കോവിഡ് ആണെന്ന സംശയത്തിൽ ആശുപത്രികൾ ചികിത്സ നിഷേധിച്ചു; മലയാളി സ്ത്രീ മരണത്തിന് കീഴടങ്ങി

നവിമുബൈയിൽ ഉൽവ നോഡിൽ താമസിച്ചിരുന്ന വിമലാ മോഹൻ (53) എന്ന മലയാളി സ്ത്രീയാണ് ചികിത്സ വൈകിയതിന്റെ പേരിൽ ദയനീയാവസ്ഥയിൽ മരണപ്പെട്ടത്. വീണ് പരിക്ക് പറ്റിയതിനെ തുടർന്ന് രണ്ടാഴ്ച്ച മുൻപ് ഇവരെ അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച്‌ ചികിത്സയിലായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്യുകയായിരുന്നു.

വീട്ടിലെത്തി രണ്ട് ദിവസത്തിന് ശേഷമാണ് ഇവർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടത്. അപ്പോൾ തന്നെ ഡോക്റ്ററുമായി ബന്ധപ്പെട്ടപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടു വരാൻ പറഞ്ഞൂ.

ഹോസ്പിറ്റലിൽ എത്തിയപ്പോൾ ചെറിയ ശ്വാസ തടസ്സം അനുഭവപ്പെട്ടതായി പറഞ്ഞു. അങ്ങിനെയെങ്കിൽ കോവിഡിന്റെ പരിശോധന ഫലം വേണമെന്നു ശഠിക്കുകയായിരുന്നു അപ്പോളോ ആശുപത്രിയിലെ അധികൃതർ. രണ്ടു ദിവസം മുൻപ് ഇവിടെ നിന്നും രോഗം ഭേദമായി പോയതിന്റെ മെഡിക്കൽ റിപോർട്ടുകൾ കാണിച്ചുവെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് ടെർണ ഹോസ്പിറ്റലിലും, വാശി ഫോർട്ടിസ് ഹോസ്പിറ്റലിലും കൊണ്ട് പോയിരുന്നെങ്കിലും അവരും പരിശോധിക്കാൻ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു.

ശ്വാസംമുട്ടൽ ഉള്ളതിനാൽ കോവിഡിന്റെ പരിശോധനാ ഫലം വേണമെനന്നായിരുന്നു ഇവരുടെയും ഡിമാൻഡ്. ഒടുവിൽ സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് നെരൂളിൽ തന്നെയുള്ള ഡി വൈ പാട്ടീൽ ഹോസ്പിറ്റലിൽ അഡ്മിഷൻ കിട്ടിയത്.

പക്ഷെ ചികിത്സക്ക് കാത്തു നിൽക്കാതെ വിമല വിടപറയുകയായിരുന്നു. ഒരു പക്ഷേ തക്ക സമയത്ത് ചികത്സ ലഭിച്ചിരുന്നുവെങ്കിൽ അവരെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

ചികത്സയിലുണ്ടായിരുന്ന ഒരു രോഗിയോട് അപ്പോളോ ആശുപത്രി അധികൃതർ എടുത്ത മനുഷ്യത്വരഹിതമായ നടപടിയാണ് മരണകാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. രണ്ട് ലക്ഷത്തോളം രൂപയാണ് ഇതേ ആശുപത്രിയിൽ 6 ദിവസത്തെ ചികിത്സയ്ക്കായി ചെലവാക്കിയത്.

പിന്നീട് അതേ രോഗിയെ രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും പരിശോധിക്കാൻ കൊണ്ട് വന്നപ്പോഴായിരുന്നു കോവിഡ് ആണെന്ന സംശയത്തിന്റെ പേരിൽ ചികിത്സ നിഷേധിച്ചത്. ഡി വൈ പാട്ടീൽ ഹോസ്പിറ്റലിൽ കോവിഡ് 19 പരിശോധന നടത്തിയതിന്റെ ഫലം ലഭിച്ചത് മരണ ശേഷമായിരുന്നു.

നെഗറ്റീവ് ആയിരുന്നു റിപ്പോർട്ട്. പെട്ടെന്ന് റിപ്പോർട്ട് സംഘടിപ്പിക്കുവാൻ കഴിയാതെ വന്നതിന്റെ പേരിൽ കോവിഡ് ആണെന്ന സംശയം ഉന്നയിച്ചാണ് വിമല മോഹനന് നവി മുംബൈയിലെ ആശുപത്രികൾ ചികിത്സ നിഷേധിച്ചത്.

നവി മുംബൈയിൽ സെക്ടർ 17ൽ ഉൾവയിലാണ് ഏക മകളോടൊപ്പം താമസിക്കുന്നത്. ഭർത്താവ് സോമൻ ഗൾഫിലാണ്. ആലപ്പുഴയാണ് സ്വദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News