ഇന്ന് ഏഴു പേര്‍ക്ക് കൊറോണ; ഏഴു പേര്‍ രോഗമുക്തര്‍; പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനം അറിയിച്ച് കേന്ദ്രം; പ്രവാസികളുടെ കാര്യത്തില്‍ കേരളം മാതൃക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴു പേര്‍ക്ക് കൊറോണ വൈറസ് ബാധസ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോട്ടയം, കൊല്ലം ജില്ലകളില്‍ മൂന്നു വീതവും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി അറിയിച്ചു.

ഏഴു പേര്‍ രോഗമുക്തരായി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ട് പേര്‍ വീതവും വയനാട്ടില്‍ ഒരാള്‍ക്കും ഇന്ന് രോഗം ഭേദമായത്. നിലവില്‍ 114 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 21,044 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 464 പേര്‍ ആശുപത്രിയിലാണ്. ഇന്ന് 132 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് ബാധിച്ച് അതീവ ഗുരുതരവാസ്ഥയിലായിരുന്ന 84കാരനായ കൂത്തുപറമ്പ് സ്വദേശി മൂരിയാട് അബൂബക്കര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതു സംസ്ഥാനത്തിന് നേട്ടമാണ്. 60 വയസിന് മുകളില്‍ പ്രായമുള്ളവരെല്ലാം ഹൈ റിസ്‌കിലാണ്. വൃക്കരോഗമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ള അബൂബക്കര്‍ ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് മടങ്ങി എത്തിയത് നാടിന് അഭിമാനകരമാണെന്നും
ഇതിനായി പ്രയത്‌നിച്ച ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ തൃപ്തി രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. കാബിനറ്റ് സെക്രട്ടറി സംസ്ഥാനത്തെ അഭിനന്ദിച്ചിട്ടുണ്ട്. പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ കേരളം സ്വീകരിച്ച നടപടി മാതൃകപരമാണെന്നും ഇത് മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാമെന്നും കേന്ദ്രം പറഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹോട്ട്‌സ്‌പോര്‍ട്ടിന് പുറത്തുള്ള കടകള്‍ തുറക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളോട് കൂടിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് കേരളം. ഇവിടെ നഗരവത്കൃതമായ ഗ്രാമങ്ങളാണ്. ഹോട്ട് സ്‌പോട്ടിന് പുറത്തുള്ള കടകള്‍ തുറക്കാന്‍ ഇതോടെ അനുവദിക്കേണ്ടി വരും. ഉത്തരവ് വന്നാല്‍ ഉടനെ കട തുറക്കാമെന്നു കരുതേണ്ട. കട ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും വേണം. എന്നിട്ട് വേണം കട തുറന്നു പ്രവര്‍ത്തിക്കാന്‍. അതിന് വ്യാപാരികള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ തിരക്ക് കൂടി വരികയാണ്. സ്വകാര്യ ആശുപത്രികളിലും തിരക്കാണ്. മുന്‍നിശ്ചയിച്ച ശസ്ത്രക്രിയകളും ആരംഭിച്ചു. സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ലക്ഷണമുള്ളവര്‍ എത്തിയാല്‍ അവരെ ചികിത്സിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു വേണം ആശുപത്രികള്‍ പ്രവര്‍ത്തിക്കാന്‍. എന്നാല്‍ ചില സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് പ്രതിരോധത്തിനുള്ള ചികിത്സ സംവിധാനങ്ങളും ഉപകരണങ്ങളും ഇല്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്യാന്‍സര്‍ ശസ്ത്രക്രിയ അധികകാലം മാറ്റിവയ്ക്കാനാവില്ലെന്നും അതിനാല്‍ ആര്‍സിസിയില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആര്‍സിസിയില്‍ ശസ്ത്രക്രിയകള്‍ക്ക് മുന്‍പ് രോഗികള്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തും. ശസ്ത്രക്രിയക്ക് ഇടയിലും ശേഷവും ഉണ്ടാവുന്ന സ്രവങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സ്പര്‍ശിക്കേണ്ടി വരുമെന്ന കാര്യം പരിഗണിച്ചാണിത്. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് കൊവിഡ് വന്നാല്‍ പെട്ടെന്ന് ഗുരുതരമാകുന്ന അവസ്ഥയുണ്ട്. ആര്‍സിസിയിലെ കൊവിഡ് പരിശോധനാകേന്ദ്രത്തിന് ഐസിഎംആര്‍ അനുമതി കിട്ടും വരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പരിശോധനകള്‍ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമസ്ഥാപനങ്ങള്‍ ഈ ഘട്ടത്തില്‍ തൊഴിലാളികളെ പിരിച്ചു വിടാനോ ശമ്പളം നിഷേധിക്കാനോ ശ്രമിക്കരുത്. ആരോഗ്യപ്രവര്‍ത്തകരുമായി മാധ്യമപ്രവര്‍ത്തകര്‍ തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. വാര്‍ത്താശേഖരണത്തില്‍ അവര്‍ക്ക് തടസമുണ്ടാവരുതെന്ന് പൊലീസിനെ അറിയിച്ചു.പിആര്‍ഡിയില്‍ നിന്നും മാധ്യമങ്ങള്‍ക്ക് നല്‍കേണ്ട കുടിശ്ശിക ഉടന്‍ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News