ഉത്തരവ് കത്തിച്ച ഗുരുശ്രേഷ്‌ഠർ ഇത് കാണണം; ഇവരിൽ നിന്നിത്തിരി പഠിക്കണം !

കോവിഡിനെ തുടര്‍ന്ന് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കേരളത്തിന് പെന്‍ഷന്‍രൂപ സംഭാവനയായി നല്‍കി മാതൃകയാവുകയാണ് തിരുവല്ല മണ്ഡലത്തിലെ പൊടിയാടിയിയിലെ ഒരു കുടുംബം.

മുന്‍ മന്ത്രി മാത്യൂ ടി തോമസ് ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  6 ദിവസത്തെ ശമ്പളം പിന്നീടെന്ന സർക്കാർ ഉത്തരവ് കത്തിച്ചു പ്രതിഷേധിച്ചവർ ഇത് കാണണമെന്നാണ് അദ്ദേഹം കുറിപ്പിലൂടെ പറയുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഉത്തരവ് കത്തിച്ച ഗുരുശ്രേഷ്‌ഠർ ഇത് കാണണം.
ഇവരിൽ നിന്നിത്തിരി പഠിക്കണം !

തിരുവല്ല മണ്ഡലത്തിലെ പൊടിയാടിയിൽ നിന്നും രാവിലെ ഒരു ഫോൺ കാൾ.
ബ്ളോക് പഞ്ചായത്ത് അംഗം ബിനിൽ കുമാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഒരു കുടുംബത്തിന്റെ സംഭാവന സ്വീകരിക്കാൻ എത്തണമെന്നാണ് ആവശ്യം.
ചെന്നു.

സംഭാവന നൽകുന്നവരുടെ ചുറ്റുപാടുകൾ കണ്ടപ്പോൾ വാങ്ങാൻ വലിയ മടി തോന്നി.
ലക്ഷ്മീഭവൻ വീട്ടിലെ ഗണേശൻ മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നു. സാമൂഹ്യ ക്ഷേമ പെൻഷൻ 1200 രൂപ പ്രതിമാസം.

ഭിന്നശേഷിക്കാരിയായ മകൾ നീതു ഗണേശനും പ്രതിമാസ പെൻഷൻ 1200രൂപ. (ഏപ്രിൽ മുതൽ 1300 ആയി വർധിപ്പിച്ചിട്ടുണ്ടല്ലോ) ഇവരെ പരിചരിക്കുന്ന ഗൃഹനാഥ ഗീത ഗണേശന് 600 രൂപയും ചേർത്ത് കുടുംബത്തിന്റെ ആകെ വരുമാനം 3000 രൂപ.
നിർധനരെന്നു പറയേണ്ടതില്ലല്ലോ.

സർക്കാർ രണ്ടു തവണകളിലായി 6 മാസത്തെ പെൻഷൻ നൽകിയപ്പോൾ കുടുംബമായി എടുത്ത തീരുമാനമാണ്, ഒരു മാസത്തെ മുഴുവൻ തുകയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകണമെന്നതു.

രാവിലെ ആ തുക വളരെ വേദനയോടെ എന്നാൽ ആ കുടുംബത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയിൽ അത്ഭുതത്തോടെ ഏറ്റു വാങ്ങി. ഗ്രാമ പഞ്ചായത്ത് അംഗം ചന്ദ്രലേഖയും സന്നിഹിതയായിരുന്നു.

6 ദിവസത്തെ ശമ്പളം പിന്നീടെന്ന സർക്കാർ ഉത്തരവ് കത്തിച്ചു പ്രതിഷേധിച്ചവർ ഇത് കാണണം.
മനുഷ്യത്വം അല്പമെങ്കിലുമുണ്ടെങ്കിൽ ഈ കുടുംബത്തെ ഒന്ന് അഭിനന്ദിക്കണം.

കുറ്റൂർ വഞ്ചിമലയിൽ നിരഞ്ജന, സായിലക്ഷ്മി, ആവണി, അമേയ എന്നീ കുട്ടികൾ അവർക്കു കിട്ടിയ വിഷുകൈനീട്ടം 5150 രൂപ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകി.

കവിയൂരിലെ ശിവാനി , ആദർശ് , ആഷിക് , അനാമിക , നിതിൻ , ദുര്ഗ, ആനിദേവ് എന്നീ കുട്ടികൾ വിഷുകൈനീട്ടമായി കിട്ടിയ 2000 രൂപ ദുരിതാശ്വാസനിധിയിലേക്കി നൽകി. കവിയൂർ ‘അമ്മ ബഡ്ജറ്റ് ഹോട്ടലിന്റെ ഒരു ദിവസത്തെ വരുമാനം 3500 രൂപയും നൽകി.

നൽകലിന്റെ സന്തോഷം നമുക്കും പങ്കു വെക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News