വിവാദങ്ങള്‍ കണ്ട് ശരിയായ ഒരു നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോവില്ല; കഴമ്പില്ലാത്ത വിവാദങ്ങള്‍ നാടിനുണ്ടാക്കിയ ദോഷമെന്തെന്ന് ഇത്തരക്കാര്‍ ആലോചിക്കണം: മുഖ്യമന്ത്രി

സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഒരു നടപടിയും കഴമ്പില്ലാത്ത വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പിന്നോട്ട് പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഈ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട് വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ ആ വഴിക്ക് പോകുക എന്നതെ ഉള്ളു സര്‍ക്കാര്‍ ഇത്തരക്കാരുടെ വാദങ്ങള്‍ മുഖവിലക്കെടുക്കില്ല.

ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലെ തന്നെ ചില മാധ്യമങ്ങളാണ് ഇത്തരക്കാര്‍ക്ക് പ്രചോദനമാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

നാം മുന്നോട്ടിലെ മുഖ്യമന്ത്രിയുടെ പ്രതികരണം

ചോദ്യം: ലോകമെമ്പാടും കണ്ടു വരുന്ന ഒരു പ്രവണതയുണ്ട്.വിവാദങ്ങൾക്ക് മുമ്പിൽ രാഷ്ട്രീയ നേതൃത്വവും പെർമനന്‍റ് എക്സിക്യട്ടീവ് എന്നു പറയുന്ന ബ്യാറോക്രസിയും പകച്ചു നിൽക്കുന്നു.കേരളത്തിലും ഇത്തരത്തിലുളള ഒരുപാട് ഏടുകളുണ്ട്.ഇപ്പോ‍ഴത്തെ വിവാദ പശ്ചാത്തലത്തിൽ ഈയൊരു കാര്യത്തോട് എങ്ങനെയാണ് മുഖ്യമന്ത്രി പ്രതികരിക്കുക?

ഉത്തരം: യഥാർത്ഥത്തിൽ അത് തിരിച്ചറിയേണ്ടത് നമ്മുടെ നാട്ടിലെ മാധ്യമങ്ങളാണ്.നിർഭാഗ്യവശാൽ കേരളത്തിലെ മഹാഭൂരിപക്ഷം മാധ്യമങ്ങളും പ്രത്യേകിച്ച് പ്രധാനപ്പെട്ട പലതും ഇത്തരത്തിലുളള വിവാദങ്ങളെ ഉയർത്തിക്കൊണ്ടുവരാനാണ് പല ഘട്ടത്തിലും ശ്രമിച്ചിട്ടുളളത്. ഓരോ ഘട്ടത്തിലും അത് നാട്ടിലുണ്ടാക്കിയിട്ടുളള ദോഷമെന്താണ് എന്നത് സ്വാഭാവികമായും അവർ വിലയിരുത്തേണ്ടാണല്ലോ.നാടിന്‍റെ അഭിവൃദ്ധിക്കു വേണ്ടിയാണല്ലോ എല്ലാവരും നിലകൊളളുന്നത്.

എന്നാൽ ഒരു ഘട്ടം ക‍ഴിഞ്ഞാൽ അടുത്ത ഇത്തരത്തിലുളള വിവാദം എന്താണ് കിട്ടുക എന്ന് നോക്കിയിരിക്കുന്ന അവസ്ഥയിലാണ് ചില മാധ്യമങ്ങൾ നിൽക്കുന്നത്.യഥാർത്ഥത്തിൽ മാധ്യമങ്ങളുടെ പ്രോത്സാഹനമാണ് ഇത്തരം വിവാദങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതിന് ഇടയാക്കുന്നത്.അത് മാധ്യമങ്ങൾ തിരിച്ചറിയേണ്ടതായിട്ടുണ്ട്.നാടിന്‍റെ അഭിവൃദ്ധിയ്ക്ക് തടസമാകുന്ന ഒന്നാണത്.

ഒരു സർക്കാർ ഒരു നടപടിയുമായി മുന്നോട്ട് പോകുമ്പോൾ, ആ നടപടി വിവാദത്തിൽ പെടുമ്പോൾ സാധാരണ നിലയ്ക്ക് ഒരാൾ അല്ലെങ്കിൽ ആളുകൾ “ഓ എന്തിനാ വെറുതെ ഇതിന്‍റെ മേലെ വിവാദങ്ങൾ ഏറ്റുവാങ്ങുന്നത്?എന്‍റെ പേരെന്തിനാണ് മോശമാക്കുന്നത്?അതുകൊണ്ട് അതിൽ നിന്ന് പിൻവാങ്ങിക്കളയാം”എന്ന് വിചാരിക്കും.

