ആന്റണി വെട്ടിക്കുറച്ച അവകാശങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടല്ലോ?

സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് സ്വയം അപഹാസ്യരായ , അദ്ധ്യാപകരെന്ന പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരേ.. നിങ്ങള്‍ അപമാനിച്ചത് അദ്ധ്യാപക സമൂഹത്തെ മാത്രമല്ല, മനുഷ്യന്‍ എന്ന മഹത്തായ പദത്തെക്കൂടിയാണ്. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അധ്യാപകരുടെ വെട്ടിക്കുറച്ച അവകാശങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന ഓര്‍മപ്പെടുത്തിക്കൊണ്ട് അഡ്വ. ടി കെ സുരേഷ് എഴുതുന്നു.

അഡ്വ ടികെ സുരേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

നിങ്ങള്‍ കത്തിച്ചു കളഞ്ഞത് കേവലം
കടലാസു കഷ്ണങ്ങളല്ല ..
മറിച്ച്, മനുഷ്യത്വമെന്ന മഹത്തായ വികാരത്തെയാണ് ..

ഇനി നിങ്ങളെങ്ങിനെ കുട്ടികളുടെ മുന്നില്‍
ചെന്നു നിന്ന് ഉള്ളൂരിന്റെയും, കുമാരനാശാന്റെയും കവിതകള്‍ പഠിപ്പിക്കും ..?

നിങ്ങളെങ്ങിനെ ബൈബിളും ഗീതയും ഖുര്‍ആനും വായിക്കും?
നിങ്ങളെങ്ങിനെ സ്വയം മനുഷ്യന്‍ എന്നു വിശേഷിപ്പിക്കും …?

സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് സ്വയം അപഹാസ്യരായ , അദ്ധ്യാപകരെന്ന പേരില്‍ അറിയപ്പെടുന്ന
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരേ ..

നിങ്ങള്‍ അപമാനിച്ചത് അദ്ധ്യാപക സമൂഹത്തെ മാത്രമല്ല ..
മനുഷ്യന്‍ എന്ന മഹത്തായ പദത്തെക്കൂടിയാണ്

മാസവും മുടങ്ങാതെ കിട്ടുന്ന ശമ്പളത്തിന്റെ ബലത്തില്‍
ഞങ്ങള്‍ സുരക്ഷിതരാണെന്ന്
അതിരുവിട്ട് അഹങ്കരിക്കുന്ന
നിങ്ങള്‍ മറക്കരുത്..

നിങ്ങളുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാരെ ക്രിമിനലുകളായിക്കണ്ട് വേട്ടയാടിയ
ആ പഴയ ഇരുണ്ടനാളുകള്‍ …

പ്രളയകാലത്തു പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കേണ്ടി വന്നതില്‍ ദു:ഖമുണ്ട്
എങ്കിലും പറയുന്നു..
നിങ്ങളില്‍ ചിലര്‍ തലമറന്ന് എണ്ണ തേയ്ക്കും മുമ്പ് ഒരിക്കലെങ്കിലും ഓര്‍ക്കണം
ആ പീഢയുടെ നാളുകള്‍ ….
2002 ഫെബ്രുവരി 6 മുതല്‍ മാര്‍ച്ച് 9 വരെയുള്ള ആ 32 ദിവസങ്ങള്‍…

അന്നും നിങ്ങള്‍ പക്ഷേ സമരം ചെയ്തിട്ടുണ്ടാകില്ല.
നിങ്ങള്‍ എന്നും ഒറ്റുകാരായിരുന്നല്ലോ ..
കരിങ്കാലികള്‍ ….

അന്നു നിങ്ങള്‍ക്കുകൂടി വേണ്ടി അദ്ധ്യാപക സര്‍വ്വീസ് സംഘടനകള്‍ സമരം ചെയ്ത് തെരുവിലിറങ്ങിയത്
ഏതെങ്കിലും പുതിയ ആനുകൂല്ല്യങ്ങള്‍ക്കോ ശമ്പളവര്‍ധനവിനോ വേണ്ടി ആയിരുന്നില്ല. നിങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങളും ശമ്പളവും AK ആന്റണി നയിച്ച UDF സര്‍ക്കാര്‍ കവര്‍ന്നെടുത്ത തിനെതിരെയായിരുന്നു.

