കുഞ്ഞിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തി;  മരണകാരണം ഹൃദയാഘാതം; സംസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചെന്ന് മന്ത്രി ശൈലജ ടീച്ചര്‍

കൊവിഡ് രോഗം ബാധിച്ച് മരിച്ച നാലുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍.

കുഞ്ഞിന് ജന്മനാ ഹൃദയ, ശ്വാസകോശ രോഗങ്ങള്‍ ഉണ്ടായിരുന്നു. ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ട കുട്ടിയെ ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കുഞ്ഞിന്റെ സംസ്‌ക്കാരം കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് നടത്തും. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ രോഗം ബാധിച്ചേക്കാം. അതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണം. മുതിര്‍ന്ന പൗരന്‍മാരും നന്നായി ശ്രദ്ധിക്കണം. സംസ്ഥാനത്ത് രോഗബാധ നന്നായി കുറഞ്ഞിട്ടുണ്ട്. എന്നാലും ജാഗ്രത കൈവിടാറായിട്ടില്ല.

കൊവിഡ് ബാധിതരുടെ ചികിത്സക്കായി ഡോക്ടര്‍മാരുടെ ഒരു സംഘത്തെതന്നെ സജ്ജീകരിച്ചിട്ടുണ്ട്. സാധ്യമായ മികച്ച സേവനങ്ങള്‍ നല്‍കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ ആറു മണിക്കാണ് മഞ്ചേരി സ്വദേശികളുടെ മകള്‍ നൈഹ ഫാത്തിമ മരിച്ചത്. കുഞ്ഞിന് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ്. രോഗബാധിതനായ ബന്ധു കുഞ്ഞുമായി അടുത്തിട പഴകിയിട്ടില്ലെന്ന് പറയുന്നു. വീട്ടില്‍ പുറത്തുനിന്ന് ആരും വന്നിട്ടില്ലെന്ന് പറയുന്നു. അക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here