മുംബൈയില്‍ കൊറോണ ബാധിച്ച് ഡോക്ടര്‍ മരിച്ചു

മുംബൈയില്‍ കൊറോണ ബാധിച്ച് ഡോക്ടര്‍ മരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രികളില്‍ കണ്‍സള്‍ട്ടന്റായ ജനറല്‍ ഫിസിഷ്യനാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇയാള്‍ക്ക് ആശുപത്രിയിലെ ഒരു രോഗിയില്‍ നിന്ന് വൈറസ് ബാധിച്ചിരിക്കാമെന്നാണ് അനുമാനിക്കുന്നത്. 36 വയസായിരുന്നു.

ഒന്നിലധികം അവയവങ്ങളുടെ തകരാറു മൂലമായിരുന്നു മരണം. സാമ്പിളുകള്‍ കോവിഡ് -19 ന് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു . രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി സയണ്‍ ആശുപത്രിയില്‍ നിന്നും സോമയ്യയിലേക്കും അവിടെ നിന്നും രഹേജ ആശുപത്രിയിലേക്കും കൊണ്ട് പോയത് പരിതാപകരമായ അവസ്ഥയിലായിരുന്നു. കോവിഡ് -19 രോഗിയെ കയറ്റാന്‍ കാര്‍ഡിയാക് ആംബുലന്‍സുകളൊന്നും തയ്യാറായിരുന്നില്ലെന്ന് ഡോക്ടറുടെ സഹോദരന്‍ പരാതിപ്പെട്ടു.

ഒന്നിലധികം അവയവങ്ങളുടെ തകരാറിനൊപ്പം കോവിഡ് -19 മൂലമുണ്ടായ അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം ആയിരുന്നു മരണ കാരണം. അസ്വാഭാവികമായ ചലനങ്ങള്‍, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ഒരാഴ്ചയായി കാണിക്കാന്‍ തുടങ്ങിയെന്ന് ഡോക്ടര്‍ കൂടിയായ സഹോദരന്‍ പറഞ്ഞു.

ഏപ്രില്‍ 15 ന് പുലര്‍ച്ചെ സയണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമുള്ള പരിശോധനയിലാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. സയണില്‍ ഐസിയു ബെഡ് ലഭ്യമല്ലാത്തതിനാല്‍ ഡോക്ടറുടെ നില വഷളാകുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ വിദ്യാവിഹാറിലെ സോമയ്യ ആശുപത്രിയിലേക്ക് മാറ്റിയത്. സോമയ്യ ആശുപത്രിയില്‍ ശ്വാസ തടസ്സം കുറഞ്ഞെങ്കിലും ഡയാലിസിസ് ആവശ്യമാണെന്ന സ്ഥിതിയായി. എന്നാല്‍ കോവിഡ് -19 രോഗിയായതിനാല്‍ ഇവര്‍ക്കായുള്ള ഡയാലിസിസ് സൗകര്യമുള്ള രഹേജ ആശുപത്രിയിലേക്ക് മാറ്റേണ്ടിവരുമെന്ന് സോമയ്യ ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഒരു കോവിഡ് -19 രോഗിയെ കയറ്റാന്‍ കാര്‍ഡിയാക് ആംബുലന്‍സുകളൊന്നും തയ്യാറായില്ല. വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ മോശം അവസ്ഥയില്‍ ഒരു സാധാരണ ആംബുലന്‍സില്‍ ഓക്‌സിജന്റെ സഹായത്തോടെ കൊണ്ട് പോകേണ്ട ഗതികേട് വന്നുവെന്ന് മരണപ്പെട്ടയാളുടെ സഹോദരനായ ഡോക്ടര്‍ പറഞ്ഞു.

ചികിത്സകള്‍ വൈകിയതോടെ ഡോക്ടറുടെ നില വഷളായിക്കൊണ്ടിരുന്നു. കരള്‍ ഫംഗ്ഷന്‍ ടെസ്റ്റ്, വൃക്കസംബന്ധമായ പരാജയം, രക്തസ്രാവം എന്നിവയുള്‍പ്പെടെയുള്ള ഒന്നിലധികം അവയവങ്ങളുടെ പരാജയം അദ്ദേഹത്തിന് സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ നില കൂടുതല്‍ വഷളായി. പുനരുജ്ജീവനത്തിന്റെ ഒന്നിലധികം ശ്രമങ്ങള്‍ ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന് അതിജീവിക്കാന്‍ കഴിഞ്ഞില്ല.

മരണപ്പെട്ട ഡോക്ടര്‍ക്ക് എങ്ങനെ വൈറസ് ബാധിച്ചുവെന്ന് മനസിലാക്കാന്‍ അദ്ദേഹവുമായി സംസാരിക്കാന്‍ പോലും അവസരം ലഭിച്ചില്ലെന്ന് സഹോദരന്‍ പറഞ്ഞു. സയണിലേക്ക് പോകുന്നതിനുമുമ്പ്, കസ്തൂര്‍ബ ആശുപത്രിയില്‍ ഒരു കിടക്ക ലഭിക്കാന്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നുവെന്ന് സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

നഗരത്തില്‍ ഇനിയും ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതുപോലെ അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്നും രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍, അവര്‍ക്ക് ഏറ്റവും മികച്ച പരിചരണം നല്‍കാന്‍ കഴിയണമെന്നും എപ്പിഡെമിയോളജിസ്റ്റ് ഡോ. ഓം ശ്രീവാസ്തവ പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന സംസ്ഥാനമായി മാറിയിരിക്കയാണ് മഹാരാഷ്ട്ര. സംസ്ഥാനത്തെ വിവിധ ആശുപത്രികളായി നിരവധി മലയാളി നഴ്‌സുമാരും രോഗാവസ്ഥയിലാണ്. പി പി ഇ പോലുള്ള സുരക്ഷാ ഉപകരണങ്ങള്‍ പോലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നില്ല. ശോചനീയമായ അവസ്ഥയിലാണ് നഴ്‌സുമാരടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് 19 രോഗികളെ പരിചരിക്കുന്നത്.

രോഗലക്ഷണങ്ങളുള്ള നഴ്‌സുമാരെ പോലും നിര്‍ബന്ധമായി ജോലി ചെയ്യിപ്പിക്കുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. നഗരത്തിലെ പ്രമുഖ ആശുപത്രികളടക്കമുള്ള സ്ഥലങ്ങളില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിരവധി പരാതികള്‍ നില നില്‍ക്കെയാണ് ഇത്തരം സംഭവങ്ങള്‍ നഗരത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here