ആ ഇരുണ്ട നാളുകളെക്കുറിച്ച് ചെന്നിത്തലയും ആന്റണിയും ,ചാണ്ടിയും സൗകര്യപൂര്‍വ്വം മറന്നെന്നു നടിക്കുന്നത്……
ചരിത്രമെന്തെന്നറിയാത്ത , നൂലില്‍ കെട്ടിയിറക്കിയ അല്‍പ്പന്‍മാരായ ഫെയ്‌സ് ബുക്ക് മര്യാദരാമന്‍മാര്‍ അതൊന്നും ഓര്‍ക്കുകയേ ചെയ്യാതെ ,സാലറി ചലഞ്ച് എന്നത് legalised plunder അഥവാ നിയമമാക്കപ്പെട്ട പിടിച്ചുപറിയാണെന്നെല്ലാം പുലമ്പി കഴിഞ്ഞ കാലത്ത് സര്‍ക്കാറിനെ അധിക്ഷേപിച്ചത് ….
അതൊന്നും നിങ്ങളോടുള്ള പ്രണയം കൊണ്ടല്ല…
LDF സര്‍ക്കാറിനോടുള്ള സഹിഷ്ണുത ക്കുറവുകൊണ്ടു മാത്രമാണ് …

LDF സര്‍ക്കാര്‍ പിടിച്ചുപറിയ്ക്കുന്നു എന്ന് ഇവരെല്ലാം പാടിപ്പറയുമ്പോള്‍
നിങ്ങളുടെ ശ്രദ്ധയെ ഇവരുടെ ഭരണമുണ്ടായിരുന്ന
ആ പഴയ ദിനരാത്രങ്ങളിലേക്ക് ക്ഷണിക്കുകയാണ്.

ആന്റണി മുഖ്യമന്ത്രിയായിരിക്കെ
2001 ജുണ്‍ 16ന് UDF സര്‍ക്കാര്‍ പുറപ്പെടുവിച്ച ധവളപത്രത്തില്‍ പറഞ്ഞിരുന്നത് ഓര്‍മ്മയില്ലേ –

‘കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനെടുക്കുന്ന ഓരോ തീരുമാനവും വിവിധ ജനവിഭാഗങ്ങളില്‍നിന്ന് വ്യത്യസ്ത അളവില്‍ ‘ത്യാഗം’ ആവശ്യപ്പെടുന്നു എന്നായിരുന്നു നിങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അതില്‍ മനോഹരമായി എഴുതിച്ചേര്‍ത്ത ആപ്തവാക്യം ..

അതും പറഞ്ഞ് ആന്റണി വെട്ടിക്കുറച്ച അവകാശങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന്
നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടല്ലോ ??

2002 ജനുവരി 8 ന് UDF കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോവളത്തു ചേര്‍ന്ന UDF നേതൃയോഗമാണ് ജീവനക്കാരുടെ വേതനം വെട്ടിച്ചുരുക്കുന്നതിനും തസ്തിക വെട്ടിക്കുറയ്ക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ മന്ത്രിസഭയ്ക്ക് നിര്‍ദേശം നല്‍കിയത്.

അതിന്റെ വെളിച്ചത്തില്‍ 2002 ജനുവരി 16 ന് ഒരുകറുത്ത ഉത്തരവിലൂടെ UDF സര്‍ക്കാര്‍ നിങ്ങളുടെ പോക്കറ്റടിച്ചെടുത്തത് എന്തെല്ലാമാണെന്ന് നിങ്ങള്‍ മറന്നു പോയോ ?

