മഹാരാഷ്ട്രയില്‍ ലോക്ഡൗണിന്റെ മറവില്‍ നഴ്‌സ്മാരുടെ ശമ്പളം വെട്ടികുറക്കാനുള്ള തീരുമാനത്തിനെതിരെ അസോസിയേഷന്‍

ലോക്ഡൗണിന്റെ മറവില്‍ രോഗികള്‍ കുറവാണെന്ന കാരണം നിരത്തി നഴ്‌സ്മാരുടെ ശമ്പളം വെട്ടികുറക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ മഹാരാഷ്ട്ര പ്രതിഷേധിച്ചു. കൊറോണക്കാലത്ത് മാലാഖയെന്ന വിളിപ്പേരിനപ്പുറം ഇവരെല്ലാം കേഴുന്നത് അല്പം കാരുണ്യത്തിന് വേണ്ടിയാണെന്ന് അസോസിയേഷന്റെ മഹാരാഷ്ട്ര പ്രസിഡന്റ് ഡാര്‍ലിന്‍ ജോര്‍ജ് വ്യക്തമാക്കി.

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ വഞ്ചനാപരമായ തീരുമാനം തൊഴില്‍ നിയമങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയാണെന്ന് സംസ്ഥാന പ്രസിഡന്റ് ഡാര്‍ലിന്‍ ജോര്‍ജ് പറഞ്ഞു. കോവിഡ് രോഗികളോട് ഏറ്റവും അടുത്ത് ഇടപഴകുന്ന നഴ്‌സ്മാര്‍ നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ലെന്നും ഇത്തരം അടിയന്തര ഘട്ടത്തില്‍ പോലും ശമ്പളം വെട്ടിക്കുറക്കുന്ന നടപടിയെ അംഗീകരിക്കാനാകില്ലെന്നും അസോസിയേഷന്‍ അടിവരയിട്ടു.

ഈ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ തൊഴില്‍ മന്ത്രിക്ക് കത്തയച്ചു. ഡാര്‍ലിന്‍ ജോര്‍ജ്, വിപിന്‍ സേവിയര്‍, വിധു മോഹന്‍, അനൂപ് സ്‌കറിയ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് വിഷയം മുന്നോട്ട് വച്ചിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ഇരുന്നൂറിലധികം നഴ്‌സ്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഡല്‍ഹിയില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഞ്ചിലധികം നഴ്‌സ്മാര്‍ക്കാണ് രോഗബാധയുണ്ടായത്.

മഹാരാഷ്ട്രയില്‍ മുംബൈയില്‍ മാത്രം നൂറിലേറെ മലയാളി നേഴ്‌സ്മാര്‍ രോഗബാധിതരായി. ഇതെല്ലം മറുനാട്ടില്‍ കഴിയുന്ന നഴ്‌സ്മാര്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ള ആശങ്ക ചെറുതല്ലെന്നും ഡാര്‍ലിന്‍ ജോര്‍ജ് പറഞ്ഞു. കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി PPE പോലുള്ള സുരക്ഷാ ഉപകരണങ്ങള്‍ പോലും നല്‍കുവാന്‍ പല ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്കളും തയ്യാറാകാത്ത വിവരങ്ങള്‍ ഇതിനകം മാധ്യമങ്ങള്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞതാണ്.

ലോക്ഡൗണിന്റെ മറവില്‍ ആവശ്യത്തിനുള്ള ഭക്ഷണം പോലും നല്‍കാതെയാണ് പല ആശുപത്രികളും കൂടുതല്‍ സമയം ജോലി ചെയ്യിപ്പിക്കുന്നതെന്നും കൂടാതെ കോവിഡ് രോഗലക്ഷണമുള്ള ജീവനക്കാരില്‍ നിന്നും പരിശോധനക്കായി 5000 രൂപയോളം ഈടാക്കിയിരുന്നുവെന്നുമുള്ള പരാതികളും നില നില്‍ക്കുന്നുണ്ടെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നു.

ലോക്ഡൗണ്‍ മൂലം ജോലിക്ക് ഹാജരാകാന്‍ കഴിയാതിരുന്ന നഴ്‌സ്മാരെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന ഭീക്ഷണിയും സ്വകാര്യ ആശുപത്രി അധികൃതരില്‍ നിന്നുണ്ടായി. ഇപ്പോള്‍ രോഗികള്‍ കുറവെന്ന കാരണം നിരത്തിയാണ് ശമ്പളം വെട്ടികുറക്കുമെന്ന ന്യായീകരണവുമായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News