ഞാൻ നേരത്തെ പ്രഖ്യാപിച്ച ഒരു കാര്യമുണ്ട്,ശരിയല്ലാത്ത ഒരു വിവാദത്തിന്‍റേയും മേലെ ശരിയായ ഒരു നടപടിയും പിൻവലിക്കില്ല എന്ന് ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആ ഒരു നിലപാട് തന്നേയാണ് സ്വീകരിച്ചുവരുന്നത്.വിവാദ വ്യവസായികൾ അവരുെട മനസിൽ കെട്ടിച്ചമച്ചുണ്ടാക്കുന്ന ആക്ഷേപങ്ങൾ പരസ്യമായി ഉയർത്തിയാൽ അതിന്‍റെ മേലെ ഏതെങ്കിൽ പദ്ധതികൾ ഉപേക്ഷിക്കുക എന്നൊരു നിലപാട് ഒരു സർക്കാരിന് സ്വീകരിക്കാൻ പറ്റില്ല എന്നത് തന്നെയാണ് ഇപ്പോ‍ഴുളള സർക്കാരിന്‍റെ ദൃഢമായ അഭിപ്രായം.ആ നിലയ്ക്ക് തന്നെയാണ് മുന്നോട്ടുപോകുന്നത്.

ചോദ്യം: കോവിഡ് കാലത്തിന്‍റെ പ്രത്യേകത ലോകം മു‍ഴുവൻ കേരളത്തെ പ്രശംസിക്കുന്നുവെന്നതാണ്.ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ കേരളം ചർച്ച ചെയ്യപ്പെടുന്നു. എന്നാൽ കേരളത്തിൽ മാധ്യമ തലക്കെട്ടുകളിൽ പല ദിവസങ്ങളിലും വിവാദങ്ങളാണ് തെളിഞ്ഞു നിൽക്കുന്നത്.ഇത് കേരളത്തിന്‍റെ ശാപമാണോ?മുഖ്യമന്ത്രിയെന്ന നിലയിൽ ഈ വിവാദങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത് ?

ഉത്തരം: എനിക്കതിൽ ഏറ്റവും രസകരമായി തോന്നിയത്,പ‍ഴയ ചീഫ് സെക്രട്ടറി പോൾ ആന്‍റണിയുടെ ലേഖനം മാതൃഭൂമി പത്രത്തിൽ വന്നിരുന്നു.അതിന്‍റെ അവസാനം അദ്ദേഹം എ‍ഴുതിയിട്ടുണ്ട്.ഇപ്പോൾ പല വ്യവസായങ്ങളും അടഞ്ഞുപോയിട്ടുണ്ട്.എന്നാൽ അടയാത്ത ഒന്ന് വിവാദ വ്യവസായം മാത്രമാണ് എന്ന്.

ഇത് നമ്മുടെ നാടിന്‍റെ ശാപമായി തന്നെ നിൽക്കുകയാണ്.അതിൽ ഉത്തരവാദപ്പെട്ട പലരും ഇത്തരത്തിലുളള അനാവശ്യ വിവാദങ്ങൾ ഉയർത്തിക്കൊണ്ടു വരാൻ വല്ലാതെ മെനക്കെടുന്നു എന്നതാണ് നമ്മുടെ നാടിന്‍റെ ദുര്യോഗം എന്ന് മലയാളത്തിൽ പറയാറില്ലേ,അത്തരമൊരു അവസ്ഥ ഉണ്ടാക്കുന്നത്.ഇത് നാം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് .പക്ഷെ പെട്ടന്നൊന്നും മാറുന്ന സ്വഭാവം ഒന്നും അല്ല അത്.എല്ലാ കാലത്തും ഇത്തരം കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് നമ്മുക്ക് എല്ലാവർക്കും അറിയാം.

ചോദ്യം: പ‍ഴയ വിവാദങ്ങളെ കുറിച്ച് മുഖ്യമന്ത്രി സ്മരിക്കുകയുണ്ടായി.പ‍ഴയ വാർത്തകളിലൂടെയൊക്കെ കണ്ണോടിച്ചപ്പോൾ ഇന്ന് അതൊക്കെയെങ്ങനെയാണ് ഓർത്തെടുക്കുന്നത്.ഉദാഹരണത്തിന് കമല ഇന്‍റർനാഷണൽ എന്ന സ്ഥാപനമുണ്ടോയെന്നതിനെ കുറിച്ച് ആദായനികുതി വകുപ്പുപോലും അന്വേഷിക്കേണ്ട സ്ഥിതി പോലുമുണ്ടായി…

ഉത്തരം: അത് പ‍ഴയ കഥയാണല്ലോ,ഞാനിപ്പോൾ അതിലേക്കൊന്നും വിശദമായിട്ട് പോകുന്നില്ല.നമ്മുടെ നാട്ടിൽ പലരും വല്ലാതെ തെറ്റിദ്ധരിച്ച സമയമായിരുന്നല്ലോ അത്.ആ ഘട്ടത്തിലും നാട് നല്ല നിലയിൽ ഒന്നിച്ചു നിന്നു എന്നതായിരുന്നു പ്രത്യേകത.ഇത്തരം വിവാദങ്ങളെ മുഖവിലയ്ക്കെടുക്കുന്ന നിലപാടല്ല നാട് പൊതുവെ സ്വീകരിച്ചത്.അതൊരു പ്രത്യേകത തന്നെയാണ്.വിവാദങ്ങൾ ഉയർത്തുന്നവർ കാണേണ്ടത് വിവേചന ബുദ്ധിയോടെ മാത്രമേ ആളുകൾ ഇതു സ്വീകരിക്കൂ.

