കൊവിഡ്: ചൈനയ്ക്കും സ്പെയിനും ആശ്വാസം; വുഹാനില്‍ ഇപ്പോള്‍ രോഗികളില്ല

ബീജിങ്: രണ്ടുലക്ഷത്തിലേറെ ജീവനപഹരിച്ച കോവിഡ് മഹാമാരിയില്‍നിന്ന് രക്ഷപ്പെടാന്‍ കൊതിക്കുന്ന ലോകത്തിന് ചൈനയില്‍നിന്നും സ്പെയിനില്‍നിന്നും ആശ്വാസവാര്‍ത്ത. കഴിഞ്ഞ ഡിസംബറില്‍ രോഗം ആദ്യം കണ്ടെത്തിയ ചൈനയിലെ വുഹാനില്‍ ഇപ്പോള്‍ രോഗികളില്ല.

ചൈനയില്‍ ഒറ്റ മരണമില്ലാതെ തുടര്‍ച്ചയായി 12 ദിവസം പിന്നിട്ടു. മരണസംഖ്യയില്‍ മൂന്നാമതുള്ള സ്പെയിനില്‍ 44 ദിവസത്തിന് ശേഷം ആദ്യമായി കുട്ടികള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിഞ്ഞു. എന്നാല്‍, അമേരിക്കയില്‍ ശനിയാഴ്ച 2494 മരണം റിപ്പോര്‍ട്ട് ചെയ്തു.

വുഹാനില്‍ കെട്ടിടനിര്‍മാണ ജോലികള്‍ അടക്കം മിക്ക പ്രവൃത്തികളും പുനരാരംഭിച്ചു. സ്പെയിനില്‍ 14 വയസ്സ് വരെയുള്ള കുട്ടികളെ ഒരു രക്ഷിതാവിനൊപ്പം വീടിന് പുറത്തിറങ്ങി ഒരു കിലോമീറ്റര്‍ അകലെവരെ പോകാന്‍ അനുവദിച്ചു. മറ്റ് കുട്ടികളുമായി കളിക്കരുത് എന്നതടക്കം സാമൂഹ്യ അകലത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു ഇത്.

പുറത്തുപോകുന്നതിന് മുമ്പും ശേഷവും കൈകഴുകണം. ഞായറാഴ്ച സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്ത 288 മരണം അഞ്ചാഴ്ചയിലെ ഏറ്റവും കുറഞ്ഞതാണ്. മൊത്തം 23,000 കടന്നു. സ്പെയിനിലും ഫ്രാന്‍സിലും കൂടുതല്‍ ഇളവുകള്‍ ചൊവ്വാഴ്ച പ്രഖ്യാപിക്കും.

അമേരിക്കയില്‍ ചില സംസ്ഥാനങ്ങള്‍ കടകളും മറ്റും തുറക്കാന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും നിരവധി ഉടമകള്‍ മടിക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മറ്റ് റിപ്പബ്ലിക്കന്‍ നേതാക്കളും നിയന്ത്രണങ്ങള്‍ നീക്കുന്നതിന് വാദിക്കുമ്പോഴും ജനങ്ങള്‍ അതിന് എതിരാണെന്ന് അഭിപ്രായ സര്‍വേകള്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ മരണസംഖ്യ 56,000 കടന്നു. രോഗികള്‍ 10 ലക്ഷത്തോളമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News