മെയ് മൂന്നിന് ശേഷം രാജ്യവ്യാപക ലോക് ഡൗണ്‍ ഇല്ല: വൈറസ് തീവ്രബാധിത മേഖലകളില്‍ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി

മെയ് മൂന്നിന് ശേഷം രാജ്യവ്യാപകമായി ലോക്ഡൗണ്‍ നീട്ടില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി. കൊവിഡ് രൂക്ഷമായ ജില്ലകളില്‍ മെയ് മൂന്ന് ശേഷവും കര്‍ശന നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി അറിയിച്ചു. കൊവിഡ് മുക്തമായ സ്ഥലങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം ലോക്ഡൗണ്‍ പിന്‍വലിക്കും.

മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ ലോക്ഡൗണ്‍ അത്യാവശ്യമാണന്ന നിലപാടാണ് യോഗത്തില്‍ സ്വീകരിച്ചത്. ഗ്രീന്‍സോണുകളോ കൊവിഡ് മുക്തമായ ജില്ലകളോ തുറന്നിട്ടാലും മറ്റ് മേഖലകളില്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് അദേഹം പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ ഒഡീഷ മെയ് 3ന് ശേഷം ഒരു മാസത്തേയ്ക്ക് ലോക്ഡൗണ്‍ വേണമെന്ന് പ്രധാനമന്ത്രിയോട് ആവിശ്യപ്പെട്ടു.

വീഡിയോ കോണ്‍ഫറന്‍സിന് ശേഷം പുറത്ത് വന്ന സംസ്ഥാന ആരോഗ്യമന്ത്രി നബാ ദാസ് ഇക്കാര്യം സ്ഥിരീകരിച്ചു. ബിജെപി സഖ്യകക്ഷിയായി ഭരിക്കുന്ന ബീഹാര്‍ മുഖ്യമന്ത്രി നിധീഷ്‌കുമാറിനും വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചു. ഉന്നത വിദ്യാഭ്യാസ കോച്ചീങ്ങ് സെന്ററുകളുടെ ആസ്ഥാനമായ ബീഹാറിലെ കോട്ടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥികളെ അതാത് സംസ്ഥാനങ്ങള്‍ മടക്കി കൊണ്ട് പോകണമെന്ന് നിധീഷ്‌കുമാര്‍ ആവിശ്യപ്പെട്ടു. ലോക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് പരാമര്‍ശമുണ്ടായില്ല.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവാന്ത് അതിര്‍ത്തികള്‍ അടച്ചിട്ട് സാമ്പത്തിക മേഖലയ്ക്ക് ഇളവ് നല്‍കി ലോക്ഡൗണ്‍ നീട്ടണമെന്ന നിര്‍ദേശമാണ് മുന്നോട്ട് വച്ചത്. തൊഴില്‍ ഉറപ്പ് പദ്ധതിയുടെ ദിവസം നൂറില്‍ നിന്നും 150 ദീവസമായി വര്‍ദ്ധിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടു. എന്നാല്‍ കോവിഡ് രൂക്ഷമായ ജില്ലകളില്‍ ലോക്ഡൗണ്‍ കര്‍ശനമായി തുടരുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കോവിഡ് വിമുക്തമായ പ്രദേശങ്ങളില്‍ ശ്രദ്ധാപൂര്‍വംവ ലോക്ഡൗണ്‍ പിന്‍വലിക്കുമെന്ന സൂചനയാണ് നല്‍കിയത്.

റെഡ് സോണുകള്‍ ഗ്രീന്‍ സോണുകളാക്കി മാറ്റാനാണ് സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കേണ്ടത്. ഓരോ സാഹചര്യവും വ്യത്യസ്ഥമാണ്. അതിന് അനുസൃതമായിരിക്കും നടപടികളെന്നും മോദി മറുപടി നല്‍കി.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സുശക്തമാണ്. അതിനാല്‍ മുഖ്യമന്ത്രിമാര്‍ ആശങ്കപ്പെടേണ്ടതില്ല. പ്രവാസികളെ മടക്കി കൊണ്ട് വരുന്ന കാര്യം മനസിലുണ്ട്. ബന്ധുകള്‍ വിഷമിക്കേണ്ടതില്ലെന്നും യോഗത്തില്‍ നല്‍കിയ മറുപടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News