ഇന്ന് 13 പേര്‍ക്ക് കൊറോണ; 13 പേര്‍ രോഗമുക്തരായി: കോട്ടയവും ഇടുക്കിയും റെഡ് സോണില്‍; മെയ് 15 വരെ അന്തര്‍ ജില്ല-അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോട്ടയത്ത് ആറ് പേര്‍ക്കും, ഇടുക്കിയില്‍ നാലു പേര്‍ക്കും, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചുപേര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവരാണ്. ഒരാള്‍ വിദേശത്ത് നിന്നുമാണ്. ആറു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഒരാള്‍ക്ക് എങ്ങനെ
രോഗം ബാധിച്ചുയെന്നത് പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് രോഗം ഭേദമായതും 13 പേര്‍ക്കാണ്. കണ്ണൂര്‍ ആറ്, കോഴിക്കോട് നാല്, തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓരോ ആള്‍ എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്കെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് നിലവില്‍ 123 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 20,301 പേരാണ് നിരീക്ഷണത്തിലുള്ളത്. 19,812 പേര്‍ വീടുകളിലാണ്. 489 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 104 പേര്‍ ആശുപത്രിയിലായി.

വൈറസ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കോട്ടയത്തെയും ഇടുക്കിയെയും റെഡ് സോണില്‍ ഉള്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇതോടെ സംസ്ഥാനത്ത് റെഡ് സോണിലുള്ള ജില്ലകളുടെ എണ്ണം ആറായി. പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളില്‍ ആള്‍ക്കൂട്ടങ്ങളും പൊതുഗതാഗതവും നിയന്ത്രിച്ച്, ശാരീരിക അകലം പാലിച്ച് ലോക്ഡൗണ്‍ തുടരാം. അന്തര്‍ ജില്ലാ-അന്തര്‍ സംസ്ഥാന യാത്രകള്‍ മെയ് 15 വരെ നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ നാല് ജില്ലകളില്‍ നിലവില്‍ രോഗബാധിതരില്ലയെന്നത് ആശ്വാസകരമാണ്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, വയനാട് ജില്ലകളാണ് കൊവിഡ് മുക്ത ജില്ലകള്‍.

ഈ മാസം 21-ാം തീയതി മുതല്‍ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടി വരുന്ന സ്ഥിതി ആശങ്കയുണ്ടാക്കുന്നുണ്ട്. അതിര്‍ത്തി കടന്ന് വരുന്നവരെ കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയരാക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പിപിഇ കിറ്റുകളുടെ ആവശ്യം വര്‍ധിച്ചിരിക്കുകയാണെന്നും അതിനാല്‍ കിറ്റിന്റെ സമാഹരണത്തിന്റെ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രവാസികളില്‍ പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് തിരികെ വരണം. സ്വന്തമായി വിമാന യാത്രാക്കൂലി വഹിക്കാന്‍ ബുദ്ധിമുട്ടുള്ളവരുടേത് കേന്ദ്രം വഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക പിന്തുണ വേണം. കേന്ദ്രം പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം. അവരുടെ നൈപുണ്യം ഉപയോഗപ്പെടുത്താവുന്ന സ്‌കീമുകള്‍ രൂപീകരിക്കണം. വിദേശത്തേക്ക് ഹ്രസ്വകാല സന്ദര്‍ശനത്തിന് പോയവരെ തിരികെ കൊണ്ടുവരാന്‍ പ്രഥമ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ദേശീയതലത്തില്‍ വരുമാന സഹായ പദ്ധതി വേണം. ലോക്ഡൗണ്‍ ബാധിച്ച ചെറുകിട വ്യാപാരികള്‍ക്ക് രണ്ടു മുതല്‍ അഞ്ചു ലക്ഷം വരെ വായ്പ അനുവദിക്കണം. ഇതിന്റെ പലിശ കേന്ദ്രം വഹിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നാല് ലക്ഷം അതിഥി തൊഴിലാളികളുണ്ട്. ഇവരെ ഘട്ടംഘട്ടമായി തിരികെ അവരുടെ നാട്ടിലെത്തിക്കാന്‍ നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്നുള്ള മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരുടെ കാര്യത്തില്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നും പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News