ഇനി മുതല്‍ 2 മിനിറ്റില്‍ കോവിഡ് സാമ്പിള്‍ ശേഖരിക്കാം; തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ‘വിസ്‌ക്’ തയ്യാര്‍

തൃശൂര്‍: കോറോണ രോഗികളുടെ സാമ്പിള്‍ സുരക്ഷിതമായി എടുക്കാന്‍ സാധിക്കുന്ന വാക് ഇന്‍ സാമ്പിള്‍ കിയോസ്‌ക് (വിസ്‌ക്) തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലേയ്ക്ക് കൈമാറി. വിദേശ രാജ്യങ്ങളില്‍ നിന്നും രോഗികളെ എയര്‍ ആബുലന്‍സില്‍ സുരക്ഷിതമായി മറ്റ് രാജ്യങ്ങളിലേയ്ക്ക് എത്തിക്കുന്ന യുണിവേഴ്സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫറാണ് വിസ്‌ക് നിര്‍മ്മിച്ച് ആശുപത്രിയിലേയ്ക്ക് നല്‍കിയത്.

രണ്ടു മിനിറ്റില്‍ താഴെ സമയംകൊണ്ട് സാമ്പിള്‍ ശേഖരിക്കാന്‍ സാധിക്കുന്ന രീതിയിലാണ് വിസ്‌ക്. ജില്ലാ ആശുപത്രിയില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ ആശുപത്രി സുപ്രണ്ട് ഡോ. ശ്രീദേവിയ്ക്ക് യുണിവേഴ്സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫര്‍ എംഡി നിസാര്‍ അഷറഫ് വിസ്‌ക് കൈമാറിയത്.

സാമൂഹ്യ വ്യാപനം നടന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും അധികം നേരിടുന്ന ബുദ്ധിമുട്ട് പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യൂപ്‌മെന്റ് കിറ്റുകളുടെ (പിപിഇ) ദൗര്‍ലഭ്യമാണ്. ഇതിനുള്ള പരിഹാരമായാണ് വിസ്‌ക് എത്തുന്നത്. അണുവിമുക്തമായി തയ്യാറാക്കപ്പെട്ട വിസ്‌ക് കിയോസ്‌കുകളില്‍ സാംപിള്‍ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും സുരക്ഷയ്ക്കായി മാഗ്നറ്റിക് വാതില്‍, എക്സോസ്റ്റ് ഫാന്‍, അള്‍ട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങളാണ് വിസ്‌ക്കിലുള്ളത്.

സാമ്പിള്‍ ശേഖരിക്കുന്ന വ്യക്തി കാബിനിലിരുന്നാണ് രോഗിയുടെ സാമ്പിളെടുക്കുക. ഇതിനായി കാബിനില്‍ ഘടിപ്പിച്ചിരിക്കുന്ന കൈയുറയാണ് ഉപയോഗിക്കുക. ഓരോ തവണ സാംപിള്‍ ശേഖരിച്ചശേഷവും കിയോസ്‌കില്‍ ക്രമീകരിച്ചിട്ടുള്ള കൈയുറയും സമീപമുള്ള കസേരയും അണുവിമുക്തമാക്കും.

സാമ്പിള്‍ ശേഖരണത്തിനായി എത്തുന്ന ഓരോ ആളുകള്‍ക്കും ഓരോ പി.പി.ഇ. കിറ്റ് ധരിക്കണമെന്നാണു ചട്ടം. എന്നാല്‍, ആയിരം രൂപയോളം വരുന്ന പി.പി.ഇ. കിറ്റ് ഉപയോഗിച്ച് കളയുക എന്ന പ്രായോഗിക ബുദ്ധിമുട്ട് വിസ്‌ക്കിലൂടെ പരിഹരിക്കപ്പെടും. ഒരു സ്ഥലത്ത് കിയോസ്‌ക് താത്കാലികമായി സ്ഥാപിച്ച് വലിയതോതില്‍ സാമ്പിളുകള്‍ ശേഖരിക്കാനാവും. സോണിയ ഗിരി, ഡോ.രതി,ഡോ.പ്രശാന്ത്,ഡോ. സുമേഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News