മഹാരാഷ്ട്ര മന്ത്രി ജിതേന്ദ്ര അവാദിന് കൊറോണ സ്ഥിരീകരിച്ചു; മുംബൈയില്‍ രോഗബാധിതര്‍ 4,000 കടന്നു

മുംബൈ: മഹാരാഷ്ട്ര ഭവന നിര്‍മ്മാണ മന്ത്രി ജിതേന്ദ്ര അവാദിന് കൊവിഡ് സ്ഥിരീകരിച്ചു.

താനെയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരാഴ്ച മുന്‍പ് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍കരുതല്‍ പരിശോധനയ്ക്കായി മന്ത്രി സ്വയം താനെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കൊവിഡ് ബാധിച്ച പൊലീസുകാരില്‍ ചിലര്‍ മന്ത്രിയുടെ വീട്ടില്‍ കാവല്‍ നിന്നിരുന്നവരാണെന്നും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന് ശേഷമാണ് മന്ത്രി ജിതേന്ദ്ര അവാദിന് രോഗബാധയുണ്ടായതെന്നും സംശയിക്കുന്നു.

അതേസമയം, മഹാരാഷ്ട്രയില്‍ 778 പുതിയ കൊറോണ വൈറസ് കേസുകള്‍ വ്യാഴാഴ്ച രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്തെ കൊവിഡ് -19 എണ്ണം 6,427 ആയി. പതിനാല് രോഗികള്‍ വ്യാഴാഴ്ച മരിച്ചു.

ഇതുവരെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 283. 522 പേര്‍ കൂടി പോസിറ്റീവ് ഫലം കാണിച്ചപ്പോള്‍ മുംബൈയില്‍ മാത്രം 4,025 കൊറോണ വൈറസ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പകര്‍ച്ചവ്യാധിയുടെ തുടക്കം മുതലുള്ള ഏറ്റവും വലിയ കുതിപ്പാണ് ഈ വര്‍ധനയെന്നാണ് ലോക്ക് ഡൌണ്‍ ഒരു മാസത്തോളമാകുമ്പോഴും നഗരത്തെ ആശങ്കപ്പെടുത്തുന്നത്.

എട്ടു ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ കേസുകളുടെ എണ്ണം 214 ഉം മരണസംഖ്യ 13 ഉം ആയി.

രാജ്യത്തെ കോവിഡ് -19 ന്റെ ഹോട്ട്സ്പോട്ടുകളിലൊന്നായി കേന്ദ്രം മുംബൈയെ പ്രഖ്യാപിച്ചു. ജനസാന്ദ്രതയുള്ള ചേരികളില്‍ വൈറസ് പടരുന്നത് തടയാന്‍ അധികൃതര്‍ വിവിധ നടപടികളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതിനായി കേന്ദ്രത്തിലെ വിദഗ്ധ സംഘം മുംബൈയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 813 കടുത്ത നിയന്ത്രണ സോണുകള്‍ സൃഷ്ടിച്ചു. പകര്‍ച്ചവ്യാധി പടരുന്നത് തടയുന്നതിന്റെ ഭാഗമായി ഈ സോണുകളിലെ ആളുകളെ പുറത്തുപോകാന്‍ അനുവദിക്കില്ല.

രോഗികളുടെ മരണനിരക്ക് കുറയ്ക്കുന്നതിനും നെഗറ്റീവ്‌  കേസുകളുടെ എണ്ണം ഇരട്ടിയാക്കുന്നതിനുമാണ് തന്റെ സര്‍ക്കാരിന്റെ ശ്രദ്ധയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. മുംബൈ, പൂനെ നഗരങ്ങളില്‍ പര്യടനം നടത്തിയ രണ്ട് കേന്ദ്ര ടീമുകളിലെ അംഗങ്ങളുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ രണ്ട് കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകള്‍. മെഡിക്കല്‍ മെഷിനറി കൂടാതെ ലോക് ഡൗണ്‍ നടപടികള്‍ നടപ്പിലാക്കുക, സാമൂഹിക അകലം പാലിക്കല്‍, ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ, അവശ്യവസ്തുക്കളുടെ വിതരണം തുടങ്ങിയവയെക്കുറിച്ച് ടീമുകള്‍ അവലോകനം നടത്തി.

അണുബാധയെത്തുടര്‍ന്ന് മരണമടഞ്ഞ 78.9 ശതമാനം രോഗികള്‍ക്ക് മറ്റ് അസുഖങ്ങളുണ്ടെന്നും 51 മുതല്‍ 60 വയസ്സുവരെയുള്ളവരാണെന്നും മുഖ്യമന്ത്രി വിശദീകരണം നല്‍കി. സുഖം പ്രാപിച്ച ശേഷം ഇതുവരെ 840 കോവിഡ് -19 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യ അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News