ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ക്ലാസ്സുകളുമായി കോളേജ് അദ്ധ്യാപകര്‍

കൊവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാലം നിശ്ചലമാക്കിയ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഉണര്‍വ് പകരുന്നതാണ് എകെപിസിടിഎ യുടെ നേതൃത്വത്തില്‍ നാല് സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകള്‍.

Learn in Lockdown with AKPCTA എന്ന പേരില്‍ ആണ് ടെലിഗ്രാം ഗ്രൂപ്പുകള്‍ ഉപയോഗിച്ച് ഈ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത്. ഈ പദ്ധതിയുടെ സംസ്ഥാന തല കോര്‍ഡിനേറ്റര്‍ ആലപ്പുഴ എസ് ഡി കോളേജിലെ പ്രൊഫ: ആര്‍. ഇന്ദു ലാല്‍ പ്രവര്‍ത്തിക്കുന്നു. ടെക്‌നിക്കല്‍ കോ.ഓര്‍ഡിനേറ്റര്‍ കായംകുളം എംഎസ്എം കോളേജിലെ ഡോ. അനില്‍കുമാറാണ്.

ഈ പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെടുന്നത് നിലവില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വാട്‌സാപിനെക്കാള്‍ ഒട്ടനവധി സൗകര്യങ്ങള്‍ ഉള്ള ടെലിഗ്രാമിലൂടെയാണ് . ഇതിന്റെ ആദ്യപടി എന്ന നിലയില്‍ സര്‍വ്വകലാശാല തലത്തില്‍ ടെലിഗ്രാം, ഗ്രൂപ്പുകള്‍ ഉപയോഗിച്ച് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.

രണ്ടാം ഘട്ടം എന്ന നിലയില്‍ ഓരോ പ്രോഗ്രാമിന്റെയും കോ ഓര്‍ഡിനേറ്റര്‍മാര്‍ കണ്‍വീനര്‍മാരായി കമ്മിറ്റികള്‍ /ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. പ്രോഗ്രാമിലെ ക്ലാസ്സ് എടുക്കേണ്ട മുഴുവന്‍ കോഴ്‌സുകളും ( പേപ്പറുകളും) പഠിപ്പിക്കാന്‍ വേണ്ട ഗ്രൂപ്പുകളുടെ കണ്‍വീനര്‍മാര്‍ ഇതില്‍ അംഗങ്ങളാണ്.

സിലബസിനെ കോഴ്‌സുകളായും കോഴ്‌സുകളെ മൊഡ്യൂളുകളായും തിരിച്ച് എത്ര അദ്ധ്യാപകര്‍ എന്നു നിശ്ചയിച്ച് അദ്ധ്യാപകരെ കണ്ടെത്തും . വേണ്ടത്ര ക്ലാസ്സുകള്‍ നടക്കുന്നു എന്ന് ഉറപ്പ് വരുത്താനും ക്ലാസ്സുകളുടെ ഷെഡ്യൂള്‍ നിശ്ചയിക്കാനുമുള്ള ഉത്തരവാദിത്വം ഈ കമ്മിറ്റിയ്ക്കായിരിക്കും.

ഓരോ കോഴ്സിനും കോഴ്സ് തല കോ ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ ക്ലാസ്സെടുക്കുന്ന മുഴുവന്‍ അദ്ധ്യാപകരെയും ഉള്‍പ്പെടുത്തി കുട്ടികള്‍ക്കായുള്ള ടെലിഗ്രാം ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്.

പരമാവധി കുട്ടികളില്‍ ലിങ്ക് എത്തിച്ച് അവരെ ഈ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നതാണ് രീതി. ഇത്തരം ഗ്രൂപ്പുകളില്‍ പിന്നീട് ചേരുന്നവര്‍ക്കും നേരത്തെ ഉണ്ടായിരുന്ന പോസ്റ്റുകള്‍ കാണാവുന്ന തരത്തിലുള്ള സൗകര്യം ടെലിഗ്രാമില്‍ ലഭ്യമാണ് .ക്ലാസ്സുകളുടെ വീഡിയോകള്‍ക്കൊപ്പം കുട്ടികള്‍ക്ക് സംശയ നിവാരണത്തിനുള്ള സൗകര്യവും ലഭ്യമാണ് .

ഏപ്രില്‍ 25 വൈകുന്നേരത്തോടെ കോഴ്‌സുകളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ഇന്ദുലാല്‍ അറിയിച്ചു. കേരള , M G, കാലിക്കറ്റ് , കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് കീഴിലെ വിദ്യാര്‍ത്ഥികളാണ് കോഴ്‌സുകളില്‍ പങ്കെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here