‘അവര്‍ മനുഷ്യരായിരുന്നു; മഞ്ഞവാലുള്ള കുഞ്ഞിക്കിളിയെ ഇന്ന് കണ്ടില്ല’; വയനാട്ടില്‍ കൊവിഡ് മുക്തനായ അന്‍ഷാദിന്റെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുകള്‍

അങ്ങനെ കാത്തിരുന്ന ആ ഫലവും ഒടുവില്‍ നെഗ റ്റീവായി.വയനാട്ടില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ച മൂന്നുപേരില്‍ അവസാനത്തെയാളും ആശുപത്രിക്ക് പുറത്തേക്ക്.
മേപ്പാടി നെടുങ്കരണയിലെ അന്‍ഷാദ് അലിക്കും ഇത് മറ്റൊരു ജീവിതമായിരുന്നു.

28ദിവസങ്ങള്‍ അന്‍ഷാദ് മാനന്തവാടി കോവിഡ് ആശുപത്രിയിലായിരുന്നു. മറ്റുള്ളവരുടെ ഫലം വേഗത്തില്‍ നെഗറ്റീവായപ്പോള്‍ അന്‍ഷാദിന് പിന്നെയും കാത്തിരിക്കേണ്ടി വന്നു. ഐസൊലേഷന്‍ വാര്‍ഡിലെ ആ ജീവിതത്തില്‍ കുഞ്ഞുകുറിപ്പുകളെഴുതുകയായിരുന്നു അന്‍ഷാദ്.

അല്‍പ്പം വയ്യായ്ക തോന്നുകയോ മാനസികമായി തളരുകയോ ചെയ്താല്‍ ഓടിയെത്തുന്ന ആശുപത്രിജീവനക്കാര്‍, ജനലിലൂടെ എന്നും കാണുന്ന മഞ്ഞവാലുള്ള കുഞ്ഞിക്കിളി, മഴ അങ്ങനെയെല്ലാം ആ കുറിപ്പുകളിലുണ്ട്.

മുന്‍പൊന്നും ഇങ്ങനെ കുറിപ്പുകളെഴുതി ശീലമില്ല അന്‍ഷാദിന്. എന്നാല്‍ ഈ കാലം മറ്റൊന്നും പോലല്ലല്ലോ. എഴുതിവെക്കാതെ പോവരുത് ഈ അതിജീവനകാലം എന്ന തോന്നലിലായിരുന്നു കുറിപ്പുകളെല്ലാം.

അവരെല്ലാവരും മനുഷ്യരായിരുന്നു എന്ന തലക്കെട്ടിന് താഴെ അന്‍ഷാദ് അലി ഇങ്ങനെയെഴുതി…

‘പി പി ഇ കിറ്റ് എന്നറിയപ്പെടുന്ന പടച്ചട്ടയണിഞ്ഞ് ജാതിയോ മതമോ ചോദിക്കാതെ സ്‌നേഹം എന്ന ഭാഷയില്‍ മാത്രം സംസാരിക്കുന്ന മനുഷ്യര്‍ .അവര്‍ ധൈര്യപൂര്‍വ്വം സ്‌നേഹത്തോടെ അടുത്തുവന്ന് പരിചരിക്കുന്നത് കാണുമ്പോള്‍ മനസ്സ് നിറയും’

മാതൃകാപരമായിരുന്നു ദുബായില്‍ നിന്ന് വരുമ്പോള്‍ അന്‍ഷാദ് നടത്തിയ മുന്‍കരുതലുകള്‍.കുഞ്ഞുമകനെ ഉള്‍പ്പെടെ വീട്ടില്‍ നിന്ന് മാറ്റി.ഉമ്മമാത്രമായിരുന്നു വീട്ടില്‍.(ഉമ്മയുടെ പരിശോധനഫലം നെഗ റ്റീവായിരുന്നു)വീട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്ക് മണവും രുചിയുമൊന്നും അറിയാത്ത അവസ്ഥയായി.ചെറിയ ലക്ഷണങ്ങള്‍ കണ്ടതോടെ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിച്ചു.കഴിഞ്ഞ മുപ്പതിന് വന്ന പരിശോധനാഫലം പോസിറ്റീവ്.

ആശങ്കയുണ്ടായിരുന്നെങ്കിലും ആത്മവിശ്വാസം പകരുന്നതായിരുന്നു ആരോഗ്യപ്രവര്‍ത്തകരുടെ സാമീപ്യം.
ആദ്യ ദിവസത്തെക്കുറിച്ച് ഇങ്ങനെയെഴുതി അന്‍ഷാദ്.

