‘വണ്ടി ഓടിയെത്തേണ്ട സമയമെങ്കിലും അവര്‍ക്ക് കൊടുക്കണ്ടേ, എനിക്ക് പരാതിയില്ല, അവര്‍ വരും’: കുത്തിതിരിപ്പിന് ശ്രമിച്ച മാധ്യമത്തിന് കോട്ടയത്തെ കൊവിഡ് രോഗിയുടെ മറുപടി

തിരുവനന്തപുരം: കോട്ടയത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച രോഗിയുടെ പേരില്‍ വ്യാജപ്രചരണങ്ങള്‍ സൃഷ്ടിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം.

സംഭവത്തില്‍ പ്രതികരണത്തിന് ശ്രമിച്ച മാധ്യമപ്രവര്‍ത്തകനോട് കൊവിഡ് രോഗി നല്‍കിയ മറുപടി ഇങ്ങനെ:

”എന്നെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നു. അവര്‍ പത്തുമിനിറ്റിനുള്ളില്‍ വണ്ടി എത്തിക്കും. ഇതില്‍ എനിക്ക് പരാതിയോ പരിഭവമോ ഇല്ല. എനിക്ക് രോഗം സ്ഥിരീകരിച്ചിട്ട് അധികം നേരമായില്ല. ഒരു വണ്ടി ഓടിയെത്തേണ്ട സമയം എങ്കിലും അവര്‍ക്ക് കൊടുക്കണ്ടേ.”

അതേസമയം, രോഗികള്‍ വീടുകളില്‍ തുടരുന്നെന്ന് വാര്‍ത്തകള്‍ തള്ളി മന്ത്രി കെകെ ശൈലജ ടീച്ചറും രംഗത്തെത്തി.
രോഗിയെ കണ്ടെത്തി, കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെന്നും ആംബുലന്‍സ് സ്ഥലത്ത് എത്താനുള്ള കാലതാമസം മാത്രമാണ് കോട്ടയത്ത് സംഭവിച്ചതെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

വളരെ സൂക്ഷമതയോടെയാണ് ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങളെ കൈകാര്യം ചെയ്യുന്നത്. രോഗം ബാധിച്ച് സംസ്ഥാനത്ത് മരണങ്ങള്‍ സംഭവിക്കരുതെന്ന വാശിയോടെ തന്നെയാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നത്. ഇതിനിടെയിലാണ് സ്ഥലത്ത് നിന്ന് ആംബുലന്‍സ് എത്തിയില്ലെന്ന് പറഞ്ഞ് ഒരാള്‍ ഫോട്ടോ എടുത്ത് മാധ്യമങ്ങള്‍ നല്‍കുന്നത്.

പൊലീസും കലക്ടറും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും ഉറക്കം പോലുമില്ലാതെ കൃത്യതയോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ഇതിനിടെയില്‍ എന്തെങ്കിലും കാര്യത്തില്‍ കുറ്റം കണ്ടെത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. അത് നേരത്തെ തുടങ്ങിയതാണ്. അതിന് മറുപടിയും നല്‍കിയിട്ടുണ്ട്.

ഇത്തരം നാടകങ്ങളും ബഹളങ്ങളും ആരോഗ്യപ്രവര്‍ത്തകരെ ക്ഷീണിപ്പിക്കാനാണ്. എന്നാല്‍ അവര്‍ അതിലൊന്നും തോല്‍ക്കില്ലെന്നും എല്ലാം കൃത്യമായ സംവിധാനങ്ങളോടെ മുന്നോട്ടുപോകുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here