വെറുതേ ഒന്ന് ഓര്‍മ്മിപ്പിക്കാം

1) സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവിലുള്ള ശമ്പളം വെട്ടിക്കുറച്ചു
2) സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമേല്‍ ഒന്നാം തീയതി ശമ്പളം കൊടുക്കേണ്ട. 15 – ആം തീയതി ശമ്പളം കൊടുത്താല്‍ മതി എന്നു തീരുമാനിച്ചു.
3) 80,000 ജീവനക്കാര്‍ അധികമാണെന്ന പ്‌ളാനിങ് ബോര്‍ഡ് ശുപാര്‍ശ നടപ്പിലാക്കാന്‍ ആ തസ്തികകള്‍ കണ്ടെത്തി 1.4.2002നകം റിപ്പോര്‍ട്ട് നല്‍കാന്‍ ധനകാര്യ ചെലവ് ചുരുക്കല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി
4) ഇതനുസരിച്ച് ‘സ്വയം പിരിഞ്ഞുപോകാന്‍’ (ഗോള്‍ഡന്‍ ഷെയ്ക്ക് ഹാന്റ്) ജീവനക്കാര്‍ക്ക് ‘നിര്‍ബന്ധിത സാഹചര്യം സൃഷ്ട്ടിച്ചു. .
5) 1967ല്‍ ഇ എം എസ് മന്ത്രിസഭ ജീവനക്കാര്‍ക്ക് നല്‍കിയ ലീവ് സറണ്ടര്‍ നിര്‍ത്തലാക്കി
6) പെന്‍ഷന്‍ കമ്യൂട്ടേഷന്‍ വെട്ടിക്കുറച്ചു.
7) സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തടഞ്ഞുവെച്ചു.
8)ലാഭകരമല്ലാത്ത’ സ്‌ക്കൂളുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി.
9) പ്രൊട്ടക്ഷനിലുള്ള അധ്യാപകര്‍ക്കുള്ള സംരക്ഷണം പിന്‍വലിച്ചു.
10) പുതുതായി സര്‍വീസില്‍ കയറുന്നവര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ഇല്ലാതാക്കി.
11 ) സര്‍വ്വീസില്‍ കയറിയ ആദ്യരണ്ടുവര്‍ഷക്കാലം അവര്‍ക്ക് ക്ഷാമബത്തയും മറ്റ് അലവന്‍സുകളും ഇല്ലാത്ത പരിശീലന കാലമാക്കി
12) ഭവന നിര്‍മ്മാണ വായ്പ, വാഹന വായ്പ, കമ്പ്യൂട്ടര്‍ വായ്പ എന്നിവ എല്ലാം നിര്‍ത്തലാക്കി.
ഇതിനും പുറമേ മറ്റു നിരവധി ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ടു ..

ഇങ്ങനെ വെട്ടിക്കുറച്ചതൊന്നും തല്‍ക്കാലത്തേയ്ക്കുള്ള ‘കയ്പന്‍ കഷായം” മാത്രമല്ലെന്നും കുറച്ചത് പുനഃസ്ഥാപിക്കില്ലെന്നും ആന്റണി ആവര്‍ത്തിച്ച് ഉറപ്പിച്ചിരുന്നതും നിങ്ങള്‍ മറന്നു പോയിക്കാണും ..

നിരവധി തവണ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധം അറിയിച്ചെങ്കിലും എന്തെങ്കിലും ഫലമുണ്ടായോ ?
ഇതിനേ തുടര്‍ന്നല്ലേ ജീവനക്കാരുടെ സംഘടനകള്‍ ചേര്‍ന്ന് ഐക്യവേദി രൂപീകരിച്ച് ജീവനക്കാര്‍ പണിമുടക്കിനിറങ്ങിയത്.

പണിമുടക്കില്‍ നിന്ന് പിന്മാറാന്‍ സെറ്റോ നേതാക്കള്‍ക്ക് KPCC നിര്‍ദേശം നല്‍കിയെങ്കിലും ആ നിര്‍ദേശം പുല്ലുപോലെ തള്ളിക്കളഞ്ഞ് അവരും സമരത്തിനിറങ്ങിയില്ലേ ?.

2002 ജനുവരി 23ന് ഡയസ്നോണ്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവല്ലേ സമരത്തെ സ്വാഗതം ചെയ്യാന്‍ UDF സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

അക്കാലത്തെ
മുഖ്യമന്ത്രിആന്റണി, സര്‍ക്കാര്‍ ജീവനക്കാരെക്കുറിച്ച് പറഞ്ഞതെന്താണെന്ന് ഓര്‍മ്മയില്ലേ ?
‘സര്‍ക്കാര്‍ ജീവനക്കാരെ തീറ്റിപ്പോറ്റാന്‍ മാത്രം ഖജനാവ് തുറന്നു വെയ്ക്കുന്നതെന്തിനാണ് ‘ എന്നാണ് അദ്ദേഹം ചോദിച്ചത്.

