തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി ജിയോ ഫെന്‍സിങ്

വിദേശത്തുനിന്ന് സംസ്ഥാനത്തെത്തുന്ന മുഴുവന്‍ ആളുകളെയും 28 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരീക്ഷണം കര്‍ശനമായി പാലിക്കുന്നെന്ന് ഉറപ്പാക്കും. ഫീല്‍ഡ് വിസിറ്റും കൂടുതല്‍ കര്‍ക്കശമാക്കും.

വിമാനത്താവളങ്ങളിലെ പരിശോധനയില്‍ ലക്ഷണം കണ്ടെത്തുന്നവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്കോ കോവിഡ് ആശുപത്രികളിലേക്കോ മാറ്റും. അല്ലാത്തവരെ പ്രത്യേക വാഹനത്തില്‍ വീട്ടിലെത്തിക്കും. വീടുകളില്‍ നിരീക്ഷണം കര്‍ശനമായി പാലിക്കുന്നു എന്നുറപ്പാക്കാന്‍ ഐടി മിഷന്റെ സേവനം പ്രയോജനപ്പെടുത്തും.

‘ജിയോ ഫെന്‍സിങ്’ സാങ്കേതിക വിദ്യയിലൂടെ നിരീക്ഷണത്തിലുള്ളയാള്‍ വീട്ടിനുള്ളില്‍ സാമൂഹ്യ അകലം പാലിക്കുന്നെന്ന് ഉറപ്പാക്കും. ‘ജ്യോഗ്രഫിക്കല്‍ മാപ്പിങ്ങി’ലൂടെ പ്രായമായവരെ റിവേഴ്സ് ക്വാറന്റൈന്‍ ചെയ്യണമെന്ന നിര്‍ദേശവും സര്‍ക്കാരിന് മുന്നിലുണ്ട്.

വീട്ടുനിരീക്ഷണത്തില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ അടുത്ത ദിവസങ്ങളില്‍ അവരുമായി ഇടപഴകിയവരെ മനസ്സിലാക്കാന്‍ ജിപിഎസ് സംവിധാനവും പ്രയോജനപ്പെടുത്തും.

നിരീക്ഷണം കര്‍ശനമായി തുടരുന്നെന്ന് ഉറപ്പാക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍, പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ പ്രാദേശിക സംഘങ്ങള്‍ രൂപീകരിക്കും.

പ്രവാസികള്‍ എത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കി ആരോഗ്യ വകുപ്പ് ഉടന്‍ മാനദണ്ഡം പുറത്തിറക്കും. വിമാനത്താവളത്തില്‍ പരിശോധനയ്ക്കായി വിപുലമായ സംവിധാനം ഒരുക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News