റാപ്പിഡ് കിറ്റ് വാങ്ങിയതില്‍ വന്‍ അഴിമതി; കരാര്‍ റദ്ദാക്കി മുഖംരക്ഷിക്കാന്‍ കേന്ദ്രം

ദില്ലി: കോവിഡ് വ്യാപനം തടയുന്നതിന് റാപ്പിഡ് കിറ്റ് വാങ്ങിയതില്‍ അഴിമതി. വിവാദമായതോടെ കരാര്‍ റദ്ദാക്കി മുഖം രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.
നിലവാരമില്ലാത്ത ആന്റിബോഡി കിറ്റ് വിറ്റ് കൊള്ളലാഭമുണ്ടാക്കാന്‍ സ്വകാര്യ മരുന്നുകമ്പനികള്‍ക്ക് വഴിയൊരുക്കിയ കരാര്‍ ഡല്‍ഹി ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.

ചൈനയില്‍നിന്ന് 245 രൂപയ്ക്ക് ഇറക്കുമതിചെയ്യുന്ന സാര്‍സ് കോവ് 2 ആന്റിബോഡി കിറ്റ് 600 രൂപയ്ക്ക് വാങ്ങാനാണ് സ്വകാര്യകമ്പനിയുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) കരാറായത്.

കരാറിന്റെ വിശദാംശം തുറന്നുകാട്ടിയ ഡല്‍ഹി ഹൈക്കോടതി കിറ്റിന്റെ വില 600 രൂപയില്‍നിന്ന് 400 ആക്കാന്‍ നിര്‍ദേശിച്ചു. പരിശോധനാഫലത്തെചൊല്ലി വ്യാപക പരാതി ഉയര്‍ന്നതോടെ കിറ്റ് ഉപയോഗിക്കരുതെന്ന് ഐസിഎംആറിന് നിര്‍ദേശിക്കേണ്ടി വന്നു.

ലാഭക്കൊതിയില്‍ സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം കോടതിയിലെത്തിയതോടെയാണ് കൊള്ള പുറത്തായത്. കിറ്റ് ഇറക്കുതിചെയ്യാന്‍ മാട്രിക്സ് ലാബ്സ് എന്ന കമ്പനിക്കാണ് ലൈസന്‍സുള്ളത്. കിറ്റ് ഒന്നിന് 225 രൂപയും 20 രൂപ ചരക്കുകൂലിയുമാണ് ചെലവ്.

അഞ്ച് ലക്ഷം കിറ്റ് ഇറക്കുമതി ചെയ്യാന്‍ റെയര്‍ മെറ്റാബോളിക്സ് ലൈഫ്സയന്‍സ് എന്ന കമ്പനി മാട്രിക്സുമായി ധാരണയുണ്ടാക്കി. ധാരണ പ്രകാരം രാജ്യത്ത് കിറ്റ് വിതരണത്തിനുള്ള കുത്തക അവകാശം റെയര്‍ മെറ്റാബോളിക്സിനാണ്. എന്നാല്‍, ഐസിഎംആര്‍ കിറ്റ് വാങ്ങാന്‍ കരാറൊപ്പിട്ടത് ആര്‍ക്ക് ഫാമസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനവുമായി. കിറ്റിന് 600 രൂപ നിരക്കില്‍ അഞ്ച് ലക്ഷം കിറ്റ് ഇറക്കുമതി ചെയ്യാനായിരുന്നു കരാര്‍.

സര്‍ക്കാരിന് കിറ്റ് കൈമാറാന്‍ മൂന്ന് സ്വകാര്യ കമ്പനികളും മറ്റൊരു കരാറിലും ഒപ്പിട്ടു. ഈ മാസം 17ന് 2.76 ലക്ഷം കിറ്റ് ഐസിഎംആര്‍ വാങ്ങി. രണ്ടാം ഘട്ടമായി പണം കൈമാറുന്നതിനെ ചൊല്ലി തര്‍ക്കമായതോടെ ആദ്യ കമ്പനിക്ക് എതിരെ മറ്റ് കമ്പനികള്‍ ഹൈക്കോടതിയെ സമീപിച്ചു. കിറ്റുവാങ്ങാന്‍ മുന്‍കൂര്‍ തുക നല്‍കിയിട്ടില്ലാത്തതിനാല്‍ പണം നഷ്ടമായിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

ആരോഗ്യമേഖല ഗുരുതരപ്രതിസന്ധി നേരിടുന്ന അവസരത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യകമ്പനികളുമായി ഉണ്ടാക്കുന്ന കരാറുകളെ കുറിച്ച് ഗൗരവതരമായ ചോദ്യങ്ങള്‍ ഉയരുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News