സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിടിക്കുന്ന ശമ്പളം തിരികെ നല്‍കുമെന്ന് മന്ത്രി തോമസ് ഐസക്ക്; ഉത്തരവ് കത്തിച്ച അധ്യാപക സംഘടനക്ക് എന്ത് സാമൂഹിക പ്രതിബദ്ധത? വേതനമില്ലാതെ സാധാരണക്കാര്‍ വീട്ടിലിരിക്കുമ്പോളാണ് ഇവരുടെ അതിര് കടന്ന പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിടിക്കുന്ന ശമ്പളം തിരികെ നല്‍കുമെന്ന് മന്ത്രി തോമസ് ഐസക്ക്. അത് എപ്പോള്‍ തിരികെ നല്‍കണമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അസാധാരണമായ സാഹചര്യമാണ് നിലവിലുള്ളത്. കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന സര്‍ക്കാരിന് ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ പോലും പണമില്ല. ഏപ്രില്‍ മാസത്തെ വരുമാനം 250 കോടി രൂപ മാത്രമാണ്. പിടിച്ചെടുക്കുന്ന ശമ്പളം തിരിച്ച് കൊടുക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. ചിലര്‍ക്ക് പിഎഫില്‍ ലയിപ്പിക്കും. അതെല്ലാം അന്നത്തെ സാമ്പത്തിക സ്ഥിതി പരിഗണിച്ചു ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ശമ്പളം പിടിക്കാനുള്ള സര്‍ക്കാറിന്റെ ഉത്തരവ് കത്തിച്ച അധ്യാപക സംഘടനക്ക് എന്ത് സാമൂഹിക പ്രതിബദ്ധതയാണുള്ളതെന്നും തോമസ് ഐസക്ക് ചോദിച്ചു.

സര്‍ക്കാര്‍ ഓര്‍ഡര്‍ കത്തിച്ചു കൊണ്ടുള്ള അധ്യാപക സംഘടനയുടെ പ്രതിഷേധം അതിര് കടന്നതാണ്. വേതനം ഇല്ലാതെ സാധാരണക്കാര്‍ വീട്ടിലിരിക്കുമ്പോളാണ് അധ്യാപക സംഘടനകള്‍ ശമ്പളം പിടിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ചെയ്തത് പോലെ ഡി.എയൊന്നും സംസ്ഥാന സര്‍ക്കാര്‍ കുറക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News