അഞ്ചക്ക ശമ്പളത്തില്‍നിന്ന് സേഫ് സോണിലിരിക്കുന്ന ഞാനുള്‍പ്പെടുന്ന അധ്യാപക സമൂഹം ഈ അതിജീവനകാലത്ത് എന്ത് ചെയ്തു? ലജ്ജ തോന്നുന്നു ആ സംഘടനയോട്; അധ്യാപികയുടെ കുറിപ്പ് വൈറലാകുമ്പോള്‍

ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം മാറ്റിവയ്ക്കാനുള്ള സർക്കാർ ഉത്തരവ് കത്തിക്കാൻ ആഹ്വാനം ചെയ്ത സംഘടനയിൽ അംഗമായതിൽ ലജ്ജിക്കുന്നു. ആ സംഘടനയിൽ ഇനി ഞാനില്ല. സംസ്ഥാന അധ്യാപക അവാർഡ് ജേത്രി ജോളി തോമസിന്റെ വാക്കുകളാണിത്.

മുഹമ്മ സിഎംഎസ് എൽപി സ്‌കൂൾ പ്രധാനാധ്യാപികയും എച്ച്എം ഫോറം ചേർത്തല ഉപജില്ലാ കൺവീനറുമായ ജോളി തോമസ് സ്‌കൂൾ അധ്യാപക വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച പോസ്റ്റിന്റെ പൂർണരൂപം:

‘സാലറി ചലഞ്ചിനെതിരെ ഒരു അധ്യാപക സംഘടനയിലെ ചിലർ (അവർ അധ്യാപകരാണോ എന്നെനിക്കറിയില്ല, ആണെന്ന് പറയുന്നു) കാട്ടിയ ഗംഭീര പ്രകടനം. പല കോണുകളിൽനിന്നും സാരി ഉടുത്തവരും നൈറ്റി ഇട്ടവരും ചുരിദാറിട്ടവരുമൊക്കെ ഉത്തരവ് കത്തിക്കുന്നത് കണ്ടു.

ആ തീ ഉടുത്തിരുന്ന തുണിയിൽ കത്തിപിടിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോകയാണ്. ഇത് എന്റെ രാഷ്ട്രീയമല്ല, രോദനമാണ്.. നന്മയുടെ പുറകെ കൊടിപിടിക്കുന്ന ഒരുകൂട്ടം അധ്യാപകരുടെ രോദനം.

‘ഗുരു’ അന്ധകാരം നീക്കി വെളിച്ചം പകരുന്നവർ…
എന്ത് ഇരുട്ടാണവർ നീക്കുന്നത്?.
എന്ത് വെളിച്ചമാണവർ ഒരു തലമുറയ്ക്ക് നൽകുന്നത്?.
ലജ്ജ തോന്നുന്നു, കത്തിച്ചതിലല്ല ആ അധ്യാപക സംഘടനയിലെ  അംഗമായി പോയതിൽ. എല്ലാരാഷ്ട്രീയത്തിനും അതാതിന്റെ നിലപാടുകളുണ്ട്.

പക്ഷെ, ഇതിനെ അതിജീവനകാലത്തെ സമൂഹനിന്ദയായിട്ടേ കാണാൻ പറ്റുന്നുള്ളു.
ഒരു വർഷം എല്ലാ ആനുകൂല്യങ്ങളും പറ്റി 365 ദിവസത്തിനുള്ളിൽ  കൂടിപ്പോയാൽ 195 ദിവസം ജോലി ചെയ്യുന്ന ഞാനുൾപ്പെടുന്ന അധ്യാപക സമൂഹം ഈ അതിജീവനകാലത്ത് എന്ത് ചെയ്തു?
എന്റെ കുഞ്ഞുങ്ങൾ എന്റെ മുഖത്തു നോക്കി ചോദിച്ചാൽ ഉത്തരമില്ല.

പൊലീസ് ജീപ്പിന് കൈകാണിച്ചു പെൻഷൻ തുക ഏൽപ്പിക്കുന്ന അമ്മമാർ. വിഷുക്കൈനീട്ടം തുടങ്ങി ചെറിയ സമ്പാദ്യങ്ങൾവരെ ഒരുകൈ നന്മയ്ക്കായി മാറ്റിവയ്ക്കുന്ന കുഞ്ഞുങ്ങൾ.

ഇവരൊക്കെ നമ്മെ വിസ്മയപ്പെടുത്തി കൊണ്ടിരിക്കുന്ന സമയത്ത്, കൃത്യമായി അഞ്ചാംതീയതിക്കു മുൻപായി കിട്ടിക്കൊണ്ടിരിക്കുന്ന അഞ്ചക്ക ശമ്പളത്തിൽനിന്ന് സേഫ് സോണിലിരിക്കുന്ന എന്നെപ്പോലുള്ളവരോട് ആറുദിവസത്തെ ശമ്പളം ചോദിച്ച സർക്കാർ ഉത്തരവ് കത്തിച്ച ഈ സംഘടനയിൽ ഇനി ഞാനില്ല.

നാടിന് മാതൃക ആകേണ്ടവരായ നമ്മൾ നമ്മുടെ നാടിനെ കത്തിച്ചുകളയുന്നു… ലജ്ജാവഹം.’ പ്രളയകാലത്ത് സാലറി ചലഞ്ചിനെതിരെ സംഘടന നിലപാടെടുത്തപ്പോഴും ജോളി തോമസും സഹപ്രവർത്തകരും ഒരു മാസത്തെ ശമ്പളം ആദ്യം തന്നെ നൽകി നവകേരള സൃഷ്ടിക്കായി കൈകോർത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News