കൊറോണ: ഏഴ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ദേശീയ ശരാശരിക്ക് മുകളില്‍; വൈറസ് വ്യാപനത്തില്‍ ഗുജറാത്ത് ഒന്നാമത്‌

കോവിഡിനെ പ്രതിരോധിക്കാൻ ലോക്ഡൗൺ തുടരുമ്പോഴും ഏഴ് സംസ്ഥാനങ്ങളിൽ രോഗ വ്യാപന നിരക്ക് ദേശീയ ശരാശരിക്കും മുകളിലെന്ന് ഡൽഹി ഐഐടിയുടെ പഠനം. രോഗവ്യാപന നിരക്ക് ഏറ്റവും കൂടുതൽ ഗുജറാത്തിലാണ് (3.33 ശതമാനം). പിന്നാലെ ബംഗാൾ (2.31), മധ്യപ്രദേശ് (2.25), ഉത്തർപ്രദേശ് (2.20), മഹാരാഷ്ട്ര (2.20), രാജസ്ഥാൻ (1.97), ജാർഖണ്ഡ് (1.95) എന്നീ സംസ്ഥാനങ്ങളാണുള്ളത്.

ഒരു രോഗബാധിതനിൽ നിന്നും ശരാശരി എത്ര പേർക്ക് കോവിഡ് പകർന്നു എന്ന രോഗവ്യാപന നിരക്ക് ദേശീയ തലത്തിൽ 1.8 ആണ്. കോവിഡ് രോഗികളിൽ മൂന്നിൽ രണ്ടും ഈ ഏഴ് സംസ്ഥാനങ്ങളിലാണ്. രോഗം ഭേദമാകുന്നവരുടെ നിരക്കിൽ ഗുജറാത്ത് (7.5%) ഏറ്റവും പിന്നിലാണെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കും പുറത്തു വന്നിരുന്നു.

ഡൽഹി ഐഐടി സജ്ജീകരിച്ച പ്രകൃതി (പ്രഡിക്ഷൻ ആന്റ് അസസ്‌മെന്റ് ഓഫ് കൊറോണ ഇൻഫെക്ഷൻസ് ആന്റ് ട്രാൻസ്മിഷൻ ഇൻ ഇന്ത്യ) ഡാഷ്‌ബോർഡ് ഉപയോഗിച്ചാണ് വിശകലനം നടത്തുന്നത്.

രാജ്യത്തെ 19 സംസ്ഥാനങ്ങളിലേയും 100 ജില്ലകളിലേയും രോഗവ്യാപന നിരക്ക് ഡാഷ്‌ബോർഡിൽ ലഭ്യമാണ്. 28 ജില്ലകളിൽ രോഗവ്യാപനം ദേശീയ ശരാശരിക്ക് മുകളിലാണ്.

രാജസ്ഥാൻ (5 ജില്ല), ഗുജറാത്ത്, യുപി, മധ്യപ്രദേശ് (4വീതം), തമിഴ്‌നാട്, മഹാരാഷ്ട്ര (3 വീതം), കർണാടക, തെലങ്കാന (2 വീതം), പഞ്ചാബ് (1) എന്നീ സംസ്ഥാനങ്ങളിലാണവ.

കേരളം (0.40), ഹരിയാന (0.74), തമിഴ്‌നാട് (0.93) സംസ്ഥാനങ്ങളിൽ രോഗവ്യാപന നിരക്ക് ഒന്നിനും താഴേക്ക് എത്തി. എന്നാൽ, തമിഴ്‌നാട്ടിൽ അറ് ജില്ലകളിൽ വലിയ രോഗവ്യാപനനിരക്കുണ്ട്. തെങ്കാശിയിൽ 6.27 ശതമാനവും വെല്ലൂരിൽ 1.64 ശതമാനവുമാണിത്.

ദേശീയ-സംസ്ഥാന ശരാശരിക്കും മുകളിൽ 28 ജില്ലകളിൽ രോഗവ്യാപന നിരക്ക് ഉയർന്നതിനാൽ, ലോക്ഡൗണിന് ഇളവുകൾ നൽകുമ്പോഴും പ്രാദേശികമായി രോഗപ്രതിരോധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഡൽഹി ഐഐടിയുടെ പഠനം.

കേന്ദ്ര ആരോഗ്യ മന്ത്രാലയം, ദേശീയ ദുരന്തനിവാരണ അതോറിറ്റി, ലോക ആരോഗ്യ സംഘടന എന്നിവയിൽ നിന്നുള്ള വിവരങ്ങളാണ് വിശകലനത്തിന് ഉപയോഗിച്ചത്. പ്രൊഫ. എൻ എം അനൂപ് കൃഷ്ണൻ, പ്രൊഫ. ഹരിപ്രസാദ് കൊടമണ്ണ എന്നിവരുടെ നേതൃത്വത്തിൽ ഡൽഹി ഐഐടിയിലെ സംഘമാണ് ഡാഷ്‌ബോർഡ് നിർമ്മിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News