സ്പ്രിംഗ്ളര്‍ ഇടക്കാല ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ പരാതി പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് ജനങ്ങ‍ളോട് മാപ്പുപറയണം: എകെ ബാലന്‍

സ്പ്രിങ്ക്ളർ കമ്പനിയുമായുള്ള കരാർ റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ വേണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ച സാഹചര്യത്തിൽ ബഹു. പ്രതിപക്ഷനേതാവ് പരാതി പിൻവലിച്ച് ജനങ്ങളോട് മാപ്പു പറയണം.

കോടതി ഉത്തരവ് ഗവണ്മെന്റിന് അനുകൂലമാണ്. പ്രതിപക്ഷ നേതാവ് ഇതിനെ സ്വാഗതം ചെയ്തത്, കളരിയിൽ തോറ്റ ചില അഭ്യാസികൾ, ഇത് പൂഴിക്കടകൻ അടിയാണെന്നു പറയുന്നതിന് തുല്യമാണ്. സ്പ്രിങ്ക്ളറുമായുള്ള കരാർ റദ്ദു ചെയ്യുകയോ സ്റ്റേ ചെയ്യുകയോ വേണം എന്നായിരുന്നു ബഹു. പ്രതിപക്ഷനേതാവിന്റെ ആവശ്യം. അത് നിരാകരിക്കപ്പെട്ടു. അതിനെയാണോ സ്വാഗതം ചെയ്യുന്നത്?

ആദ്യഘട്ടത്തിൽ ഇത് പരിഗണനക്ക് വന്നപ്പോൾ കോടതി മൂന്നു കാര്യങ്ങളിലാണ് വിശദീകരണം ചോദിച്ചത്. ഒന്ന്, ഇതിന്റെ സുരക്ഷ. രണ്ട്, കേസുകൾ നടത്തുന്നതിനുള്ള ജൂറിസ്ഡിക്ഷൻ. മൂന്ന്, എന്തുകൊണ്ട് നിയമ വകുപ്പ് കണ്ടില്ല എന്നത്. ഈ മൂന്നു കാര്യങ്ങളിലും എല്ലാ വസ്തുതകളും ഉൾക്കൊള്ളിച്ച് സമഗ്രമായ മറുപടിയാണ് സർക്കാർ കോടതിയിൽ നൽകിയത്. അതിൽ കോടതിയുടെ ഭാഗത്തു നിന്ന് ഒരു വിമർശനവും വന്നിട്ടില്ല.

ഡാറ്റ സ്റ്റോറേജ്, ഡാറ്റ പ്രോസസ്സിംഗ് എന്നിവയുമായി ബന്ധപ്പെട്ട് വ്യക്തമായ കരാർ ആദ്യം തന്നെ നിലവിലുണ്ട്. മാസ്റ്റർ സർവീസ് എഗ്രിമെന്റും(എം എസ് എ) നോൺ ഡിസ്ക്ലോഷർ അഗ്രിമെന്റും. അതിൽ വളരെ വിശദമായി ഡാറ്റ പ്രൊട്ടക്ഷൻ സംബന്ധിച്ച് പറയുന്നുണ്ട്. ഡാറ്റ പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ട് എംപാനൽ ചെയ്ത 12 ക്‌ളൗഡ്‌ പ്രൊവൈഡേഴ്സിനെ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

അതിൽ ആമസോൺ ക്‌ളൗഡ്‌ പ്രൊവൈഡേഴ്സിനെയാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പ്രൊവൈഡേഴ്സും കേന്ദ്ര സർക്കാരും തമ്മിൽ ഡാറ്റാ പ്രൊട്ടക്ഷൻ സംബന്ധിച്ച കരാറുണ്ട്. അതുകൊണ്ടു തന്നെ ഒരു രൂപത്തിലും പ്രൊവൈഡേഴ്സിന് സംസ്ഥാന സർക്കാരുമായുള്ള കരാർ ലംഘിക്കാൻ പറ്റില്ല. ഇതിൽ ഒരു ആശങ്കയുടെയും ആവശ്യമില്ല. ഇത് കോടതിയെ സ്റ്റേറ്റ്മെന്റ്റ് മുഖേന ധരിപ്പിച്ചതാണ്.

വ്യവഹാരങ്ങളുടെ ജൂറിസ്ഡിക്ഷൻ സംബന്ധിച്ച്, സർക്കാരും പ്രൊവൈഡേഴ്സും തമ്മിൽ പ്രശ്നമുണ്ടാകുമ്പോഴാണ് ന്യൂയോർക്കിലെ കോടതിയിൽ വരുന്നത്. അത് അവരൊഴികെയുള്ള ഒരു പരാതിക്കാർക്കും ബാധകമല്ല. ഇന്ത്യയിൽ എവിടെയും മറ്റ് പരാതിക്കാർക്ക് കേസ് കൊടുക്കാം.

സംസ്ഥാന സർക്കാർ നൽകിയ വിശദീകരണങ്ങളിൽ കോടതി ഒരു അസംതൃപ്തിയും പ്രകടിപ്പിച്ചില്ല. എന്നാൽ ചില കാര്യങ്ങളിൽ ഒരു ഉറപ്പു കൊടുക്കേണ്ടതുണ്ട്. അവ സത്യവാങ്മൂലത്തിൽ സർക്കാർ നൽകി. സംശയനിവാരണം വരുത്തുകയെന്ന നടപടി മാത്രമേ കോടതി ഏതു ഘട്ടത്തിലും സ്വീകരിച്ചിട്ടുള്ളൂ. നിയമ വകുപ്പ് ഇക്കാര്യം ഒരു രൂപത്തിലും അറിയേണ്ട ആവശ്യമില്ല.

മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ ലേഖനം ഒരു പ്രമുഖ പാത്രത്തിൽ വന്നിട്ടുണ്ട്. ഗവണ്മെന്റിന്റെ നടപടികളോടും തീരുമാനങ്ങളോടും പൂർണ യോജിപ്പാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇത് വിവാദ വ്യവസായത്തിന് വേണ്ടിയുള്ളതാണെന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയും ഐ ടി സെക്രട്ടറിയും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരിഹാസ്യമായ കേസ് നൽകിയത്. പരിഹാസ്യമായ ഈ പരാതി കൂടുതൽ പരിഹാസ്യമാകുന്നതിനു മുമ്പ് ബഹു. പ്രതിപക്ഷ നേതാവ് പിൻവലിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News