ഇടുക്കിയില്‍ സ്ഥിതി ഗുരുതരം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി എംഎം മണി; ജില്ലാ അതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും അടച്ചു; രോഗബാധിതര്‍ 17; കാത്തിരിക്കുന്നത് 300 ഓളം ടെസ്റ്റ് ഫലങ്ങള്‍

ഇടുക്കി: മൂന്നു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഇടുക്കിയില്‍ സ്ഥിതി ഗുരുതരമാണെന്ന് മന്ത്രി എം എം മണി. ജില്ലയിലെ ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സമ്പര്‍ക്കം വഴിയാണ് കൂടുതല്‍ പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ള ബന്ധങ്ങള്‍ വഴിയാണ് കൂടുതല്‍ കേസുകളും ഉണ്ടായിട്ടുള്ളത്. ഇതു കണക്കിലെടുത്ത് തമിഴ്നാടിനോട് ചേര്‍ന്നുള്ള 28 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

തദ്ദേശസ്ഥാപനങ്ങളും ആരോഗ്യപ്രവര്‍ത്തകരും പൊലീസും ജാഗ്രത പാലിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള നിരവധി പേര്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സാഹചര്യം വിലയിരുത്തി ഇതെല്ലാം നിയന്ത്രിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.

ഹോട്ട്സ്പോട്ടുകളായ പ്രദേശങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും അവശ്യവസ്തുക്കള്‍ സന്നദ്ധപ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. 300 ഓളം ടെസ്റ്റുകളുടെ ഫലമാണ് ഇന്ന് പ്രതീക്ഷിക്കുന്നതെന്നും കളക്ടര്‍ സൂചിപ്പിച്ചു.

ഞായറാഴ്ച നടത്തിയ പരിശോധനയുടെ ഫലമാണ് ലഭിച്ചത്. കൂടുതല്‍ റിസള്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ്. രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവരെയും പരിശോധനയ്ക്ക് വിധേയരാക്കുന്നവരെയും ഉടനടി ക്വാറന്റീന്‍ ചെയ്യും.

പരിശോധനാഫലങ്ങള്‍ വൈകുന്നത് ഒഴിവാക്കും. നിലവില്‍ ഇടുക്കി ജില്ലയിലെ പരിശോധനകള്‍ നടത്തുന്നത് കോട്ടയത്താണ്. കോട്ടയം മെഡിക്കല്‍ കോളജ് കൂടാതെ എറണാകുളത്തും ആലപ്പുഴയിലും ജില്ലയിലെ സ്രവ പരിശോധന നടത്തണമെന്ന് ഉന്നതതലയോഗം തീരുമാനിച്ചു. ഇതുവഴി റിസള്‍ട്ട് ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാകുമെന്ന് കളക്ടര്‍ പറഞ്ഞു.

ഇടുക്കിയില്‍ പുതുതായി മൂന്നുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ തൊടുപുഴ ആശുപത്രിയിലെ നഴ്സാണ്. മറ്റൊരാള്‍ തൊടുപുഴ നഗരസഭ കൗണ്‍സിലറാണ്.

നേരത്തെ കൊവിഡ് ബാധിച്ചയാള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നത് ഇയാളാണ്. അങ്ങനെയാകാം ഇയാള്‍ക്ക് രോഗം പകര്‍ന്നതെന്ന് കളക്ടര്‍ പറഞ്ഞു. രോഗം ബാധിച്ച മൂന്നാമത്തെയാള്‍ തൊടുപുഴ മരിയാപുരം സ്വദേശിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News