കേരളത്തില്‍ ജീവനക്കാര്‍ അധികമാണെ”ന്നും ‘പണിയെടുക്കാതെ ശമ്പളം പറ്റുകയും അനര്‍ഹമായ ആനുകൂല്യങ്ങള്‍ പറ്റുകയും ചെയ്യുന്നവരാണ് ജീവനക്കാര്‍” എന്നും ജീവനക്കാര്‍ ‘മുണ്ടുമുറുക്കി ഉടുക്ക”ണമെന്നും ‘കയ്പ്പ്കഷായം” കുടിക്കണമെന്നും പറഞ്ഞ് ‘
സര്‍ക്കാര്‍ ജീവനക്കാരുടെ ആത്മാഭിമാനത്തെ അവഹേളിച്ച ആന്റണിയെന്ന മുഖ്യമന്ത്രിയെയും അന്നത്തെ UDF സര്‍ക്കാറിനെയും നിങ്ങള്‍ മറന്നു പോകരുത്.

അന്നത്തെ UDF കണ്‍വീനറെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകുമല്ലോ ..
ഇന്ന് നിങ്ങള്‍ക്കായി മുതലക്കണ്ണീരൊഴുക്കി ഉപദേശങ്ങള്‍ നല്‍കുന്ന ഉമ്മന്‍ചാണ്ടി.

ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തതിലും അപമാനകരമായിരുന്നു ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും മറ്റും ജീവനക്കാരെക്കുറിച്ചുള്ള പുലഭ്യം പറച്ചില്‍.

‘സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രം അങ്ങനെ സുഖിക്കണ്ട” എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ തിരുമൊഴി.

‘സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു മാസം പൂട്ടിക്കിടന്നാലും ഇവിടെ ഒരു ചുക്കും സംഭവിക്കില്ലെ”ന്നും ‘150 ദിവസം വിദ്യാലയത്തില്‍ എത്തുന്ന അധ്യാപകര്‍ 365 ദിവസത്തെ ശമ്പളം പറ്റുന്നു” എന്നുമായിരുന്നു ആന്റണിയും ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയു മുള്‍പ്പെടുന്ന UDF നേതാക്കളുടെ മൊഴിമുത്തുകള്‍ ..

അന്നത്തെ ധനകാര്യമന്ത്രി ശങ്കരനാരായണന്‍ ചോദിച്ചത്
‘ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തില്ലെങ്കില്‍ തൂക്കിക്കൊല്ലുമോ?” എന്നായിരുന്നു

പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാരെ ശത്രുസൈന്യത്തെ നേരിടും പോലെ തെരുവില്‍ നേരിടാന്‍ ഗുണ്ടാസംഘങ്ങളെയുള്‍പ്പെടെ ആശിര്‍വ്വദിച്ചു വിട്ടത് നിങ്ങളുടെ UDF നേതാക്കളായിരുന്നുവെന്ന് നിങ്ങള്‍ക്ക് എളുപ്പത്തില്‍ മറക്കാന്‍ കഴിയുമോ ?

സമരത്തെ നേരിടാന്‍ എസ്മ പ്രയോഗിക്കുകയും അതു പ്രകാരം
രാത്രി വീടുവളഞ്ഞും യാത്ര ചെയ്യുമ്പോള്‍ ബസ് തടഞ്ഞുനിര്‍ത്തിയും മറ്റും കേരളത്തിലങ്ങോളമിങ്ങോളം അറസ്‌റുചെയ്യപ്പെട്ടത് 533 ജീവനക്കാര്‍.. ഇവരില്‍ 36 പേര്‍ വനിതകള്‍.

2002 ഫെബ്രുവരി 6 മുതല്‍ മാര്‍ച്ച് 9 വരെയുള്ള ആ 32 ദിനരാത്രങ്ങള്‍ കേരളത്തിലെ ജീവനക്കാരുടെയും അധ്യാപകരുടെയും സമരചരിത്രത്തിലെ അടിച്ചമര്‍ത്തലുകളുടെയും ചെറുത്തുനില്‍പ്പിന്റെയും ഐതിഹാസിക നാളുകളായിരുന്നു.

ആ കാലത്ത് നിങ്ങള്‍ക്കൊപ്പം നിന്നവരാണ് ഞങ്ങള്‍ ..
ഞങ്ങള്‍.. ഈ കേരളത്തിലെ പൊതുസമൂഹം.

