പുതിയ അധ്യയന വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കാന്‍ യുജിസി ഉപദേശക സമിതി ശുപാര്‍ശ

ദില്ലി: കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് നിലച്ച് പോയ കോളേജുകളുടെ അധ്യയന വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കാന്‍ ശുപാര്‍ശ. ജൂലൈ മാസത്തോടെ ഈ വര്‍ഷത്തെ എല്ലാ പരീക്ഷകളും പൂര്‍ത്തിയാക്കാന്‍ ആകില്ലെന്നും യുജിസി നിയോഗിച്ച ഏഴംഗ സമിതി റിപ്പോര്‍ട്ട് നല്‍കി. മെഡിക്കല്‍-എഞ്ചിനിയറിങ്ങ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയക്രമം നീട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചു.

പുതിയ അദ്ധ്യായന വര്‍ഷം ആരംഭിക്കാനും നിലവിലുള്ളത് പൂര്‍ത്തിയാക്കാനുമുള്ള നിര്‍ണ്ണായക സമയത്താണ് കോവിഡ് പ്രതിരോധത്തിനായി ലോക്ഡൗണ്‍ നിലവില്‍ വന്നത്. ഇതോടെ അനിശ്ചിതത്വത്തിലായ അദ്ധ്യായനവും തുടര്‍ പഠനങ്ങളും എങ്ങനെ പുനര്‍ക്രമീകരിക്കാം എന്നത് സംബന്ധിച്ച് പഠിക്കാന്‍ യുജിസി ഏഴംഗ സമിതിയെ നിയോഗിച്ചിരുന്നു.

കഴിഞ്ഞ ദിവസം സമിതി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ട് പ്രകാരം 2020-21 വര്‍ഷത്തെ കോളേജ് -സ്‌കൂളുകള്‍ എന്നിവയുടെ അദ്ധ്യായന വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കാം. ജൂലൈ മാസത്തോടെ പൂര്‍ത്തിയാക്കേണ്ട പരീക്ഷകളും നീട്ടി വയ്ക്കേണ്ടി വരും. എല്ലാ പരീക്ഷകളും ജൂലൈയില്‍ പൂര്‍ത്തിയാകില്ലെന്നാണ് ഏഴംഗ സമിതിയുടെ റിപ്പോര്‍ട്ട്.

മെഡിക്കല്‍- എഞ്ചിനിയറിങ്ങ് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ തിയതി നിശ്ചയിച്ച് സുപ്രീംകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം ആഗസത് 31 ന് മെഡിക്കല്‍ പ്രവേശനവും എഞ്ചിനിയറിങ്ങ് അടക്കമുള്ള സാങ്കേതിക പ്രഫഷണല്‍ പഠനങ്ങള്‍ക്കുള്ള പ്രവേശനം ആഗസ്ത് 15നും പൂര്‍ത്തിയാക്കണം. പക്ഷെ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സമയക്രമം പാലിക്കാന്‍ ആവില്ല.അതിനാല്‍ തിയതി നീട്ടാന്‍ സുപ്രീംകോടതിയെ വീണ്ടും സമീപിക്കാനും കേന്ദ്രം തീരുമാനിച്ചു.

ഏഴംഗം സമിതി റിപ്പോര്ട്ട് പ്രകാരം അദ്ധ്യായ വര്‍ഷം ക്രമീകരിക്കാനുള്ള മാര്‍ഗ നിര്‍ദേശം യുജിസി പുറത്തിറക്കും. ഓണ്‍ലൈന്‍ വഴിയുള്ള പരീക്ഷകള്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് പഠിക്കാനും യുജിസി എഴംഗ സമിതിയെ നിയോഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here