ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം; പ്രധാനമന്ത്രിക്ക് യെച്ചൂരിയുടെ കത്ത്

അടച്ചുപൂട്ടല്‍ കാലയളവില്‍ പ്രതിസന്ധിയിലായ അവശജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.

സംഭരണശാലകളിലെ അധിക ഭക്ഷ്യധാന്യം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ ഉടന്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറണം. ഫെബ്രുവരി-ഏപ്രില്‍ കാലയളവില്‍ തൊഴിലില്ലാത്തവരുടെ എണ്ണം 3.4 കോടിയില്‍നിന്ന് 8.8 കോടിയായി. 12.2 കോടിപേര്‍ക്ക് ഉപജീവനമാര്‍ഗം ഇല്ലാതായി.

അതിസമ്പന്നരുടെ 7.76 ലക്ഷം കോടി വായ്പ എഴുതിത്തള്ളിയ കേന്ദ്രം തൊഴിലില്ലാതായവരെയും സഹായിക്കണം. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണം. ജിഎസ്ടി കുടിശ്ശിക തീര്‍ക്കണം. ‘പിഎം കെയേഴ്സ്’ ഫണ്ടിലേക്ക് എത്തുന്ന തുക ഫലപ്രദമായി വിനിയോഗിക്കണം.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വ്യക്തി?ഗതസുരക്ഷാ ഉപകരണങ്ങള്‍ (പിപിഇ) കൃത്യമായി ലഭ്യമാക്കണം. പരിശോധനകള്‍ കൂടുതല്‍ നടത്തണം. ഒരു ലക്ഷം അര്‍ബുദരോഗികളും 3.5 ലക്ഷം പ്രമേഹരോഗികളും ദുരിതത്തിലാണ്. മലേറിയ, ക്ഷയരോഗ നിര്‍മാര്‍ജനപദ്ധതികളും നിലച്ചു. രക്തബാങ്കുകളില്‍ രക്തം കുറഞ്ഞത് തലസീമിയ, ഹീമോഫീലിയ, അരിവാള്‍ രോഗികളെ പ്രതിസന്ധിയിലാക്കി.

തബ്ലീഗ് ജമാഅത്ത് സംഘാടകരുടെ നിരുത്തരവാദ നിലപാടിന്റെ പേരില്‍ മുസ്ലിംസമുദായത്തെ മുഴുവന്‍ വേട്ടയാടുന്ന നിലപാട് അംഗീകരിക്കാനാകില്ല. ആസൂത്രിതമായ വിദ്വേഷപ്രചാരണങ്ങള്‍ക്ക് അറുതിവരുത്താന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ട്. പ്രതിസന്ധികാലത്ത് ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഉത്തരവുകള്‍ ഇറക്കുന്നതും പിന്നീട് അതിനെ ന്യായീകരിക്കാന്‍ നിരവധി വിശദീകരണങ്ങള്‍ ഇറക്കുന്നതും അവസാനിപ്പിക്കണം.

മഹാമാരിയുടെ കാലത്തും പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാകുന്നില്ല. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ദിവസേന വാര്‍ത്താസമ്മേളനം നടത്തി ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിക്കുന്നുണ്ടെന്നും യെച്ചൂരി കത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News