പിന്നീട് 2013 ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായ കാലത്തും ജീവനക്കാരുടെ പോക്കറ്റടിച്ചതും നിങ്ങള്‍ സമരമുഖത്തിറങ്ങേണ്ടി വന്നതും നിങ്ങള്‍ മറന്നു പോയിട്ടില്ലെന്നു കരുതട്ടെ

ഇക്കാലത്തെല്ലാം സമൂഹത്തിന്റെ ശത്രുക്കളെന്ന പ്രതിശ്ചായ ആന്റണിയും ചാണ്ടിയും ചെന്നിത്തലയും കൂട്ടരും നിങ്ങള്‍ക്ക് കനിഞ്ഞ് നല്‍കിയപ്പോള്‍ അതിനെതിരെ നിങ്ങള്‍ക്കു വേണ്ടി വാതോരാതെ പ്രസംഗിച്ചു നടന്നവരാണ് ഞങ്ങള്‍ …

UDF സര്‍ക്കാര്‍ കൊള്ള ചെയ്‌തെടുത്ത നിങ്ങളുടെ ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് പൂര്‍വ്വാധികം ശക്തിയില്‍ സ്ഥാപിച്ചു തന്നവരാണ് ഞങ്ങളുടെ കൂടി വി യര്‍പ്പിന്റെ ഉല്‍പ്പന്നമായ തുടര്‍ന്നു വന്ന LDF സര്‍ക്കാറുകള്‍ ….

എന്നാല്‍ നിങ്ങളില്‍ ചിലര്‍ എല്ലാം പെട്ടന്ന് മറന്നു പോകുന്നുവോ ??

എല്ലാം മറന്ന് നിങ്ങള്‍ നിങ്ങളുടെ കാര്യം മാത്രം ചിന്തിക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വന്നോട്ടെ ?

ഒരു മാസത്തെ ശമ്പളം അഞ്ചു തവണകളായെങ്കിലും ദുരിതാശ്വാസത്തിനു കൊടുക്കാന്‍ തയ്യാറാകാത്ത നിങ്ങളുടെ യോഗ്യത നിങ്ങള്‍ തന്നെ സ്വയം പരിശോധിക്കേണ്ടതല്ലേ ..?

സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച നിങ്ങളില്‍,
എത്ര പേര്‍ PSC എഴുതി ജോലിക്കു കയറിയവരാണ് ..
എത്ര പേര്‍ B.Ed നും T.T.C യ്ക്കും മെറിറ്റില്‍ അഡ്മിഷന്‍ നേടിയവരാണ് ?

മാനേജര്‍മാരുടെ തുലാസില്‍ തൂക്കി വാങ്ങിയ ജോലിയുമായി നടക്കുന്ന
എത്ര പേരുണ്ട് നിങ്ങള്‍ക്കിടയില്‍ ?

എന്നിട്ടും നിങ്ങള്‍ ഞങ്ങളുടെ നികുതിപ്പണം സര്‍ക്കാറില്‍ നിന്നും ശമ്പളമായി പറ്റുന്നു..

പക്ഷേ ഞങ്ങള്‍ ചോദിക്കട്ടെ..
ഞങ്ങളുടെ നികുതിപ്പണം കൊണ്ട് ആന്റണിയും ചാണ്ടിയും UDF നേതാക്കളും 2002 ല്‍ പറഞ്ഞ പോലെ നിങ്ങളെന്തിനാണ് സാധാരണ മനുഷ്യര്‍ക്കില്ലാത്ത ആനുകൂല്ല്യങ്ങള്‍ അനുഭവിച്ച് സുഖിക്കുന്നത് ?

ലോകം ഒരു മഹാമാരിയെ നേരിടുമ്പോള്‍ ..
കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോള്‍ ..
ഒരു വലിയ ദുരന്തത്തില്‍ നിന്നും കരകയറാന്‍ ഏതു കച്ചിത്തുരുമ്പും ആശ്രയമാക്കുന്ന ഈ കാലഘട്ടത്തില്‍..
ഒരു മാസത്തെ ശമ്പളം തവണ കളായെങ്കിലും നാടിന്റെ ദുരിതാശ്വാസത്തിനു കൊടുക്കാന്‍ തയ്യാറാകാത്ത നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യകാര്യത്തില്‍ ഈ സമൂഹത്തിനെന്താണ് ആശങ്കപ്പെടാനുള്ളത് .

ഞാനുള്‍പ്പെടുന്ന നികുതിദായകരുടെ വിയര്‍പ്പിന്റെ പണം കൊണ്ട് എന്തിനാണ് നിങ്ങള്‍ക്കും നിങ്ങളുടെ ബന്ധുക്കള്‍ക്കും കൂടി മെഡിക്കല്‍
റീ- ഇമ്പേഴ്‌സ്‌മെന്റുള്‍പ്പെടെയുള്ള ആനുകൂല്ല്യങ്ങള്‍ നല്‍കുന്നത് ?

