സാലറി ചലഞ്ചിൽ പങ്കെടുക്കാതിരിക്കാൻ നിങ്ങൾക്ക് പല ന്യായങ്ങളും നിരത്താനുണ്ടാകും, പക്ഷെ പങ്കെടുക്കാൻ ഒരൊറ്റ കാരണം മാത്രം മതി ‘മനുഷ്യത്വം’;എഎന്‍ ഷംസീര്‍ എംഎല്‍എയുടെ കുറിപ്പ്

പ്രിയ സനേഷ്,

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ച് ഏറ്റെടുത്ത് ഒരുപാട് പ്രയാസങ്ങൾക്കിടയിലും ശമ്പളം സംഭാവന നല്കിയതിന് ഹൃദയത്തോട് ചേർത്ത് നിന്നെ അഭിവാദ്യം ചെയ്യട്ടെ.

നിന്നെ കുറിച്ച് ഓർക്കുമ്പോൾ 2005ലെ ഐതിഹാസികമായ കൗൺസിലിങ് സമരമാണ് ഓർമയിൽ വരുന്നത്. എന്റെ പൊതുപ്രവർത്തന ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്തത്ര തിളക്കമാർന്നതും ത്യാഗനിര്ഭരവുമായ സമരമായിരുന്നു അത്. കോഴികോട് imgയിലേക്ക് നടന്ന് നീങ്ങിയ sfi മാർച്ചിനെ 100 മീറ്റർ അകലെ വെച്ചു അന്നത്തെ ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ പോലീസ് നേരിട്ടത് യുദ്ധ സമാനമായ സന്നാഹങ്ങളോടെ ആയിരുന്നു.

സമരത്തിന് നേതൃത്വം നൽകിയ സ്വരാജ്ജും ഞാനും ബിനോയ് കുര്യനും എം.കെ.റിജുവും വിപി.റജീനയും പികെ.ബിജോയിയും ശബരീഷും അടക്കം മുഴുവൻ സഖാക്കളും കൊടിയ പോലീസ് മർദ്ദനത്തിനാണിരയായത്. സമരാനന്തരം ഞങ്ങളടക്കം 38 സഖാക്കളെയാണ് ജയിലിലടച്ചത്. അന്ന് സമരത്തിലെ സജീവ സാന്നിധ്യമായിരുന്ന നീയും അക്കൂട്ടത്തിലുണ്ടായിരുന്നു.

കൈപ്പത്തിയും കാലും പോലീസ് മർദ്ദനത്തിൻറെ ഭാഗമായി ഭീകരമായി പരിക്കേറ്റ നിലയിൽ ചികിത്സ പോലും നിഷേധിച്ചാണ് ജയിലിലടച്ചത്. ജയിലിലെ ആദ്യ ദിവസങ്ങളിൽ സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്ന എന്നെ സഖാക്കളായ നീയും ശബരീഷുമൊക്കെ ചേർന്നാണ് കുളിപ്പിച്ചതും ഭക്ഷണം കഴിപ്പിച്ചതുമെല്ലാം.

ജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ ദിവസങ്ങളായിരുന്നു അത്. സമരങ്ങളിലൂടെയും ജയിൽവാസങ്ങളിലൂടെയും രൂപപ്പെടുന്ന സൗഹൃദം വലിയ ഉന്നതിയിലാണ് ജീവിതത്തിൽ നമ്മൾ ഓർത്തു വെക്കുക. നീയുമായുള്ള സൗഹൃദം അങ്ങനെയൊന്നായിരുന്നല്ലോ.

തുടർന്ന് psc എഴുതി നീ പോലീസ് സേനയുടെ ഭാഗമായപ്പോഴും നമ്മൾ പരിമിതികൾക്കുള്ളിൽ നിന്നും ബന്ധം തുടർന്ന് പോന്നിരുന്നു.സമരമുഖങ്ങളിൽ മുഖാമുഖം നിന്നപ്പോഴും എന്നെയും എന്റെ സഖാക്കളെയും അടിക്കാൻ നിന്റെ കൈ ഒരിക്കൽപോലും ഉയരാത്തത് കാണുമ്പൊൾ ആ പഴയ സമരഭടനെ നിന്റെ കണ്ണുകളിൽ കണ്ടിട്ടുണ്ട്. “ഷംസീർക്ക..” എന്ന വിളിയിൽ ആ പഴയ സഹപ്രവർത്തകന്റെ സ്നേഹവും കരുതലും എന്നുമുണ്ടായിരുന്നു.

മാസങ്ങൾക്ക് മുൻപാണ് നിന്റെ ഗൗരവകരമായ അസുഖ വാർത്ത മന്ത്രി സ: ബാലന്റെ സ്റ്റാഫിലെ സജീവൻ വഴി ഞാനറിഞ്ഞത്. പിന്നീട് നിരന്തരം ഓരോ ഘട്ടത്തിലും നാം ബന്ധപെട്ടിരുന്നു . വലിയ തുകയാണ് ചികിത്സക്ക് ഓരോ മാസവും നിനക്ക് വേണ്ടത്. വ്യക്തിപരമായി ഏറെ ബുദ്ധിമുട്ടിലായിരിക്കുമ്പോഴും നാടിനൊപ്പം നില്ക്കാൻ നീ കാണിക്കുന്ന ജാഗ്രതയാണ് ഫേസ്ബുക്കിൽ അത്രയൊന്നും സജീവമല്ലാത്ത എന്നെ ഈ കുറിപ്പിന് പ്രേരിപ്പിച്ചത്.

ഇന്നിതിവിടെ പറയാതെ പോകാൻ ആവില്ലല്ലോ. സേനയുടെ ഭാഗമായി കോവിഡ് പ്രതിരോധത്തിന്റെ മുന്നളി പോരാളി ആയി നില്ക്കാൻ സാഹചര്യം നിന്നെ അനുവദിക്കാത്തത് നിന്നെ ഒട്ടേറെയൊന്നുമല്ല അലട്ടുന്നതെന്നറിയാം..

നാടിൻറെ സാഹചര്യം ഉൾകൊണ്ട് നീ നിന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുമ്പോൾ വല്ലാത്ത ആവേശവും പ്രതീക്ഷയുമാണ് സുഹൃത്തേ നീ നാടിന് നൽകുന്നത്. നീ നിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അവസാനം ചേർത്ത വരികൾ ഇങ്ങനെയായിരുന്നല്ലോ..

“സർക്കാരിന്റെ സാലറി ചലഞ്ചിൽ പങ്കെടുക്കാതിരിക്കാൻ നിങ്ങൾക്ക് പല ന്യായങ്ങളും നിരത്താനുണ്ടാകും,…….. പക്ഷെ പങ്കെടുക്കാൻ ഒരൊറ്റ കാരണം മാത്രം മതി………

” മനുഷ്യത്വം ” “

ജീവത്തിലുടനീളം സന്തോഷവും നന്മയും ആശ്വാസവും നേർന്ന് കൊണ്ട് നിർത്തട്ടെ..!

എ.എൻ.ഷംസീർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News