ചൈനയില്‍ നിന്നും നിലവാരമില്ലാത്ത കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യ വാങ്ങിയത് ഇരട്ടിയിലേറെ വിലയ്ക്ക്

ദില്ലി: ഇന്ത്യ ചൈനയില്‍ നിന്ന് നിലവാരമില്ലാത്ത കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയത് ഇരട്ടിയിലേറെ വിലയ്ക്ക്. ഇറക്കുമതിക്കാര്‍ 245 രൂപയ്ക്ക് വിറ്റ കിറ്റ് സര്‍ക്കാര്‍ വാങ്ങിയത് 600 രൂപയ്ക്ക്.

5 ലക്ഷം പരിശോധന കിറ്റുകള്‍ ഐസിഎംആര്‍ വാങ്ങിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വിതരണക്കാരും ഇറക്കുമതിക്കാരും തമ്മിലെ നിയമ തര്‍ക്കത്തിനിടെയാണ് വിവരം പുറത്ത് വന്നത്. വിഷയത്തില്‍ ഐസിഎംആര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പരിശോധനാ ഫലം കൃത്യമല്ലാത്തതിനെ തുടര്‍ന്ന് ചൈനീസ് കമ്പനിയായ വോണ്ട്ഫോ നിര്‍മ്മിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ഉപയോഗം കഴിഞ്ഞയാഴ്ചയാണ് ഐസിഎംആര്‍ നിര്‍ത്തിവച്ചത്. നിലവാരമില്ലാത്ത ഈ ടെസ്റ്റ് കിറ്റുകള്‍ ഇരട്ടിയിലേറെ വിലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

ഒരെണ്ണത്തിന് 245 രൂപ എന്ന തോതിലാണ് ഇറക്കുമതി കമ്പനിക്കാരായ മാട്രിക്സ് ലാബ്‌സ് കിറ്റുകള്‍ വോന്‍ഡ്‌ഫോ കമ്പനിയില്‍ നിന്ന് വാങ്ങിയത്. എന്നാല്‍ വിതരണക്കാരായ റെയര്‍ മെറ്റാബോളിക്സ്,ആര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവരിലൂടെ ഐസിഎംആര്‍ വാങ്ങുന്നത് കിറ്റിന് 600 രൂപ തോതിലാണ്.

ഒരു പ്രമുഖ ദേശീയ മാധ്യമമാണ് പര്‍ച്ചെയ്സ് ഓര്‍ഡര്‍ ഉള്‍പ്പെടെ പുറത്തുവിട്ട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 5 ലക്ഷത്തോളം പരിശോധന കിറ്റുകളാണ് 600 രൂപ തോതില്‍ വാങ്ങാന്‍ സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടത്. 12.25 കോടിക്ക് ഇറക്കുമതി കമ്പനി വാങ്ങി 21 കോടി രൂപയ്ക്ക് വിതരണക്കാര്‍ക്ക് വിറ്റു.

9 കോടി രൂപ കൂടി ഈടാക്കി വിതരണക്കാര്‍ കിറ്റുകള്‍ സര്‍ക്കാരിന് 30 കോടിക്ക് നല്‍കുന്നു. 5 ലക്ഷത്തില്‍ 2.76 ലക്ഷം കിറ്റുകള്‍ മാത്രമാണ് മാട്രിക്സ് ലാബ്‌സ് വിതരണക്കാര്‍ക്ക് കൈമാറിയിട്ടുള്ളത്. ബാക്കി കിറ്റുകള്‍ പണം ലഭിച്ചാല്‍ മാത്രമേ നല്‍കൂ എന്നാണ് കമ്പനി നിലപാട്. വിതരണക്കാരും ഇറക്കുമതി കമ്പനിയും തമ്മില്‍ ദില്ലി ഹൈക്കോടതിയില്‍ കേസില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിവരം പുറത്തായത്.

ഷാന്‍ ബയോട്ടിക്‌സ് എന്ന വേറൊരു വിതരണ ഏജന്‍സി വഴി മാട്രിക്സ് ലാബിന്റെ കിറ്റുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ വാങ്ങിയതിനെ തുടര്‍ന്ന് ആദ്യ രണ്ട് വിതരണക്കാര്‍ ഹര്‍ജി നല്‍കുകയായിരുന്നു. തങ്ങള്‍ക്ക് മാത്രമാണ് വിതരണാവകാശമെന്ന് കാണിച്ചായിരുന്നു ഹര്‍ജി. കൂടിയ വിലയ്ക്ക് കിറ്റുകള്‍ വാങ്ങിയത് സംബന്ധിച്ച് ഐസിഎംറിനോട് മറുപടി തേടിയെങ്കിലും പ്രതികരിച്ചിട്ടില്ല.

കേസിനെ തുടര്‍ന്ന് പരിശോധന കിറ്റുകളുടെ വില 400 രൂപയാക്കി കുറച്ച് ഹൈക്കോടതി ഉത്തരവിട്ടു. ഇത് നിലവിലെ 5 ലക്ഷം കിറ്റുകള്‍ക്ക് ബാധകമാകില്ല.മാട്രിക്സ് ലാബിന് ലഭിക്കേണ്ട ബാക്കി തുകയും നല്‍കാന്‍ ഹൈക്കോടതി ഐ സി എം ആറിനോട് ഉത്തരവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News