സാധാരണ കൂലിപ്പണിക്കാരും പ്രൈവറ്റ് ഫേമിലെ ജോലിക്കാരും , മറ്റു പ്രൊഫഷണല്‍സും , ബിസിനസ്സുകാരും അനുഭവിക്കാത്ത നിരവധി ആനുകൂല്ല്യങ്ങളാണ് ഇപ്പറഞ്ഞ കൂട്ടരുടെകൂടി നികുതിപ്പണം കൊണ്ട് നിങ്ങളുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

പൊതുസമൂഹത്തിന്റെ ചെലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിക്കുന്ന ചില ആനുകൂല്യങ്ങള്‍ ജനങ്ങള്‍കൂടി അറിഞ്ഞുകൊള്ളട്ടെ ..

1) മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ് .
സര്‍ക്കാര്‍ ജീവനക്കാരനോ , അവരുടെ ഭാര്യ ഭര്‍ത്താവ് കുട്ടികള്‍ മാതാപിതാക്കള്‍ ഇവരിലാര്‍ക്കെങ്കിലുമോ അസുഖം പിടിപെട്ടാല്‍ ചികിത്സ പ്രൈവറ്റ് ആശുപത്രിയില്‍ നടത്തിയാലും അതിന്റെ ചെലവ് (നമ്മുടെ നികുതിപ്പണം കൊണ്ട് )സര്‍ക്കാര്‍ വഹിക്കുന്നു. അവരുടെ ആരോഗ്യം നമ്മുടെ വിയര്‍പ്പുതുള്ളികളുടെ അടിത്തറയില്‍ ഭദ്രമാണ്.
2) ഞായറാഴ്ച്ച , രണ്ടാം ശനി, കലണ്ടറിലെ മറ്റ് ചുകന്ന അക്കങ്ങള്‍ എന്നീ ദിവസങ്ങളെല്ലാം ശമ്പളത്തോടെ അവധി
3) ഒരുവര്‍ഷം 20 ദിവസത്തെ ശമ്പളത്തോടെയുള്ള കാഷ്വല്‍ ലീവ്. അദ്ധ്യാപകര്‍ക്കാണെങ്കില്‍ 15 ദിവസത്തെ കാഷ്വല്‍ ലീവ്.
4) ഒരു വര്‍ഷം 33 ദിവസത്തെ ആര്‍ജ്ജിത അവധി
(Earned leave) .11 ദിവസം ജോലി ചെയ്താല്‍ ഒരു ദിവസം ശമ്പളത്തോട് കൂടിയ ഒരു ലീവിനുള്ള അവകാശം . ഞായറാഴ്ച്ച , രണ്ടാം ശനി, കലണ്ടറിലെ മറ്റ് ചുകന്ന അക്കങ്ങള്‍ എന്നിവയ്ക്ക് പുറമേ ഇത് വര്‍ഷത്തില്‍ 33 ദിവസത്തോളം വരും .
5) ഈ 33 ദിവസത്തെ ആര്‍ജ്ജിത അവധിയില്‍ 30 ദിവസത്തെ ലീവ് സറണ്ടര്‍ ചെയ്ത് ക്യാഷായി കൈപ്പറ്റാനുള്ള അവകാശം.( ഒരു വര്‍ഷത്തില്‍ ജോലി ചെയ്യാത്ത 13 -ആം മാസത്തെ ശമ്പളം )
6) ഇതിനു പുറമേ 20 ദിവസത്തെ പകുതി ശമ്പളത്തോടെ യു ളള half Pay leave. ഇത് കമ്മൂട്ട് ചെയ്ത് 10 ദിവസത്തെ Full Pay ലീവിനുസമമാക്കാനുള്ള അവകാശം.
7) സ്ത്രീ ജീവനക്കാര്‍ക്ക് 6 മാസത്തെ ശമ്പളത്തോടെയുള്ള പ്രസവാവധി. പുരുഷജീവനക്കാര്‍ക്ക് ഭാര്യയുടെ പ്രസവത്തിന് 10 ദിവസത്തെ പെറ്റേണിറ്റി ലീവ്.
8 ) കുട്ടികളില്ലാതെ ദത്തെടുക്കുന്നവരാണെങ്കില്‍ അതിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് 6 മാസത്തെ ശമ്പളത്തോടെയുള്ള അവധി. ( ദത്തെടുക്കുന്ന പുരുഷജീവനക്കാരന് 10 ദിവസത്തെ ശമ്പളത്തോടെയുള്ള ലീവ് വേണമെന്ന ആവശ്യം നിലനില്‍ക്കുന്നു. )
9 ) അദ്ധ്യാപകര്‍ക്കാണെങ്കില്‍ 2 മാസത്തെ വേനല്‍ അവധി.
10) ഓണം , ക്രിസ്തുമസ് അവധികളും, വീണുകിട്ടുന്ന മറ്റ് പലവിധ ലീവുകളും ശമ്പളത്തോടെത്തന്നെ. …
11) സര്‍വ്വീസിലിരിക്കെ മരണപ്പെട്ടാല്‍ ആശ്രിതന് യോഗ്യതയ്ക്കനുസരിച്ച സര്‍ക്കാര്‍ ജോലി
12 ) വിധവയ്ക്ക് – വിഭാര്യന് അല്ലെങ്കില്‍ അര്‍ഹതപ്പെട്ടയാള്‍ക്ക് മരണംവരെ
കുടുംബ പെന്‍ഷന്‍..
മറ്റ് നിരവധി ആനുകൂല്യങ്ങള്‍ വേറെയും

