ഇന്ന് മൂന്നു പേര്‍ക്ക് കൊറോണ: പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെ; 15 പേര്‍ രോഗമുക്തരായി; നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ അതീവ ദുഃഖമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കാസര്‍ഗോഡ് സ്വദേശികളായ മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പടര്‍ന്നത്.

മൂന്നു ദിവസത്തെ ഇടവേളക്കു ശേഷം രോഗമുക്തി നേടിയവരുടെ എണ്ണം പുതിയ കേസുകളെക്കാള്‍ കൂടി എന്നതാണ് ഇന്നത്തെ സവിശേഷത.

ഇന്ന് 15 പേര്‍ രോഗമുക്തരായി. കാസര്‍ഗോഡ് ജില്ലയിലെ 5 പേരുടേയും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള മൂന്ന് പേരുടെ വീതവും കൊല്ലം ജില്ലയിലെ ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.

നിലവില്‍ 116 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കണ്ണൂരാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്. 56 പേര്‍. കാസര്‍ഗോഡ് 18 പേരുമുണ്ട്. തൃശൂരും ആലപ്പുഴയിലും രോഗികളില്ല. 21,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,241 പേര്‍ വീടുകളിലും 452 പേര്‍ ആശുപത്രിയിലുമാണ്. 144 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയോധികര്‍ക്കൊപ്പം കുഞ്ഞുങ്ങളെയും രോഗമുക്തരാക്കാന്‍ കഴിഞ്ഞു എന്നതായിരുന്നു സംസ്ഥാനത്തിന്റെ ഇതുവരെയുള്ള അനുഭവം. എന്നാല്‍ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നാല് മാസം പ്രായമായ കുട്ടി കൊവിഡ് ബാധിച്ച് മരിച്ചു. ജന്മനാ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന കുട്ടിയായിരുന്നെന്നും കുഞ്ഞിനെ രക്ഷിക്കാന്‍ എല്ലാ ശ്രമവും നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഞ്ഞിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തി വഴിയിലൂടെ നിരവധി പേരാണ് കേരളത്തിലേക്ക് എത്താന്‍ ശ്രമിക്കുന്നത്. 57 പേര്‍ കുടകില്‍ നിന്ന് അതിര്‍ത്തി കടന്നെത്തി. കാട്ടിലൂടെ വന്ന എത്തിയ എട്ടു പേരെ കൊറോണ കെയര്‍ സെന്ററിലാക്കി. ഇത് ഇനിയും നടക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ പരിശോധനയും ജാഗ്രതയും കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് ഇതര രോഗം ബാധിച്ചവര്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ ലഭിക്കാത്ത സാഹചര്യമുണ്ട്. ഇത് എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി സൗകര്യമൊരുക്കും. ഇത് ലോക്ഡൗണിലൂടെ ബുദ്ധിമുട്ടിലായ അര്‍ബുദ, ഡയാലിസിസ് രോഗികള്‍ തുടങ്ങിയവര്‍ക്ക് ഗുണം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ആര്‍സിസിയില്‍ കന്യാകുമാരിയില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും സ്ഥിരമായി ആളുകള്‍ ചികിത്സയ്ക്ക് എത്താറുണ്ട്. ഇവര്‍ക്കായി കന്യാകുമാരി ജില്ലാ ആശുപത്രിയെ ആര്‍സിസിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട് സഹകരണത്തോടെ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രമാക്കി. 560 പേരാണ് ഇവിടെ നിന്ന് സ്ഥിരമായി ആര്‍സിസിയില്‍ എത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി അനുവദിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. 82 നഗരസഭകള്‍ക്ക് തുക പ്രയോജനപ്പെടുത്താം. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് പ്രത്യോക സാമ്പത്തിക സഹായം വിതരണം ചെയ്യാന്‍ 15 കോടി അനുവദിച്ചു. 27.5 കോടിയാണ് ഇതുവരെ അനുവദിച്ചത്. തയ്യല്‍ ക്ഷേമനിധി ബോര്‍ഡിന് 9.70 കോടി അനുവദിച്ചു. 53.6 കോടി നേരത്തെ അനുവദിച്ചിരുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് രോഗമല്ലാതെ മരിക്കുന്ന മലയാളികളുടെ മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാന്‍ എംബസികള്‍ക്ക് നിഡര്‍ദ്ദേശം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാന്‍ തടസം നേരിടുന്നതായി ജിസിസി രാജ്യങ്ങളില്‍ നിന്ന് ധാരാളം പരാതി ലഭിച്ചു. അന്ത്രാഷ്ട്ര വിമാനങ്ങള്‍ ഇല്ലാത്തത് ഗള്‍ഫ് മലയാളികളെ മാനസിക പ്രയാസത്തിലാക്കിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള അപേക്ഷ പരിഗണിക്കാന്‍ ഇന്ത്യന്‍ എംബസികളുടെ ക്ലിയറന്‍സ് വേണം. ഇവര്‍ ദില്ലിയിലെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് എന്‍ഒസി ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര വിമാനങ്ങളില്ലാത്തതിനാല്‍ ചരക്ക് വിമാനത്തിലാണ് മൃതദേഹം അയച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ എന്‍ഒസി ഇല്ലാതെ ക്ലിയറന്‍സ് നല്‍കാന്‍ എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം. നൂലാമാലകള്‍ ഒഴിവാക്കി അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ സൗകര്യമൊരുക്കണമെന്ന് അഭ്യര്‍ത്ഥിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡിനെതിരായ പ്രതിരോധത്തില്‍ കുടുംബശ്രീ അംഗങ്ങളും തപാല്‍ വകുപ്പിലെ ജീവനക്കാരും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതായി മുഖ്യമന്ത്രി പിണറായി പറഞ്ഞു.

സഹായഹസ്ത പദ്ധതി പ്രകാരം 2000 കോടി വായ്പ കുടുംബശ്രീയിലൂടെ നടപ്പാക്കും. 32 ലക്ഷം കുടുംബങ്ങളിലേക്ക് ഈ വായ്പ എത്തും. 75 ശതമാനം കമ്യൂണിറ്റി കിച്ചണുകള്‍ കുടുംബശ്രീയാണ് നടത്തുന്നത്. ഇവ ജനകീയ ഹോട്ടലുകളായി മാറുകയാണ്. 350 ജനകീയ ഹോട്ടലുകള്‍ തുടങ്ങിയിരുന്നു. അരലക്ഷം കുടുംബശ്രീ അംഗങ്ങള്‍ സന്നദ്ധ സേനയിലേക്ക് രജിസ്റ്റര്‍ ചെയ്തു. മാസ്‌ക് നിര്‍മ്മാണത്തില്‍ കുടുംബശ്രീ ഏര്‍പ്പെട്ടു. 22 ലക്ഷം മാസ്‌കുകളും സാനിറ്റൈസറും നിര്‍മ്മിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ കാലത്ത് സഞ്ചരിക്കുന്ന തപാല്‍ ഓഫീസുകള്‍ സജ്ജമാക്കിയടക്കം തപാല്‍ വകുപ്പ് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News