കോഴിക്കോട് നാല് പേര്‍കൂടി രോഗമുക്തര്‍; കൊവിഡ് ഭേദമായവര്‍ 17

കോഴിക്കോട് ജില്ലയില്‍ 4 പേര്‍കൂടി രോഗമുക്തരായതോടെ, കൊവിഡ് ഭേദമായവര്‍ 17 ആയി. രോഗം സ്ഥിരീകരിച്ച എടച്ചേരിയിലെ ഒരു കുടുംബത്തിലെ 5 പേരില്‍ 4 പേര്‍ക്കും രോഗം ഭേദമായി. ഹോട്ട് സ്‌പോട്ടുകളില്‍ നിന്ന് ആദ്യഘട്ടം ശേഖരിച്ച 50 സാമ്പിളുകള്‍ നെഗറ്റീവാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലമാണ് തിങ്കളാഴ്ച നെഗറ്റീവ് ആയത്. എടച്ചേരി ഒരു വീട്ടിലെ 2 പേര്‍, അഴിയൂര്‍ സ്വദേശി, ദുബായ് നിന്നെത്തിയ ഏറാമല സ്വദേശി എന്നിവര്‍ രോഗമുക്തി നേടി.

കോവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിയുടെ സമ്പര്‍ക്കം വഴി പോസിറ്റീവായ അഴിയൂര്‍ സ്വദേശിക്കാണ് രോഗം ഭേദമായത്. എടച്ചേരി ഒരു വീട്ടിലെ രോഗബാധിതരായ 5 പേരില്‍ ഒരാള്‍ ചികിത്സയില്‍ തുടരുന്നു.

തമിഴ്‌നാട് നിന്നെത്തിയ ഒരാളടക്കം രോഗം സ്ഥിരീകരിച്ച, ജില്ലയിലെ 24 പേരില്‍ 17 പേര്‍ ഇതിനകം ആശുപത്രി വിട്ടു. കണ്ണൂര്‍ സ്വദേശി ഉള്‍പ്പടെ രോഗബാധിതരായ 8 പേര്‍ ചികിത്സയിലുണ്ട്. തിങ്കളാഴ്ച വന്ന 26 പേരടക്കം 58 പേര്‍ ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നു. ആകെ 883 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 810 എണ്ണം നെഗറ്റീവ് ആണ്, 43 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

ജില്ലയിലെ കോവിഡ് വ്യാപനം പരിശോധിക്കുന്നതിനായി ഹോട്ട് സ്‌പോട്ടുകളില്‍ നിന്ന് ശേഖരിച്ച 50 സാംപിളുകള്‍ നെഗറ്റീവ് ആണെന്ന് ഡിഎംഒ ഡോ.വി ജയശ്രീ അറിയിച്ചു. തിരുവള്ളൂര്‍, അഴിയൂര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ആദ്യഘട്ടത്തില്‍ ശേഖരിച്ച മുഴുവന്‍ സാമ്പിളുകളുമാണ് നെഗറ്റീവ് ആയത്. ഇതിന്റെ തുടര്‍ച്ചയായി മാര്‍ച്ച് 26 ന് എടുത്ത 344 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം വരാനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News