ഇനി പെന്‍ഷന്‍കാരുടെ കാര്യം..

1) 30 വര്‍ഷം സര്‍വ്വീസുണ്ടെങ്കില്‍ ഫുള്‍ പെന്‍ഷന്‍. അതായത് അവസാനത്തെ 10 മാസം വാങ്ങുന്ന ശമ്പളത്തിന്റെ ശരാശരിയുടെ പകുതി പ്രതിമാസ പെന്‍ഷന്‍
2) 30 വര്‍ഷത്തില്‍ കുറവ് സര്‍വ്വീസുള്ളവര്‍ക്ക് സര്‍വീസിന് ആനുപാതികമായ പെന്‍ഷന്‍
3) 15 വര്‍ഷത്തെ പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്‌തെടുക്കാനുള്ള അവകാശം
4) മെഡിക്കല്‍ അലവന്‍സ്
5) പെന്‍ഷണര്‍ മരണപ്പെട്ടാല്‍ വിധവയ്ക്ക് – വിഭാര്യന് മരണംവരെ കുടുംബ പെന്‍ഷന്‍..

ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപകരേ .. സര്‍ക്കാര്‍ ജീവനക്കാരേ …
ഈ ആനുകൂല്യങ്ങളൊന്നും നിങ്ങള്‍ കൈപ്പറ്റുന്നതില്‍ ഒരു വിരോധവുമില്ല .
ഏറെ സന്തോഷമുണ്ട് താനും ..

പക്ഷേ ഇതെല്ലാം ഈ സമൂഹത്തിന്റെ വിയര്‍പ്പില്‍ നിന്നും നേടിയെടുത്ത് നിങ്ങളില്‍ ചിലരെങ്കിലും ഈ സമൂഹത്തെ നോക്കി പല്ലിളിക്കുകയാണ് .

ഈ പറഞ്ഞ അവകാശങ്ങളൊന്നും നിങ്ങളുടെ ആജീവനാന്തപരിരക്ഷകളാണെന്നും നിങ്ങള്‍ സുരക്ഷിതരാണെന്നുമുള്ള ധാരണയൊന്നും വേണ്ട.

മഹാമാരിയുടെ ഈ ദുരന്ത കാലത്തും നെറികെട്ട രാഷ്ടീയം കളിക്കുന്ന, നിങ്ങളുടെ UDF മുന്നണി, നിര്‍ഭാഗ്യവശാല്‍ വീണ്ടുമൊന്ന് അധികാരത്തിലെത്തിയാല്‍ തീരാവുന്നതേയുള്ളൂ നിങ്ങള്‍ കെട്ടിപ്പിടിച്ചു നടക്കുന്ന നിങ്ങളുടെ അവകാശ സാമ്രാജ്യങ്ങള്‍..

