ഫോട്ടോഷോപ്പല്ല; ലോക്ക്ഡൗൺ കാലത്ത് മയിലുമായി ഗ്രാഫിക്സ് ഡിസൈനറുടെ അപൂർവ്വ ചങ്ങാത്തം

കണ്ണൂർ : ലോക്ക്ഡൗൺ കാലത്തു നേരം കൂട്ടാൻ ഓൺലൈനിലൂടെ പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കുന്നവർ ഏറെയുണ്ടാകും. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി മയിലുമായി സൗഹൃദം ഉണ്ടാക്കിയ കഥ പങ്കിട്ടു സമൂഹ മാധ്യമങ്ങളിൽ സുഹൃത്തുക്കളെ അത്ഭുതപ്പെടുത്തുകയാണ് കണ്ണൂർ പയ്യന്നൂർ സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ അഭിഷേക് എടിവി.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടെ അത്യാവശ്യകാര്യത്തിനായി അമ്മ വീട്ടിൽ പോയപ്പോൾ മയിലുമായി ചങ്ങാത്തം കൂടി എടുത്ത ഫോട്ടോയാണ് അഭിഷേക് ആദ്യം സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. മരക്കൊമ്പിലിരിക്കുന്ന മയിൽ, അതിനോട് ചേർന്ന് നിന്നുകൊണ്ട് അഭിഷേകും അതായിരുന്നു ഫോട്ടോ.

ഗ്രാഫിക്സ് ഡിസൈനർ ആയതുകൊണ്ട് ഫോട്ടോഷോപ്പ് ചെയ്തതാണോ എന്നായിരുന്നു ഫോട്ടോ കണ്ടവരുടെ സംശയം. പറമ്പിലും മറ്റും വരാറുണ്ടെങ്കിലും ആളെക്കണ്ടാൽ പലപ്പോഴും കൊത്താൻ വരുന്ന മയിലുകൾ ഫോട്ടോയ്ക്ക് പോസു ചെയ്യാനൊക്കെ സമ്മതിക്കുമോ എന്നായി കമന്റിൽ പലരുടെയും ചോദ്യങ്ങൾ.

സംശങ്ങൾക്ക് അനുബന്ധ പോസ്റ്റിലൂടെ അഭിഷേക് മറുപടി നൽകി. മയിലുമായുള്ള ചങ്ങാത്തവും മയിൽ പീലി നിവർത്തിയാടിയത് തൊട്ടടുത്തുനിന്ന് കണ്ടു ചിത്രീകരിച്ചതിനുമൊക്കെ എങ്ങനെയെന്ന് വിശദമാക്കുന്ന അഭിഷേകിന്റെ കുറിപ്പ് ഇങ്ങനെ:

“മുറ്റത്തൊരു മയിൽ, നല്ല ഒരുമ-യിൽ!

മയിലിനൊപ്പം ഒരു ചിത്രം ഇതേ ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു കഴിഞ്ഞ ദിവസം. ഫോട്ടോ ചെറുതായി വൈറൽ ആയി.. ഇതെങ്ങനെ മയിലിനെ ഇത്ര അച്ചടക്കത്തോടെ ഫ്രയിമിൽ ആക്കിയെന്നാണ് എല്ലാരുടെയും സംശയം. ഫോട്ടോഷോപ്പിൽ മയിലിനെ വെട്ടിയൊട്ടിച്ചതാണോ എന്ന് ചിലർ കമന്റടിച്ചു. അങ്ങനെ തോന്നിയവരെ കുറ്റം പറയാൻ പറ്റില്ല. ഗ്രാഫിക് ഡിസൈനിംഗ് ആണല്ലോ എന്റെ ജോലി!

ഇനി ഒരു സത്യം പറയാം. അത് ശരിക്കും മയിൽ തന്നെയാണ്. ആ ഫോട്ടോയ്ക്കും മയിലിനും ഒരു കഥയുണ്ട്. ആ കഥ സൊല്ലട്ടുമാ…

ലോക്ക് ഡൗണ് കാലത്ത് ഒരത്യാവശ്യത്തിനാണ് അമ്മവീടായ പാടിയോട്ടുചാലിലെ ചന്ദ്രവയലിൽ വന്നത്. വീട്ടിൽ വൈകുന്നേരം പുറത്തിറങ്ങി തിരഞ്ഞു നോക്കിയപ്പോൾ മുറ്റത്തൊരു മയിൽ. (രാജു മോൻ മൈനയെ കണ്ട ടോണിൽ വായിക്കണമെന്നില്ല) മയിൽ ആളു കൊള്ളാലോ എന്ന മട്ടിൽ ഞാൻ അടുത്തേക്ക് പോയി. വെറുതെ കൊത്ത് വാങ്ങേണ്ടെന്ന് പറഞ്ഞു വീട്ടിൽ ഉണ്ടായിരുന്നവർ.

