വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടുക്കി (ഏപ്രിൽ 26), കോട്ടയം (ഏപ്രിൽ 27), പത്തനംതിട്ട (ഏപ്രിൽ 28), കോട്ടയം (ഏപ്രിൽ 29), വയനാട് (ഏപ്രിൽ 30), എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ്.
ഏപ്രിൽ 26 മുതൽ ഏപ്രിൽ 30 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കുക.
ഇടിമിന്നൽ – ജാഗ്രത നിർദേശങ്ങൾ
കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം).
ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

Get real time update about this post categories directly on your device, subscribe now.