മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഏറ്റെടുത്തു; തൃശൂര്‍ ജനറലാശുപത്രിയില്‍ രക്തദാനം നടത്തി കേരള എന്‍ജിഒ യൂണിയന്‍

തൃശൂര്‍: പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ തൃശൂര്‍ ജനറലാശുപത്രിയില്‍ രക്തദാനം നടത്തി. ലോക്ക്ഡൗണ്‍ കാരണവും കോവിഡ് ഭീതി മൂലവും കേരളത്തിലെ ബാങ്കുകളില്‍ ആവശ്യമായ രക്തം ലഭ്യമല്ലാത്ത അവസ്ഥയുണ്ട് എന്ന് ചൂണ്ടിക്കാണിച്ച് രക്തദാനം ചെയ്യുന്നതിനായി സമൂഹത്തിലെ യുവാക്കള്‍ മുന്നോട്ട് വരണം എന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ ഏറ്റെടുത്താണ് കേരള എന്‍ജിഒ യൂണിയന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനം നടത്തിയത്.

യൂണിയന്‍ ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി സുനീഷ്, പി ജി കൃഷ്ണകുമാര്‍, ടി. സോളമന്‍ വില്യംസ് ഏരിയാ സെക്രട്ടറിമാരായ ജി രമേഷ്, മഹേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ വകുപ്പുകളിലെ ജീവനക്കാരായ 17 പേരാണ് ആദ്യ ദിനം രക്തദാനം നടത്തിയത്. കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലമായ രക്തദാന ക്യാമ്പുകള്‍ ജില്ലയില്‍ സംഘടിപ്പിക്കുമെന്ന് യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.വി.പ്രഫുല്‍ പറഞ്ഞു.

കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് വിപുലമായ ഇടപെടലുകളാണ് യൂണിയന്‍ ജില്ലാകമ്മിറ്റി നടത്തിയത്. ലോക്ക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ അടക്കം ജോലി ചെയ്തിരുന്ന അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് വേണ്ട ഭക്ഷണം യൂണിയന്‍ തയ്യാറാക്കി എത്തിച്ചു നല്‍കി.

മെഡിക്കല്‍ കോളേജിലെ പ്രധാന ജലസംഭരണി ആയ രവിവര്‍മ്മ കുളം വൃത്തിയാക്കി സംഭരണത്തിനായി തയ്യാറാക്കി നല്‍കി. ആഫീസുകളിലും ജനങ്ങള്‍ കൂടുന്ന പൊതുസ്ഥലങ്ങളിലും കൈകഴുകുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. മാസ്‌ക്കുകളും സാനിറ്റൈസര്‍ ബോട്ടിലുകളും യൂണിയന്‍ തയ്യാറാക്കി വിതരണം ചെയ്തു. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട ക്ലാസുകള്‍ ആപ്പീസ് സമുച്ചയങ്ങളില്‍ സംഘടിപ്പിച്ചു.

യൂണിയന്‍ ജില്ലാ കമ്മറ്റി ദത്തെടുത്ത ചാലക്കുടി അടിച്ചില്‍ത്തൊട്ടി ആദിവാസി കോളനിയില്‍ അവശ്യസാധനങ്ങളുടെ കിറ്റുകള്‍ തയ്യാറാക്കി വിതരണം ചെയ്തു. ജൈവകൃഷിയുമായി ബന്ധപ്പെട്ട കൃഷി പാഠങ്ങളും ജീവനക്കാരുടെ സര്‍വ്വീസ് റൂള്‍സും ദിവസ ക്ലാസുകളായി തയ്യാറാക്കി നവമാധ്യമങ്ങളുപയോഗിച്ച് ജീവനക്കാരിലെത്തിച്ചു നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News