ഒന്നു രണ്ടു കൊല്ലമായി ഈ മയിൽ ഇവിടൊക്കെ ഉണ്ടത്രേ. നാലു മയിലുകൾ വളപ്പിൽ വരാറുണ്ട്. അതിൽ ഒന്ന് അടുത്തിടെ ചത്തു പോയി. ബാക്കിയുള്ള മൂന്നിൽ വളപ്പൊക്കെ ചുറ്റി കറങ്ങി വീട്ടിന്റെ മച്ചിൽ വിശ്രമിച്ചു മരത്തിൽ പറന്നു കയറി വൈകുന്നേരം പീലി വിടർത്തിയാടുന്ന ചങ്ങാതി മയിലിന്റെ കഥകൾ ഓരോരുത്തരായി അനുസ്മരിച്ചു. കുറച്ചായി ഇവിടൊക്കെ തന്നെ ഉണ്ടെങ്കിലും ആള് ചില്ലറക്കാരനല്ല. അടുത്തു നിന്ന് ഫോട്ടോ എടുക്കാനായി ചെന്ന സ്ഥലത്തെ ഒരു പ്രമുഖ വ്യക്തിയെ കൊത്താൻ പോയ ചരിത്രമൊക്കെയുണ്ടത്രേ. അതുകൊണ്ട് മയിൽ പീലി വിടർത്തുന്നത് ദൂരെ നിന്ന് കണ്ടു നിൽക്കുന്നതാണ് ഇവിടുത്തെ ആൾക്കാരുടെ ഒക്കെ ഒരു രീതി.

ഈ ഫ്‌ളാഷ് ബാക്ക് കേട്ടു നിൽക്കുമ്പോഴേക്കും മയിൽ മുറ്റത്തു നിന്ന് വളപ്പിലേക്ക് ഉലാത്താൻ തുടങ്ങി. പറങ്കിമാവിൻ കൊമ്പിൽ കേറി ഇരുന്നു. സ്ഥലത്തെ പേരുകേട്ട- ദേശീയ പക്ഷിക്കൊപ്പം ഒരു ഫോട്ടോ എടുത്താലോ എന്ന ആഗ്രഹം അങ്ങനെയാണ് ശക്തമായത്. അത് പറഞ്ഞപ്പോൾ പിള്ളേർ മുടക്കം പറഞ്ഞു. വെറുതെ കൊത്തു വാങ്ങി കൂട്ടേണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ആദ്യം അടുത്തുചെന്ന ചെക്കനെ മയിൽ ഒന്നു വിരട്ടി വിട്ടു. അവനെ മാറ്റി ഞാൻ പോയപ്പോൾ സീൻ ആകെ മാറി. ഞാനും ഒന്ന് അമ്പരന്നു. സീൻ ആകെ ശാന്ത്!

എത്ര ഫോട്ടോ വേണലും എടുത്തോ എന്ന മട്ടിലായി ചങ്ങാതി മയിൽ. അവസരം മുതലെടുത്തുള്ള ആ പല പോസുകളിലാണ് ഒറ്റ സ്നാപ്പിൽ ഒതുക്കാൻ ആകാത്തത്രയും പടങ്ങൾ പിറന്നത്. അവിടെ നിന്ന് വീണ്ടും ഉലാത്താൻ തുടങ്ങിയ മയിൽ പീലിനിവർത്തി മനോഹരമായാടി. അത് അത്രയ്ക്ക് അടുത്തു നിന്ന് ഫോട്ടോയിലും വീഡിയോയിലും പകർത്താൻ പരിഭവം ഒട്ടുമില്ലാത്ത ചങ്ങാതി മയിൽ സമ്മതിച്ചു.

എല്ലാവർക്കുമെന്ന പോലെ എനിക്കും ഇപ്പോൾ അത്ഭുതമാണ് ആ മയിൽ അപരിചിതനായ എന്നോട് കാണിക്കുന്ന ഇണക്കത്തിന് കാരണമെന്താണാവോ! ആ പീലികളിൽ എഴുതിയിരിക്കുന്ന സ്നേഹത്തിന്റെ അദൃശ്യഭാഷയെന്താണാവോ..”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News