ബി. ആർ ഷെട്ടിക്കെതിരെ കടുത്ത നടപടികളുമായി യു.എ.ഇ സെൻട്രൽ ബാങ്ക്; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിര്‍ദേശം

യു.എ.ഇ എക്സ്ചേഞ്ച് , എൻ.എം.സി ഹെൽത്ത് സ്ഥാപകൻ ബി. ആർ ഷെട്ടിക്കെതിരെ കടുത്ത നടപടികളുമായി യു.എ.ഇ സെൻട്രൽ ബാങ്ക്. ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ യു.എ.ഇ സെൻട്രൽ ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഷെട്ടിയുടെ കുടുംബാംഗങ്ങൾ, ഉന്നത മാനേജ്മെന്റ് ഉദ്യോഗസ്ഥർ എന്നിവരുടെയൊക്കെ ബാങ്ക് അക്കൗണ്ടുകൾ തൽക്കാലത്തേക്ക് മരവിപ്പിക്കാനും യു.എ.ഇയുടെ സെൻട്രൽ ബാങ്ക് മറ്റുള്ള ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

വിവിധ ബാങ്കുകൾക്ക് ബി.ആർ ഷെട്ടി കൊടുക്കാനുള്ള വലിയ തുകയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ അടിസ്ഥാനത്തിലാണിത്. യു.എ.ഇയിലെ വിവിധ ബാങ്കുകളിലായി എൻ.എം.സിക്ക് അമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്‌ .

അക്കൗണ്ടുകളില്‍ ട്രാൻസ്ഫർ അടക്കമുള്ള ഇടപാടുകൾ ഒന്നും തന്നെ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും യു.എ.ഇ കേന്ദ്ര ബാങ്ക് നല്‍കിയ നിർദേശത്തിലുണ്ട്. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നേരത്തേ എൻ.എം.സി ഹെൽത്ത്കെയർ ലിസ്റ്റുചെയ്തിരുന്നു.

2012-ൽ ഇതുവഴി 187 ദശലക്ഷം ഡോളർ ഏകദേശം 1425 കോടി രൂപയാണ് എൻ.എം.സി. നേടിയത്. കഴിഞ്ഞവർഷം മഡി വാട്ടേഴ്സ് എൻ.എം.സി.ക്ക് എതിരായി ചില ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് ഡോ. ഷെട്ടിയുടെ നില പരുങ്ങലിലായത്.

അധികം വൈകാതെ ഷെട്ടിക്ക് എൻ.എം.സി.യുടെ ചെയർമാൻസ്ഥാനം നഷ്ടമായി. .
ഇതിനിടയിൽ ഷെട്ടി യു എ ഇ യില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങി. എന്നാല്‍ ഷെട്ടിക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കാനാണ് യു.എ.ഇ. സെൻട്രൽ ബാങ്ക് തീരുമാനിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here