ലോകത്ത് കൊറോണ മരണം രണ്ട് ലക്ഷത്തിലേക്ക്; രോഗബാധിതര്‍ 28 ലക്ഷം കടന്നു; അമേരിക്കയില്‍ മരണം അരലക്ഷം

ലോകത്തെ ആശങ്കയിലാക്കി കൊറോണ രോഗികളുടെ എണ്ണവും മരണവും ഉയരുന്നു. ലോകത്താകെ രോഗബാധിതരുടെ എണ്ണം 28,27,981 ആയി. ആകെ മരണം 1,97,074 ആയി ഉയര്‍ന്നു. ലോകത്തിലെ ആകെ രോഗികളില് മൂന്നിലൊന്ന് രോഗികളും അമേരിക്കയിലാണ് എന്നത് ആശങ്കാവഹമാണ്.

അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. 52168 പേര്‍ മരിക്കുകയും 9,24,402 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

രോഗം ആദ്യംകണ്ട ചൈനയില്‍ മരണസംഖ്യ ഒരാഴ്ചയോളമായി 4632ല്‍ തുടരുന്നു. അതേസമയം കോവിഡ് ബാധയും മരണവും കുറവുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഒരാഴ്ചയ്ക്കിടെ രോഗബാധ 43 ശതമാനം വര്‍ധിച്ചത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അവിടെ ഇതുവരെ 1247 പേരാണ് മരിച്ചത്.

അമേരിക്കയില്‍ ഏറ്റവും കൂടുതലാളുകള്‍ മരിച്ച ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മരണസംഖ്യ 15000 കടന്നു. അവിടെ മരണനിരക്കില്‍ കുറവ് കാണുന്നുണ്ട്. 474 പേരാണ് ചൊവ്വാഴ്ച മരിച്ചത്. ചൈനയില്‍ വിദേശത്തുനിന്ന് വന്ന ആറുപേരടക്കം 10 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ലക്ഷണങ്ങളില്ലാത്ത 27 പേര്‍ക്ക് കൂടി രോഗമുണ്ട്. ഇതോടെ ലക്ഷണമില്ലാത്ത രോഗികളുടെ എണ്ണം 984 ആയി.

ആകെ മരണത്തില്‍ രണ്ടാമതുള്ള സ്‌പെയിനില്‍ തുടര്‍ച്ചയായി മൂന്നാംദിവസവും മരണസംഖ്യയില്‍ നേരിയ വര്‍ധനയുണ്ടായി. 367 മരണമാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 6700ല്‍പരം ആളുകള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അവിടെ രോഗം ബാധിച്ചവരുടെ എണ്ണം 219764 ആയി. ബ്രിട്ടനില്‍ 768 പേര്‍ കുടി മരിച്ചപ്പോള്‍ മരണസംഖ്യ 19506 ആയി.

ആഫ്രിക്കയില്‍ ആകെ 26000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് 16000 പേര്‍ക്കായിരുന്നു. മുന്‍ ആഴ്ച 29 ശതമാനമായിരുന്നു രോഗബാധയില്‍ വര്‍ധന. ഈ നിരക്കാണ് ആശങ്കയ്ക്കിടയാക്കുന്നത്.

130 കോടിയോളം ജനസംഖ്യയുള്ള ആഫ്രിക്കയില്‍ ആകെ അഞ്ച് ലക്ഷത്തോളം പരിശോധനയേ നടന്നിട്ടുള്ളൂ. അവിടെ നിയന്ത്രിക്കാനായില്ലെങ്കില്‍ മൂന്ന് ലക്ഷം പേരെങ്കിലും മരിച്ചേക്കും എന്ന് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here