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും.

എറണാകുളം ജില്ലയില്‍ ചുള്ളിക്കലും കത്രിക്കടവുമാണ് ഹോട് സ്‌പോട്ടുകള്‍. ഇവിടങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെങ്കിലും എടിഎം സൗകര്യം ഉണ്ടാകും. ഈ മേഖലകളില്‍ അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനു മുതിര്‍ന്ന പൗരന്മാര്‍ക്ക് രാവിലെ പത്തു മുതല്‍ പതിനൊന്നു വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

ഭാഗികമായാണ് ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. ഐടി,ടെലികോം, സര്‍ക്കാര്‍ ഓഫീസുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ഇലക്ട്രോണിക്‌സ് വില്‍പ്പന സര്‍വീസ് സെന്ററുകള്‍ എന്നിവയ്ക്കാണ് പ്രവര്‍ത്തനാനുമതി. ഇവിടെയും സാമൂഹിക അകലം പാലിച്ചും ഓഫീസുകളില്‍ തൊഴിലാളികളുടെ എണ്ണം ക്രമീകരിച്ചും ഒന്നിടവിട്ട ദിവസങ്ങളില്‍ ഷിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തിയും പ്രവര്‍ത്തനം പുനരാരംഭിക്കാന്‍.

പാലുല്‍പ്പാദന കേന്ദ്രങ്ങള്‍ക്കും സംഭരണ വിതരണ ശാലകള്‍ക്കും ജില്ലയില്‍ പ്രവര്‍ത്തനാനുമതി ഉണ്ട്. തോട്ടം മേഖലയില്‍ അന്‍പത് ശതമാനം തൊഴിലാളികളെ ഉള്‍പ്പെടുത്തി ജോലികള്‍ നടത്താം. ഇവിടെയും ആരോഗ്യ വകുപ്പ് അനുശാസിക്കുന്ന സുരക്ഷാ ക്രമീകരണമാണ് സ്വീകരിക്കേണ്ടത്.

കാര്‍ഷിക ജോലികള്‍ക്കും അവയുടെ സംഭരണ വില്‍പ്പന കേന്ദ്രങ്ങള്‍ക്കുമാണ് ജില്ലാ ഭരണകൂടം കൂടുതല്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. അതെ സമയം ജില്ലയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് ഇനിയും അനുമതി നല്‍കിയിട്ടില്ല. വീടുകളില്‍ നിന്ന് പുറത്ത് ഇറങ്ങുന്നവരും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്,ഒമ്പത് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി, ദിവസങ്ങളിലും പൂജ്യം, രണ്ട്,നാല്,ആറ്,എട്ട് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ബാക്കി ദിവസങ്ങളിലും നിരത്തിലിറങ്ങാം. എന്നാല്‍ സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല.

ഇരു ചക്ര വാഹനത്തില്‍ ഒരാള്‍ക്കും നാല് ചക്ര വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്കുമാണ് യാത്രാനുമതി. നിര്‍ദ്ദേശങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് എതിരെ പകര്‍ച്ചവ്യാധി നിരോധന നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും കേസുകള്‍ എടുക്കാന്‍ ജില്ലാ ഭരണകൂടം പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News