സോപാന ഗായകരുടെ കൂട്ടായ്മയ്ക്ക് വഴിയൊരുക്കി ലോക്ക്ഡൗണ്‍ കാലം

സോപാന സംഗീത സംരക്ഷണത്തിനായി സോപാന ഗായകരുടെ കൂട്ടായ്മയ്ക്ക് വഴിയൊരുക്കി ലോക്ക് ഡൗണ്‍ കാലം. ഞെരളത്ത് കലാശ്രമം തുടങ്ങിയ സംരംഭമാണ് കേരളത്തിലെ 250ഓളം വരുന്ന സോപാനഗായകര്‍ ഏറ്റെടുത്ത് സോപാന ഗായക സംഘമെന്ന പേരില്‍ വെറും 5 ദിവസങ്ങള്‍ക്കൊണ്ട് വളര്‍ന്നത്.

ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ കലാകാരന്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമെത്തിക്കുന്നുവെന്ന പ്രഖ്യാപനമെത്തിയപ്പോഴാണ് കേരളത്തിലെ സോപാന സംഗീത കലാകാരന്‍മാര്‍ ചിതറിക്കിടക്കുകയാണെന്ന് വ്യക്തമായത്. ഈ തിരിച്ചറിവ് വലിയ ലക്ഷ്യത്തോടെയുള്ള കൂട്ടായ്മയിലേക്കുള്ള ചുവടുവെയ്പായി മാറി.

250 ഓളം വരുന്ന സോപാന ഗായകരെ ഒരുമിപ്പിക്കുന്നതിന് ഞെരളത്ത് കലാശ്രമം 10വര്‍ഷങ്ങളായി നടത്തുന്ന പരിശ്രമമാണ് ഭദ്ര ചെറുതുരുത്തിയെന്ന പെണ്‍ സോപാനഗായിക ഉള്‍പ്പെടേയുള്ള മുതിര്‍ന്ന 12 സോപാനഗായകര്‍ ഏറ്റെടുത്ത് ”സോപാനസംഗീത സംരക്ഷണസേന” യായി മാറിയത്.

പൂര്‍വീകരുടെയും നിലവിലുള്ള കലാകാരന്‍മാരുടെയും ചിത്രം,ശബ്ദം,ആലാപനം,കേരളീയ രാഗങ്ങള്‍ തുടങ്ങിയവയെല്ലാം ശേഖരിച്ച് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ പൊതു സ്വത്തായി വരും തലമുറക്കായി സൂക്ഷിച്ചു വെക്കും.
ഇടക്ക നിര്‍മാണത്തില്‍ സോപാനഗായകര്‍ക്ക് പരിശീലനം നല്‍കുകയും അതിനാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ ലഭ്യമാക്കുക, സോപാനസംഗീതത്തിന്റെ പെരുമയെ ദേശങ്ങള്‍ക്കപ്പുറമെത്തിക്കുക തുടങ്ങിയ വലിയ ലക്ഷ്യമാണ് ഈ പാട്ടുകാക്കും കൂട്ടത്തിനുള്ളത്.

ഇന്ത്യയിലാദ്യമായി കലാകാരന്‍മാരുടെ ഡാറ്റ ബാങ്കുണ്ടാക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം ആരംഭിച്ചു കഴിഞ്ഞു. കലാകാരന്‍മാര്‍ക്ക് ആനുകൂല്യങ്ങള്‍ നേടിയെടുക്കുക എന്നതിലുപരി സോപാന സംഗീതത്തിന്റെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സോപാന സംഗീത കലാകാരന്‍മാരെ ഒരുമിപ്പിക്കുകയാണ് കൂട്ടായ്മയിലൂടെ.

എല്ലാ വര്‍ഷവും സോപാനഗായക സംഗമം സംഘടിപ്പിച്ച് അഖില കേരള സോപാനസംഗീതോല്‍സവം നടത്തും.ആദ്യ സംഗീതോല്‍സവം ഗുരുവായൂരില്‍ നടത്താനാണ് ശ്രമം. കലാകാരന്‍മാരുടെ വ്യക്തി വിവരങ്ങളുള്‍പ്പെടെ ശേഖരിച്ച് കലാരംഗത്തെയും ജീവിതത്തിലെയും സാഹചര്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തും.

സോപാന സംഗീത കലാമേഖയെക്കുറിച്ചും കലാകാരന്‍മാരുടെ ജീവിത സാഹചര്യത്തെക്കുറിച്ചും സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News