‘ഇവിടെ എനിക്ക് കുറേയേറെ പരിചയക്കാരെ കിട്ടി.എന്നെ ഒരു രോഗിയെപ്പോലല്ല,മകനായോ സുഹൃത്തായോ സഹോദരനായോ ആണ് ഇവിടെല്ലാവരും കാണുന്നത്.സങ്കടങ്ങളുണ്ട്,സന്തോഷത്തിന്റെ നിമിഷങ്ങള്‍
പ്രതീക്ഷപകരുന്നു…’

ആദ്യത്തെ ഏഴ് ദിവസങ്ങളില്‍ നല്‍കിയ മരുന്നുകളൊഴിച്ചാല്‍ പിന്നെ വൈറസിനെതിരായ ആന്റിബോഡി ശരീരത്തില്‍ രൂപപ്പെടുന്നതിന് ആവശ്യമായ വിറ്റാമിനുകള്‍ മാത്രമാണ് നല്‍കിയത്.ഇതിനിടെ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍
ആശുപത്രിവിട്ടു.കണിക്കൊന്നകള്‍ നല്‍കി പുറത്ത് എല്ലാവരും അവരെ സ്വീകരിച്ചപ്പോള്‍ ഒറ്റപ്പെട്ടതുപോലെ തോന്നി അന്‍ഷാദിന്.എന്നാല്‍ അതും ഒപ്പമുള്ള ജീവനക്കാരുടെ ഇടപെടലിനാല്‍ മാറി.

ലോകത്തെ അടച്ചിട്ടുള്ള ആ ഒറ്റപ്പെടല്‍ ദിനങ്ങളില്‍ അന്‍ഷാദിന് ഒരു കൂട്ടുകാരിയുണ്ടായിരുന്നു.ഒരു മഞ്ഞവാലുള്ള കുഞ്ഞിക്കിളി.ഒരു കുറിപ്പില്‍ അതേക്കുറിച്ച് പറയുന്നു.

‘ഒരു ദിവസം ഉച്ചക്ക് ദേ നല്ല ഉഗ്രന്‍ മഴ .മഴയും നോക്കിയിരുന്നു.
അന്ന് രാത്രിയും നല്ല മഴപെയ്തു.രാവിലെ ജനാല ചില്ലിനുപുറത്ത് തൊടിയില്‍ ഇന്നലെ പെയ്ത മഴയില്‍ ചാഞ്ഞ വാഴയുണ്ട്.മഴച്ചാറ്റല്‍ തുടരുന്നകൊണ്ടാവാം മുന്‍ ദിവസങ്ങളില്‍ കണ്ട മഞ്ഞവാലുള്ള കുഞ്ഞിക്കിളിയെ കണ്ടില്ല.’

ആ ദിവസങ്ങളില്‍ പ്രകൃതി കൂടുതല്‍ മനോഹരമായിരുന്നു.
എല്ലാം കഴിഞ്ഞ് ഈ ലോകത്തെ കൂടുതല്‍ മനസ്സിലാക്കണമെന്ന് അന്‍ഷാദ് വിചാരിക്കുകയായിരുന്നു അപ്പോഴെല്ലാം.

നോമ്പുകാലം തുടങ്ങിയിരുന്നു.ലഭിച്ച ഫലങ്ങളെല്ലാം നെഗറ്റീവ് തന്നെ.

‘സാമ്പിള്‍ എടുത്തയച്ചു.പരീക്ഷാഫലം കാത്തിരിക്കുന്നത് പോലെ.ഫലം വന്നു.ഞാന്‍ തോറ്റു.വീണ്ടും പോസിറ്റീവ്.നിരാശ’
എന്ന് ആ ദിവസങ്ങളിലൊന്നില്‍ കുറിച്ചപ്പോള്‍
അറിയാതെ ഒരു കണ്ണീര്‍ത്തുള്ളി പൊഴിഞ്ഞു.

കഴിഞ്ഞ ദിവസം എന്നാല്‍ ആഹ്ലാദത്തിന്റേതായിരുന്നു.
മാലാഖമാര്‍ എന്നപോലെ ചിലര്‍ വന്നു.എല്ലാം ശെരിയായിരിക്കുന്നു.വീട്ടിലേക്ക് പോവണ്ടേ…
എന്ന് ചോദിച്ചു.

മനുഷ്യര്‍ ദൈവത്തിന്റെ ശബ്ദത്തില്‍ സംസാരിക്കുന്നതായി അന്‍ഷാദിന് തോന്നി.വീട്ടിലേക്ക് തിരികെപ്പോവുകയാണ്.കാരുണ്യത്തിന്റെ മുഖങ്ങളിലേക്ക് നോക്കി കൈകൂപ്പിനിന്നു.

ഇപ്പോള്‍ അന്‍ഷാദ് വീട്ടിലാണ്.ഉമ്മയുണ്ട്.14ദിവസം കൂടി നിരീക്ഷണമുണ്ട്.പുതിയ ഭൂമിയെന്ന പോലെ,പുതിയ ജീവിതമെന്നപോലെ അന്‍ഷാദ് ഇപ്പോള്‍ ആഹ്ലാദിക്കുന്നു.

ഈ കാലം കഴിയുകയും പുതിയപൂക്കളും ആകാശവും മനുഷ്യനുമേല്‍ സ്‌നേഹവും കാരുണ്യവും ചൊരിയുന്നതും അന്‍ഷാദ് സ്വപ്നം കാണുന്നു.നന്ദിയല്ലാതെ ഒന്നും പറയാനില്ല ഇപ്പോഴയാള്‍ക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News