നെടുമ്പാശ്ശേരി വഴി മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ എറണാകുളം പൂർണ സജ്ജം: മന്ത്രി സുനിൽ കുമാർ

നെടുമ്പാശ്ശേരി വഴി മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ എറണാകുളം ജില്ലാ പൂർണ സജ്ജമെന്ന് മന്ത്രി സുനിൽ കുമാർ. ഇവരെ താൽക്കാലികമായി താമസിപ്പിക്കാൻ ആറായിരത്തിൽ അധികം മുറികളും നാലായിരത്തിലധികം വീടുകളും തയ്യാറാക്കിയതാണ് മന്ത്രി എറണാകുളത്ത് അറിയിച്ചു.

അതെ സമയം ജില്ലയിൽ കോവിഡ് സമൂഹ വ്യാപനം ഉണ്ടോ എന്നറിയാനായി പരിശോധനയ്ക്ക് അയച്ച 128 സാമ്പിളുകളിൽ 118 സാമ്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റിവ് ആണ്.

അന്താരാഷ്‌ട്ര നിലവാരത്തിൽ യാത്രക്കാരെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ ഉള്ള പരിശോധനയ്ക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളം സജ്ജമാക്കുന്നത്. പ്രവാസികളെ തിരിച്ചെത്തിക്കാൻ കേന്ദ്രം അനുമതി എപ്പോൾ നൽകിയാലും അവരെ സ്വീകരിക്കാൻ എറണാകുളം ജില്ല ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.

നിലവിൽ വിമാനത്താവളം വഴി എത്തുന്ന പ്രവാസികൾക്കായി ഏഴായിരം മുറികൾ ആണ് താൽക്കാലിക താമസത്തിനായി എറണാകുളം ജില്ലയിൽ കണ്ടെത്തിയിരിക്കുന്നത്. പഞ്ചായത്ത് പ്രദേശങ്ങളിൽ 4701 വീടുകളും ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്.

നാല് പേർക്ക് ഒരു വീട് എന്ന രീതിയിൽ ആറായിരം വീടുകളാണ് ഇത്തരത്തിൽ ഒരുക്കാൻ സർക്കാർ ലക്‌ഷ്യം വെക്കുന്നത്. തിങ്കളാഴ്ചയോട് കൂടി എല്ലാ അർത്ഥത്തിലും നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളം വഴി എത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ ആരോഗ്യ വകുപ്പിന്റെ പിന്തുണയോടെ ജില്ലാ ഭരണകൂടം തയ്യാറാകുമെന്നും മന്ത്രി സുനിൽ കുമാർ പറഞ്ഞു.

ജില്ലയിൽ സമൂഹ വ്യാപനം ഉണ്ടോ എന്നറിയാൻ വിവിധ മേഖലകളിൽ നിന്നുള്ള 128 സാമ്പിളുകൾ ആണ് ആദ്യഘട്ടത്തിൽ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 118 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളും നെഗറ്റിവ് ആണ്.

പത്ത് സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ഇനി ലഭിക്കാൻ ഉണ്ട്. അതേ സമയം ജില്ലയിലെ വിവിധ മാർക്കറ്റുകളിലും സ്‌ക്രീനിംഗ് ശക്തമാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ചരക്കുമായി എത്തുന്ന ലോറി ഡ്രൈവർമാർക്ക് സ്‌ക്രീനിംഗ് ശക്തമാക്കും.

ഇവരുടെ നിരീക്ഷണവും പോലീസ് സഹായത്തോടെ ശക്തമാക്കും. എറണാകുളം മാർക്കറ്റിന്റെ പ്രവർത്തനം രാവിലെ ഏഴു മുതലായിരിക്കും നടക്കുന്നത്. പുലർച്ചെ ഒരുമണി മുതൽ രാവിലെ ആര് മാണി വരെ ലോറികളിൽ നിന്നും ചരക്കുകൾ ഇറക്കാനും സമയം അനുവദിച്ചിട്ടുണ്ട്.

കോവിഡ് സ്ഥിരീകരണത്തിനു പിന്നാലെ കോട്ടയം ജില്ലയിൽ മാർക്കറ്റ് അടച്ചിടേണ്ടി വന്ന സാഹചര്യത്തിൽ ആണ് എറണാകുളം ജില്ലാ ഭരണകൂടം മുൻകരുതൽ സ്വീകരിയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here