രാജ്യത്തെ സമ്പന്നരില്‍ നിന്ന് നികുതി ഈടാക്കണമെന്ന് നിര്‍ദേശം; ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ദില്ലി: രാജ്യത്തെ സമ്പന്നരില്‍ നിന്ന് ഉയര്‍ന്ന നികുതി ഈടാക്കണമെന്ന് നിര്‍ദേശിച്ചതിന്റെ പേരില്‍ 3 മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം നല്‍കി. ഇവരെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തി. കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്റേതാണ് നടപടി. 15 ദിവസത്തിനകം മറുപടി നല്‍കാനും നിര്‍ദേശം.

കോവിഡ് പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ആയിരുന്നു 50ഓളം ഐ ആര്‍ എസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം തയ്യാറാക്കിയത്. ഇതിന്റെ പേരിലാണ് ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ആരംഭിച്ചത്. റിപ്പോര്‍ട്ട് തയ്യാറാക്കിയതിന്റെ പേരില്‍ കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് ഇവര്‍ക്കെതിരെ കുറ്റപത്രം നല്‍കി.

3 മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥരുടെ പേരുകളാണ് കുറ്റപത്രത്തില്‍ ഉള്ളത്. മുതിര്‍ന്ന ഐ ആര്‍ എസ് ഉദ്യോഗസ്ഥരായ സഞ്ജയ് ബഹദൂര്‍, പ്രകാശ് ദൂബെ, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ക്ക് എതിരെയാണ് കുറ്റപത്രം. മൂവരും പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ റാങ്കിലുള്ളവരാണ്. ഇവരെ ചുമതലകളില്‍ നിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്.

നികുതി നയത്തില്‍ അവ്യക്തത സൃഷ്ടിച്ചു, അനധികൃതമായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് നികുതി ദായകരെ ഭയപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പ്രകാശ് ദുബെയും സഞ്ജയ് ബഹദൂറും ജൂനിയര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.ഇത് ഐആര്‍എസ് അസോസിയേഷന് നല്‍കി.

ഐആര്‍എസ് അസോസിയേഷന്‍ ഇത് പ്രസിദ്ധീകരിച്ചു.വര്‍ഷങ്ങളുടെ സര്‍വ്വീസുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും ജൂനിയര്‍ ഉദ്യോഗസ്ഥരെ തെറ്റായ പാതയിലേക്ക് നയിച്ചെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖാമൂലമുള്ള മറുപടി നല്‍കാന്‍ മൂവര്‍ക്കും 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

വാര്‍ഷിക വരുമാനം ഒരു കോടി രൂപയ്ക്ക് മുകളിലുള്ളവര്‍ക്ക് ആദായ നികുതി നിരക്ക് 10 ശതമാനം ഉയര്‍ത്തുക, 10 ലക്ഷത്തിന് മുകളില്‍ നികുതി നല്‌കേണ്ടവര്‍ക്ക് ഒരു തവണ നാല് ശതമാനം കോവിഡ് സെസ്, ദരിദ്രര്‍ക്ക് പ്രതിമാസം 5000 രൂപ വരെ നേരിട്ട് കൈമാറുക, ആരോഗ്യമേഖലയിലെ കോര്‍പ്പറേറ്റുകള്‍ക്ക് മൂന്ന് വര്‍ഷത്തെ നികുതി ഇളവ് തുടങ്ങിയ ശുപാര്‍ശകളായിരുന്നു റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here