അത് കൃത്യമായി മനസിലാക്കുന്നത് നല്ലതാണ്.ശരിയല്ലാത്ത ചില കാര്യങ്ങൾ ഉയർത്തി അതിന്‍റെ മേലെ അപൂർവം ചില ഘട്ടത്തിൽ നേട്ടമുണ്ടാക്കാൻ ക‍ഴിഞ്ഞിട്ടുണ്ട്.അതിപ്പോൾ എന്‍റെ കാര്യത്തിൽ അല്ലെങ്കിൽ വേറെ ചില കാര്യത്തിൽ.അങ്ങനെ വന്നപ്പോൾ അവർക്കത് ഊർജ്ജമായി മാറിയിട്ടുണ്ട് എന്നത് സംശയിക്കേണ്ടതായിട്ടുണ്ട്.അതും ഇതിനൊരു ഘടകമാണ് എന്നാണ് തോന്നുന്നത്.

ചോദ്യം: ഇപ്പോ‍ഴത്തെ വിവാദത്തോട് ചേർത്തു നിർത്താവുന്നത് കേരളത്തിന്‍റെ വിഭവ ഭൂപടം അമേരിക്കയ്ക്ക് വിറ്റു എന്ന വിവാദമാണ്.ഒന്നര പതിറ്റാണ്ട് മുമ്പ് നടന്ന ആ വിവാദത്തിന്‍റെ വിവരങ്ങൾ ഇന്നാരെങ്കിലും വായിച്ചാൽ പൊട്ടിച്ചിരിക്കും. എത്രെയോ നെടുങ്കൻ ലേഖനങ്ങൾ പോലും എഴുതപ്പെട്ടു. നമ്മുടെ കിണറിനെ കുറിച്ചും പഞ്ചായത്ത് ഓഫീസിനെ കുറിച്ചുമൊക്കെയുളള വിവരങ്ങൾ അമേരിക്ക അടിച്ചോണ്ടു പോകുന്നുവെന്നായിരുന്നു ആക്ഷേപം.ആ വിവാദം സൃഷ്ടിച്ച ചിലർ ഇന്ന് വീട്ടിൽ പോകാൻ ഗൂഗിൾ മാപ്പിൽ വിലാസമടിക്കുന്നതിലേക്ക് ലോകം മാറി.മുഖ്യമന്ത്രി ഒന്ന് ആ പ‍ഴയകാലത്തേക്ക് തിരഞ്ഞു നേക്കുമോ ?

ഉത്തരം: അക്കാലത്ത് വളരെ രസകരമായ രീതിയിൽ ആയിരുന്നു ആക്ഷേപം ഉയർന്നു വന്നത്.നമ്മളെല്ലാം അപകടത്തിൽ ആകാൻ പോകുന്നുവെന്ന മട്ടിലായിരുന്നു അത് പ്രചരിപ്പിച്ചിരുന്നത്.അതെല്ലാം ചിലരെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു.

ചില പ്രത്യേക വ്യക്തികളെ ലക്ഷ്യമിട്ടുകൊണ്ടുളള ആക്രമണങ്ങൾ വളരെ വലുതായിരുന്നുവെന്ന് നാമോർക്കണം.അത്തരം കാര്യങ്ങളിലേക്ക് വിശദമായി ഞാൻ പോകുന്നില്ല,എങ്കിലും പറഞ്ഞുവന്നപ്പോൾ ഞാനോർക്കുന്നത് ഒന്നു രണ്ടു പേർക്കെതിരെയുളള കേന്ദ്രീകരിച്ചുളള ആക്രമണം ഒരു ഘട്ടത്തിൽ വന്നു.

അത് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ആയതുകൊണ്ട് അതിനെതിരെയുളള അതിശക്തമായ നിലപാട് സ്വീകരിച്ച് ഞാനും രംഗത്തുവന്നു.അപ്പോൾ ചിലരെന്നോട് ചോദിച്ചു നിങ്ങളെന്തിനാണ് ഇങ്ങനെ മിനക്കെടുന്നത്.നിങ്ങളെ പറ്റിയൊന്നും പറഞ്ഞിട്ടില്ലല്ലോ.അങ്ങനെയാണോ കാര്യങ്ങൾ നമ്മൾ കാണേണ്ടത്?അപ്പോൾ ബോധപൂർവം ആളെ ലക്ഷ്യമിട്ട് തകർക്കുന്നതിനുളള ശ്രമങ്ങളാണ് നടന്നിട്ടുളളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News