LDF സര്‍ക്കാര്‍ നിങ്ങള്‍ക്ക് അനുവദിച്ചു തന്നതും
UDF സര്‍ക്കാര്‍ പലപ്പോഴായി വെട്ടിക്കുറച്ചതും പിന്നീട് LDF സര്‍ക്കാര്‍ പുന:സ്ഥാപിച്ചതുമായ ആനുകൂല്യങ്ങളുടെ ആകെ തുകയുടെ ഒരു ചെറിയ ശതമാനമേ വരൂ ഈ നാടിന്റെ ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള തീവ്ര ശ്രമത്തില്‍ സര്‍ക്കാര്‍ നിങ്ങളോട് ആവശ്യപ്പെട്ട കൈത്താങ്ങ് .

2002 ല്‍ മുഖ്യമന്ത്രി ആന്റണിയും , ധനമന്ത്രി ശങ്കരനാരായണനും മറ്റു മന്ത്രിമാരും UDF നേതാക്കളും പറഞ്ഞ പോലെ ഒരു ശാപവാക്കും ഇവിടെ മുഖ്യമന്ത്രിയോ ധനമന്ത്രിയോ നേതാക്കളോ ഇന്നേവരെ നിങ്ങളോട് പറഞ്ഞിട്ടില്ലല്ലോ ..

സാമൂഹ്യ പതിബദ്ധതയുള്ള ജീവനക്കാര്‍ സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന എന്നേ ഏറ്റെടുത്ത് നടപ്പാക്കിക്കഴിഞ്ഞു.
അവര്‍ക്കും ഇനി പൂര്‍ണ്ണമനസ്സാലെ ഏറ്റെടുക്കാന്‍ പോകുന്നവര്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍ ..

പ്രളയ മുഖത്തു പോലും നാടിനു താങ്ങാകാത്ത ചില നികൃഷ്ടജന്‍മങ്ങള്‍ നിങ്ങള്‍ക്കിടയിലുണ്ടായതുകൊണ്ടാണ് ..
ഈ കോവിഡ് കാലത്തും നിങ്ങളില്‍ ചിലര്‍ ഈ നാടിനോട് പുറംതിരിഞ്ഞു നിന്നതുകൊണ്ടാണ് …
സര്‍ക്കാരിന് ഒരു ഉത്തരവ് ഇറക്കേണ്ടി വന്നത്.

നിങ്ങള്‍ ചെയ്തത് ഈ നാടു കണ്ടു കഴിഞ്ഞു ..
നിങ്ങളെ മാഷേ എന്നു വിളിക്കുന്ന നിങ്ങളുടെ ശിഷ്യഗണങ്ങള്‍ കണ്ടു കഴിഞ്ഞു ..
നിങ്ങളുടെ സ്വന്തം മക്കള്‍ കണ്ടു കഴിഞ്ഞു.

നിങ്ങള്‍ ഇനിയും ശമ്പളം മുറതെറ്റാതെ വാങ്ങിക്കോളൂ ..
കോവിഡ് കാലത്തെ സൗജന്യ റേഷനും കിറ്റും വാങ്ങിക്കോളൂ ..

പക്ഷേ..
നിങ്ങളോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. …
നിങ്ങളിനി ആശാന്റെയും ഉള്ളൂരിന്റെയും, ഷെല്ലിയുടെയും വരികള്‍
കുട്ടികളെ പഠിപ്പിക്കരുത് ..
നിങ്ങളിനി സാമൂഹ്യപാഠം പഠിപ്പിക്കരുത് ..
ചരിത്രവും പൗരധര്‍മ്മവും പഠിപ്പിക്കരുത് …
ദയ ,കരുണ , കൂട്ടായ്മ എന്നൊന്നും മിണ്ടിപ്പോകരുത് ..
മനുഷ്യത്വം എന്ന വാക്ക് അബദ്ധത്തില്‍ പോലും ഉരിയാടിപ്പോകരുത് ..

നിങ്ങളുടെ വായിലൂടെ വരുമ്പോള്‍
അമൃതുപോലും വിഷലിപ്തമാകും ..

നിങ്ങളില്‍ നിന്നും കുട്ടികള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ് ..
യൂദാസും ,സാത്താനും, ശകുനിയും ,ചെകുത്താനും
എന്തായിരുന്നുവെന്ന് ..

കുട്ടികള്‍ നിങ്ങളെ മാതൃകയാക്കുകയാണ്..
ഭാവിയില്‍ തങ്ങള്‍ എങ്ങിനെയായിരിക്കരുതെന്നതിന് …

കാലവും ചരിത്രവും നിങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയാണ് …..

ടി.കെ.സുരേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here